ഗാന്ധി രക്തസാക്ഷിത്വ ദിനം

ഇന്ത്യയുടെ രാഷ്ട്രപിതാവ് മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ഇന്ന്. 1948 ജനുവരി 30 വെള്ളിയാഴ്ചയാണ് മഹാത്മാ ഗാന്ധി കൊല്ലപ്പെട്ടത്. ദില്ലിയിലെ ബിർള ഹൗസിനു മുന്നിലെ മൈതാനത്ത് പ്രാർത്ഥനക്കെത്തിയവർക്കും അനുയായികൾക്കുമിടയിൽ വെച്ച് കൈയ്യെത്തും ദൂരത്തു നിന്നു നാഥുറാം വിനായക് ഗോഡ്‌സേ വെടിയുതിർക്കുകയായിരുന്നു.

സാധാരണയായി വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന പ്രാർത്ഥനായോഗം വല്ലഭായി പട്ടേലുമായുള്ള അഭിമുഖ സംഭാഷണത്താൽ അന്നു വൈകിയിരുന്നു. 5 മണി കഴിഞ്ഞ് 10 മിനിറ്റ് ആയപ്പോഴാണ് അദ്ദേഹത്തിന്റെ ഊന്നുവടികളെന്ന് അറിയപ്പെട്ടിരുന്ന മനുവും ആഭയും സമയത്തെക്കുറിച്ച് ഓർമ്മിപ്പിച്ചത്. ഉടൻതന്നെ സംഭാഷണം നിർത്തി ഗാന്ധിജി പ്രാർത്ഥനയ്ക്കായി പുറപ്പെട്ടു. പ്രാർത്ഥനയ്ക്കായി അനുയായികൾ കാത്തിരിക്കുന്ന പ്രാർത്ഥനാമൈതാനത്തിന് നടുവിലൂടെ നടന്ന് വേദിയിലേയ്ക്ക് പോകുവാൻ ഗാന്ധിജി തീരുമാനിച്ചു.

ഈ സമയം ജനങ്ങൾക്കിടയിൽ നിന്നിരുന്ന ഗോഡ്‌സേ പോക്കറ്റിൽ കരുതിയിരുന്ന ബെറെറ്റ പിസ്റ്റൾ ഇരുകൈയ്യുകൾക്കുള്ളിലാക്കി ഗാന്ധിജിയെ വന്ദിച്ചു പറഞ്ഞു: ‘നമസ്‌തേ ഗാന്ധിജി’. ഗാന്ധിജിയുടെ പാദം ചുംബിക്കുവാൻ അയാൾ തുടങ്ങുകയാണെന്ന് വിചാരിച്ച് മനു ഗോഡ്‌സേയെ വിലക്കി. എന്നാൽ ഇടത് കൈകൊണ്ട് മനുവിനെ ശക്തിയായി തള്ളിമാറ്റി വലതുകൈയ്യിലിരുന്ന പിസ്റ്റൾ കൊണ്ട് ഗോഡ്‌സേ മൂന്ന് തവണ വെടിയുതിർത്തു. ഗാന്ധിജിയുടെ നെഞ്ചിൽ തന്നെ മൂന്ന് വെടികളും തുളച്ചുകയറി. ‘ഹേ റാം, ഹേ റാം’ എന്ന് ഉച്ചരിച്ച് കൈകൂപ്പിക്കൊണ്ട് അദ്ദേഹം നിലത്ത് വീണു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News