‘ഇനി ആവര്‍ത്തിച്ചാല്‍ കൊന്നുകളയും’; കൊലപാതക രാഷ്ട്രീയത്തിനെതിരെ പ്രതികരിച്ച സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് വധഭീഷണി

തിരുവനന്തപുരം: കൊലപാതക രാഷ്ട്രീയത്തിനെതിരെ പ്രതികരിച്ച സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് വധഭീഷണി. ഗുരുവായൂര്‍ തൊഴിയൂര്‍ സ്വദേശിനി സ്‌നേഹ ബഷീറിനെയാണ് കഴിഞ്ഞദിവസം കാറിലെത്തിയ ഒരുസംഘമാളുകള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ സ്‌നേഹ, ഞായറാഴ്ച ട്യൂഷന്‍ കഴിഞ്ഞ് മടങ്ങുമ്പോഴാണ് സംഭവം.

നീയല്ലേ, കൊലപാതക രാഷ്ട്രീയത്തിനെതിരെ ഫേസ്ബുക്കിലൂടെ പ്രതികരിച്ച സ്‌നേഹ എന്ന് ചോദിച്ചെന്നും ഇനി ആവര്‍ത്തിച്ചാല്‍ കൊന്നുകളയും എന്ന്് പറഞ്ഞായിരുന്നു സംഘത്തിന്റെ ഭീഷണി. തുടര്‍ന്ന് സംഘം മടങ്ങുകയും ചെയ്തു. സംഭവത്തില്‍ സ്‌നേഹയുടെ പിതാവ് ബഷീര്‍ ഗുരുവായൂര്‍ പൊലീസില്‍ പരാതി നല്‍കി.

കഴിഞ്ഞ ഒക്ടോബറില്‍ ചോരയുടെ മണമുള്ള ഹര്‍ത്താല്‍ എന്ന വീഡിയോയിലൂടെയാണ് സ്‌നേഹ ഹര്‍ത്താലിനെതിരെയും കൊലപാതകരാഷ്ട്രീയത്തിനെതിരെയും സംസാരിച്ചത്. പോസ്റ്റ് ചെയ്ത് 24 മണിക്കൂറിനകം 20 ലക്ഷത്തിലധികം പേര്‍ വീഡിയോ കണ്ടിരുന്നു. ബഷീറിന്റെ ലോകം എന്ന ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് സ്‌നേഹ വീഡിയോ പുറത്തുവിട്ടത്.

വീഡിയോയില്‍ സ്‌നേഹ പറഞ്ഞത് ഇങ്ങനെ:

പ്രിയപ്പെട്ട സുഹൃത്തുക്കളെ, ഞാന്‍ സ്‌നേഹ ബഷീര്‍
വീണ്ടും ഹര്‍ത്താലുകള്‍, ചോരയുടെ മണമുള്ള ഹര്‍ത്താലുകള്‍, നീ പിടിഞ്ഞു മരിച്ചത് ആര്‍ക്കുവേണ്ടി? മരിച്ചവരോട് പറഞ്ഞിട്ട് കാര്യമില്ല. ഇനി മരിക്കാന്‍ പോകുന്നവരെ ഇതാ ഒരു നിമിഷം. നിരവധി രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച നാടാണ് നമ്മുടെ കേരളം. രാഷ്ട്രീയം എന്നുള്ളത് രാഷ്ട്ര നന്‍മക്കുള്ളതാണ്. എന്നാല്‍ ഇന്ന് അതൊരു പഴഞ്ചൊല്ലായി മാറിയിരിക്കുന്നു.

സുഹൃത്തേ നീ ഏത് പതാകയ്ക്ക് വേണ്ടി പിടഞ്ഞുമരിച്ചാലും നഷ്ടം നിനക്ക് മാത്രം. പാര്‍ട്ടി പതാകയില്‍ പൊതിഞ്ഞ നിന്റെ മൃതദേഹം ഒരു പൊതുദര്‍ശനത്തിന് വെക്കും. ആയിരങ്ങള്‍ നിന്നെ ചുറ്റിക്കറങ്ങി പടിയിറങ്ങും. നിന്റെ നേതാക്കന്‍മാര്‍ ഒരുനിമിഷം നിന്റെ മൃതദേഹത്തിന് മുന്നില്‍ തലകുനിക്കും. നിരവധിയാളുകള്‍ വിലാപയാത്രയായി ചിതയിലേക്കോ പള്ളി മൈതാനിയിലേക്കോ സെമിത്തേരിയിലേക്കോ കൊണ്ടുപോയി നിനക്ക് അവസാന യാത്ര നല്‍കും. പിന്നെയൊരു അനുശോചന യോഗം.

ആ യോഗത്തില്‍ നിന്റെ നേതാക്കന്‍മാര്‍ നിനക്ക് മുമ്പ് കൊല്ലപ്പെട്ടവന് വേണ്ടി എഴുതി തയ്യാറാക്കിയ അതേവരികള്‍ ഉച്ചഭാഷിണിയിലൂടെ വിളമ്പും. നീ പാര്‍ട്ടിയ്ക്ക് ഒരു രക്തസാക്ഷി. അവര്‍ക്ക് വേണ്ടതും അതുതന്നെ. ദിവസങ്ങള്‍ കഴിയുമ്പോള്‍ നീയും ആറടി മണ്ണില്‍ അലിഞ്ഞുചേരും. നിന്റെ നേതാവും നിന്റെ വയറ്റില്‍ കഠാര കയറ്റിയ എതിര്‍പാര്‍ട്ടിയുടെ നേതാവും ഒരേവേദിയില്‍ കെട്ടിപിടിച്ചും മുത്തം കൊടുത്തും പൊട്ടിചിരിച്ചും ജനനായകന്‍മാരായി ഇരിക്കുന്ന മനോഹരമായ കാഴ്ച്ച. ഇവിടെ നിയോ,നിന്റെ ഓര്‍മ്മയോ ഇല്ല മോനെ. ചിന്ത ഇവിടെ ഉദിക്കട്ടെ. ആര്‍ക്ക് വേണ്ടി എന്തിനുവേണ്ടി.

നിന്റെ അച്ഛന്‍, അമ്മ, ഉപ്പ, മക്കള്‍ ഇവര്‍ക്ക് മാത്രമാണ് നീ നഷ്ടമാകുന്നത്. ഇവര്‍ക്ക് നിനക്ക് പകരമായി നിന്റെ പാര്‍ട്ടിക്കാര്‍ എന്തുകൊടുക്കും? നിന്റെ പേരില്‍ ആരെങ്കിലും ചെയ്‌തൊരു സ്മാരകമോ അതോ നിന്റെ പേരിലുള്ളൊരു ബാനറോ..ഒരുകാര്യം കൂടി ആഴത്തില്‍ ചിന്തിച്ചോളൂ… ിന്നെ നൊന്തു പ്രസവിച്ച മാതാവ്.. നിന്റെ ബീജത്തില്‍ പിറന്നുവീണ മക്കള്‍.. ഇവര്‍ക്ക് ഒരായുഷ്‌ക്കാലം മുഴുവന്‍ നിന്നെയോര്‍ത്തുള്ള കണ്ണീര്‍തുള്ളികള്‍ ചുടുരക്തമായി ഈ ഭൂമിയില്‍ ഉറ്റിയിറ്റി വീണുകൊണ്ടിരിക്കും. വേണ്ട..വേണ്ട.. അരുത് നേതാക്കന്‍മാര്‍ക്ക് വേണ്ടി നീ ജിവന്‍ ബലിയര്‍പ്പിക്കരുത്.. കത്തികൊണ്ടും കൊടുവാള്‍ കൊണ്ടും കഠാര കൊണ്ടുമുള്ള രാഷ്ട്രീയത്തോട് ഗുഡ്‌ബൈ പറഞ്ഞേക്കൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News