സരിതയും ശ്രീധരൻ നായരും ഒന്നിച്ച് തന്നെ കണ്ടിട്ടില്ലെന്നു ഉമ്മൻചാണ്ടി; എഡിജിപി ഹേമചന്ദ്രന്റെ സ്ഥാനക്കയറ്റം കേസിൽ നിന്നൊഴിവാക്കിയതിനു പ്രത്യുപകാരമല്ല

കൊച്ചി: സരിതയും മല്ലേലിൽ ശ്രീധരൻ നായരും ഒന്നിച്ച് തന്നെ കാണാൻ വന്നിട്ടില്ലെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഈ ദിവസം ശ്രീധരൻ നായർ ഒറ്റയ്ക്ക് തന്നെ കാണാൻ വന്നിരുന്നു. താൻ പറഞ്ഞതിനാലാണ് കബളിപ്പിക്കപ്പെട്ടതെങ്കിൽ ശ്രീധരൻ നായർ തന്നോടായിരുന്നു അക്കാര്യം ആദ്യം പറയേണ്ടത്. എന്നാൽ, ഇതുവരെ അങ്ങനെ ഉണ്ടായിട്ടില്ല. ശ്രീധരൻ നായരുടെ മൊഴി പത്രത്തിൽ വായിച്ചാണ് താൻ അറിഞ്ഞതെന്നും ഉമ്മൻചാണ്ടി പറഞ്ഞു. സോളാർ കമ്മീഷനിലാണ് ഉമ്മൻചാണ്ടി മൊഴി നൽകിയത്.

സ്റ്റേറ്റ് എൻവയേൺമെന്റൽ ഇംപാക്ട് അതോറിട്ടി ചെയർമാൻ കെപി ജോയി ശ്രീധരൻ നായരെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയ വിവരം അറിഞ്ഞപ്പോൾ താൻ ജോയിയെ വിളിച്ചിരുന്നു. അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് ജോയി തന്നോടു പറഞ്ഞത്. സോളാറുമായി ബന്ധപ്പെട്ട മുഴുവൻ കേസും നിഷ്പക്ഷവും നീതിപൂർവവുമായി അന്വേഷിക്കാനാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. അന്വേഷണത്തിന്റെ ഉത്തരവാദിത്തം ഡിജിപിക്കാണ് നൽകിയിരുന്നത്. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിൽ സർക്കാർ ഇടപെട്ടിട്ടില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

2016-ൽ എഡിജിപി ഹേമചന്ദ്രനൊപ്പം മറ്റു നാലു പേർക്ക് കൂടി സ്ഥാനക്കയറ്റം നൽകിയിട്ടുണ്ട്. ഇതിനെ സിഎജി എതിർത്തത് പതിവ് സംഭവമാണ്. മല്ലേലിൽ ശ്രീധരൻ നായരുടെ കേസിൽ നിന്ന് ഒഴിവാക്കിയതിനുള്ള പ്രത്യുപകാരമല്ല സ്ഥാനക്കയറ്റം എന്നും ഉമ്മൻചാണ്ടി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here