കാനഡയിൽ മുസ്ലിം പള്ളിക്കു നേരെ ഭീകരാക്രമണം; അഞ്ചു പേർ കൊല്ലപ്പെട്ടു; നിരവധി ആളുകൾക്കു പരുക്ക്

ക്യുബെക് സിറ്റി: കാനഡയിൽ മുസ്ലിം പള്ളിക്കു നേരെ തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്ക്. പള്ളിയിൽ സായാഹ്ന പ്രാർത്ഥനയ്ക്കായി ഒത്തുകൂടിയവർക്കു നേരെയാണ് ആക്രമണം ഉണ്ടായത്. മൂന്നു പേരടങ്ങിയ സംഘമാണ് ആക്രമണം നടത്തിയത്. സംഭവം നടക്കുമ്പോൾ 40 പേർ പള്ളിയിലുണ്ടായിരുന്നതായി പള്ളിയുടെ പ്രസിഡന്റ് പറഞ്ഞു.

പ്രാദേശിക സമയം ഞായറാഴ്ച വൈകുന്നേരമാണ് സംഭവം ഉണ്ടായത്. ക്യുബെക് സിറ്റിയിൽ സ്ഥിതി ചെയ്യുന്ന ഇസ്ലാമിക് കൾച്ചറൽ സെന്ററിലാണ് ആക്രമണം ഉണ്ടായത്. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭിച്ചു വരുന്നു.

ഇന്നലെ അമേരിക്കയുടെ മുസ്ലിം വിലക്കിനെതിരെ രംഗത്തെത്തിയ കാനഡ, അഭയാർത്ഥികളെ കാനഡയിലേക്കു സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആണ് പ്രസ്താവന ഇറക്കിയത്. ഏതു മതവിശ്വാസിയാണെങ്കിലും വ്യത്യസ്ഥതയാണ് തങ്ങളുടെ രാജ്യത്തിന്റെ ശക്തിയെന്ന് ജസ്റ്റിൻ ട്വിറ്ററിൽ പറഞ്ഞു. അഭയാർഥികളെ ജാതിയോ, മതമോ, വിശ്വാസമോ, വംശമോ കണക്കിലെടുക്കാതെ സ്വീകരിക്കാൻ തങ്ങൾ തയ്യാറാണെന്നും ജസ്റ്റിൻ വ്യക്തമാക്കിയിരുന്നു.

‘യുദ്ധത്തിലോ അക്രമത്തിലോ തീവ്രവാദത്തിലോ പീഡിപ്പിക്കപ്പെടുന്നവരോട് മതത്തിന്റെ പേരിൽ വിവേചനം കാണിക്കാൻ കാനഡ തയാറല്ല. ഏതു മതവിശ്വാസിയാണെങ്കിലും കനേഡിയൻ ജനത നിങ്ങളെ സ്വാഗതം ചെയ്യുന്നു. നാനാത്വമാണ് ഞങ്ങളുടെ കരുത്ത്. ഏവർക്കും കാനഡയിലേക്ക് സ്വാഗതം’.ജസ്റ്റിൻ പറയുന്നു.

വ്യത്യസ്ഥത ഞങ്ങളുടെ ശക്തിയാണ്, കാനഡയിലേക്ക് സ്വാഗതംഎന്ന ഹാഷ് ടാഗിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറയുന്നത്. 2015ൽ ടൊറന്റോയിൽ സിറിയൻ കുട്ടിയെ സ്വാഗതം ചെയ്യുന്ന തന്റെ ചിത്രവും ട്രൂഡോ പോസ്റ്റ് ചെയ്തിരുന്നു.

കാനഡയുടെ നിലപാടിന് വലിയ ജനപിന്തുണയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിക്കുന്നത്. സിറിയ, ഇറാഖ്, ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, യെമൻ എന്നീ മുസ്ലീം രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് അമേരിക്ക വിലക്കേർപ്പെടുത്തിയത്. എന്നാൽ അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ നൽകിയ ഹർജിയിൽ ട്രംപിന്റെ നടപടി ഫെഡറൽ കോടതി താത്കാലിക സ്റ്റേ നൽകിയിരുന്നു. ട്രംപിന്റെ നടപടികൾക്കെതിരെ രംഗത്തെത്തിയ ഇറാൻ, യുഎസ് പൗരൻമാരെ തങ്ങളുടെ രാജ്യത്തേക്ക് പ്രവേശിപ്പിക്കില്ലെന്നും അറിയിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like