പാകിസ്താനെയും അമേരിക്ക വിലക്കിയേക്കും; വിലക്കുന്ന രാഷ്ട്രങ്ങളുടെ പട്ടികയിൽ പാകിസ്താനെയും പരിഗണിക്കുന്നതായി വൈറ്റ്ഹൗസ്; പാകിസ്താനു ഭീകരസ്വഭാവമെന്നു വൈറ്റ്ഹൗസ്

ന്യൂയോർക്ക്: വിലക്ക് ഏർപ്പെടുത്തുന്ന രാഷ്ട്രങ്ങളുടെ പട്ടികയിൽ പാകിസ്താനെയും ഉൾപ്പെടുത്താൻ അമേരിക്ക ആലോചിക്കുന്നു. വൈറ്റ്ഹൗസ് ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്. പാകിസ്താൻ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രമാണെന്നു വൈറ്റ്ഹൗസ് പറയുന്നു. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതു നിർത്തിയില്ലെങ്കിൽ ഭാവിയിൽ പാകിസ്താനെയും വിലക്കുള്ള രാഷ്ട്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുമെന്നു വൈറ്റ്ഹൗസ് വക്താക്കൾ അറിയിച്ചു. നിലവിൽ ഏഴു മുസ്ലിം രാഷ്ട്രങ്ങളിൽ നിന്നുള്ള യാത്രക്കാരെയാണ് വിലക്കിയിട്ടുള്ളത്.

അപകടകരമായ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളെയാണ് ഇപ്പോൾ വിലക്കിയിട്ടുള്ളതെന്നു അമേരിക്ക വ്യക്തമാക്കി. അതുകൊണ്ടു തന്നെ വിലക്കിയ നടപടിയിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് അമേരിക്ക. മാത്രമല്ല, ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന നിലപാട് തുടർന്നാൽ ഭാവിയിൽ മറ്റു രാഷ്ട്രങ്ങൾക്കെതിരെയും വിലക്ക് ഏർപ്പെടുത്തും. സമാനസ്വഭാവമുള്ള പാകിസ്താൻ അടക്കമുള്ള രാഷ്ട്രങ്ങൾ വിലക്കിന്റെ പരിധിയിൽ വരുമെന്നാണ് വൈറ്റ്ഹൗസ് പറഞ്ഞത്. ആദ്യമായാണ് ട്രംപ് ഭരണകൂടം പാകിസ്താനെയും ഉൾപ്പെടുത്തുമെന്ന തരത്തിൽ പരസ്യപ്രസ്താവന നടത്തുന്നത്.

അതേസമയം, വിലക്കിയ നടപടിയിൽ നിന്നു പിന്നോട്ടില്ലെന്നു അമേരിക്ക വ്യക്തമാക്കി. മുസ്ലിംകൾക്കെതിരായ വിലക്കല്ല ഇതെന്നു ട്രംപ് ഭരണകൂടം വ്യക്തമാക്കി. വിലക്കിയ രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്ക് കൂടുതൽ കർശനമായ നിരീക്ഷണങ്ങൾക്കു ശേഷം വീസ അനുവദിക്കുമെന്നും ട്രംപ് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇറാഖ്, സിറിയ, ഇറാൻ, സുഡാൻ, ലിബിയ, സൊമാലിയ, യെമൻ എന്നീ രാഷ്ട്രങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് ഇപ്പോൾ വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്.

മുസ്ലിങ്ങളെ അമേരിക്കയിലേക്കു വരുന്നതിൽ നിന്നു വിലക്കിയ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനു ഇന്നലെ ഫെഡറൽ കോടതിയിൽ ഭാഗിക തിരിച്ചടിയേറ്റിരുന്നു. നിലവിൽ വീസയുമായി യുഎസിൽ എത്തിയവർക്ക് രാജ്യത്തു തന്നെ തുടരാമെന്നു ഫെഡറൽ കോടതി വിധിച്ചിരുന്നു. ബ്രൂക്ക്‌ലിൻ ഫെഡറൽ ജഡ്ജ് ആണ് ഉത്തരവിനു അടിയന്തരമായി ഭാഗിക സ്റ്റേ ഏർപ്പെടുത്തിയത്. അഭയാർഥികളായി അംഗീകരിച്ചവർക്കും സാധുവായ വീസയുള്ളവർക്കുമാണ് ഉത്തരവിന്റെ ആനുകൂല്യം ലഭിക്കുക.

വിലക്കിയ മുസ്ലിം രാഷ്ട്രങ്ങളിൽ നിന്നുള്ള യാത്രക്കാരെ ശനിയാഴ്ച വിമാനത്താവളത്തിൽ തടഞ്ഞത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. വെള്ളിയാഴ്ച അർധരാത്രിയാണ് അഭയാർഥികളെ തടഞ്ഞുകൊണ്ടുള്ള ഉത്തരവിൽ ട്രംപ് ഒപ്പിട്ടത്. തുടർന്ന് ബ്രൂക്ക്‌ലിൻ, ബോസ്റ്റൺ തുടങ്ങി വിവിധ വിമാനത്താവളങ്ങളിലായി നൂറിലധികം യാത്രക്കാരെയാണ് തടഞ്ഞത്. ഇതോടെ വിമാനത്താവളങ്ങളിൽ വൻതോതിലുള്ള പ്രതിഷേധവും ഉയർന്നു. വർഷങ്ങളായി അമേരിക്കയിൽ സ്ഥിരതാമസമാക്കിയ അന്യനാട്ടുകാരെ പോലും ഉത്തരവ് വന്നതിന് പിന്നാലെ വിമാനത്താവളങ്ങളിൽ തടഞ്ഞിരുന്നു. സാധുവായ വിസയുണ്ടായിട്ടും തങ്ങളെ തടഞ്ഞ് ചോദ്യംചെയ്തതിനെതിരെ വിമാനത്താവളങ്ങളിൽ വൻ പ്രതിഷേധവുമുണ്ടായി.

ഭീകരതയെ നേരിടാനുള്ള ചില രാജ്യങ്ങൾക്കാണ് വീസാവിലക്കെന്നാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവിൽ പറയുന്നത്. യുഎസ് അഭയാർഥി പ്രവേശന പദ്ധതിയും റദ്ദാക്കിയിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. അതിനിടെയാണ് കോടതി ഉത്തരവ്.
ട്രംപിന്റെ ഉത്തരവിന്റെ സാധുത ചോദ്യം ചെയ്തു തിങ്കളാഴ്ച കോടതിയെ സമീപിക്കുമെന്ന് ദ് കൗൺസിൽ ഓൺ അമേരിക്കൻ ഇസ്ലാമിക് റിലേഷൻസ് പ്രസ്താവിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here