പൊലീസ് ക്വാര്‍ട്ടേഴ്‌സിന്റെ ചുവരില്‍ മൂത്രമൊഴിച്ചെന്ന് ആരോപിച്ച് പൊലീസുകാര്‍ പ്ലസ്ടു വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ചു; ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വലിച്ച് റോഡിലിട്ട് തല്ലി; കൈത്തരിപ്പ് തീര്‍ത്തതാണെന്ന് പൊലീസുകാരന്‍

കണ്ണൂര്‍: പൊലീസ് ക്വാര്‍ട്ടേഴ്‌സിന്റെ മതിലില്‍ മൂത്രമൊഴിച്ചെന്ന് ആരോപിച്ച് പ്ലസ്ടു വിദ്യാര്‍ഥിയെയും സഹോദരനെയും പൊലീസുകാര്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. തിരൂര്‍ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയും തിരൂര്‍ മുത്തൂര്‍ സ്വദേശിയുമായ അതുല്‍ ജിത്ത് (17), മാതൃസഹോദരീ പുത്രന്‍ അഭിലാഷ് (26) എന്നിവരെയാണ് പൊലീസുകാര്‍ മര്‍ദിച്ചത്. സംസ്ഥാന സ്‌കൂള്‍ കലോത്സവം കഴിഞ്ഞ് മടങ്ങവെ ജനുവരി 22നായിരുന്നു സംഭവം.

കണ്ണുര്‍ റെയില്‍വേ സ്റ്റേഷന്റെ സമീപത്തെ പൊലീസ് സൊസൈറ്റി ഹാളിന്റെ താഴത്തെ നിലയിലുള്ള ഗേറ്റ് വേ ഹോട്ടലിന് മുന്നിലാണ് സംഭവം. കലോത്സവം കഴിഞ്ഞ മടങ്ങുന്നതിന് മുന്‍പ് ഭക്ഷണംകഴിക്കാന്‍ കയറിയതായിരുന്നു വിദ്യാര്‍ഥികളും അധ്യാപകരുമടങ്ങിയ സംഘം. ഇതിനിടെ അതുല്‍ ജിത്തും അഭിലാഷും പൊലീസ് ക്വാര്‍ട്ടേഴ്‌സാണെന്ന് അറിയാതെ തൊട്ടു മുന്നിലെ മതിലിനരികെ മൂത്രമൊഴിച്ചു. അപ്പോള്‍, ക്വാര്‍ട്ടേഴ്‌സിന്റെ രണ്ടാം നിലയില്‍നിന്ന് ഒരു സ്ത്രീ അവരെ ശകാരിക്കുകയും നിങ്ങളെ കാണിച്ചുതരാമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. മൂത്രമെഴിച്ച ശേഷം വിദ്യാര്‍ഥികള്‍ ഹോട്ടലില്‍ ചായ കുടിക്കാനിരിക്കുമ്പോഴാണ് നാലു പൊലീസുകാര്‍ സിനിമാ സ്റ്റൈലില്‍ ചാടിയിറങ്ങി ഹോട്ടലിലേക്ക് കയറി വന്നത്.

നേരത്തെ വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തിയ സ്ത്രീ ഭക്ഷണംകഴിച്ചുകൊണ്ടിരുന്ന ഇരുവരെയും ചൂണ്ടിക്കാണിച്ചതോടെ പൊലീസുകാര്‍ വിദ്യാര്‍ഥികളെ വലിച്ച് റോഡിലിട്ട് തല്ലുകയായിരുന്നു. റോഡില്‍ കുഴഞ്ഞുവീണ അതുല്‍ ജിത്തിനെ വിവരമറിഞ്ഞെത്തിയ ജെയിംസ് മാത്യു എംഎല്‍എയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷുമാണ് എകെജി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. വിവരമറിഞ്ഞ് മന്ത്രി കെ.ടി ജലീലും ആശുപത്രിയിലെത്തി.

മര്‍ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ അതുല്‍ ഇപ്പോഴും ചികിത്സയിലാണ്. പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അതുലിന്റെ അച്ഛന്‍ വിജയന്‍ മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കും പരാതി നല്‍കി. ഇതിനിടെ പരാതി കൊടുക്കരുതെന്ന് ആവശ്യപ്പെട്ട് ഭീഷണിമുഴക്കിയ സ്ത്രീയും ആശുപത്രിയിലെത്തി. എന്നാല്‍ പരാതിയുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് ഇവരുടെ തീരുമാനം.

ഇതിനിടെ പൊലീസുകാരെ ന്യായീകരിച്ച് സഹപ്രവര്‍ത്തകരും രംഗത്തെത്തി. പരിശീലനം കഴിഞ്ഞു പുതിയതായിട്ടു വന്നതല്ലേ, കൈത്തരിപ്പ് തീര്‍ത്തതായിരിക്കാം, നിങ്ങളത്ര കാര്യമായിട്ട് എടുക്കേണ്ടെന്നാണ് വിദ്യാര്‍ഥികളോട് പൊലീസുകാര്‍ പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here