ലോ അക്കാദമിയിലെ അധിക ഭൂമി പിടിച്ചെടുക്കണമെന്ന് വീണ്ടും വിഎസ്; സമരം വിദ്യാര്‍ഥി പ്രശ്‌നം മാത്രമല്ല, പൊതുപ്രശ്‌നമാണ്; സമരം നീതിക്ക് വേണ്ടിയെന്ന് കാനം

തിരുവനന്തപുരം: ലോ അക്കാദമിയിലെ അധിക ഭൂമി സര്‍ക്കാര്‍ പിടിച്ചെടുക്കണമെന്ന് ഭരണപരിഷ്‌കാര കമീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. അക്കാദമിയില്‍ നടക്കുന്ന സമരം വിദ്യാര്‍ഥി പ്രശ്‌നം മാത്രമല്ലെന്നും പൊതുപ്രശ്‌നം കൂടിയാണെന്നും വിഎസ് പറഞ്ഞു. അധികാര ശക്തികളെ നിയന്ത്രിക്കേണ്ടവര്‍ അവര്‍ക്ക് കീഴടങ്ങിയാല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാവില്ലെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.

ലോ അക്കാദമി അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുന്ന ഭൂമി സര്‍ക്കാര്‍ പിടിച്ചെടുക്കണമെന്നും ആവശ്യത്തിലധികം ഭൂമി ലോ അക്കാദമിയുടെ പക്കലുണ്ടെന്നും കഴിഞ്ഞദിവസം വിഎസ് പറഞ്ഞിരുന്നു. വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ ന്യായമാണെന്നും അദേഹം പറഞ്ഞു.

വിദ്യാര്‍ഥികളുടെ സമരം നീതിക്ക് വേണ്ടിയാണെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. വിദ്യാര്‍ഥി സമരം 48 മണിക്കൂറിനകം ഒത്തുതീര്‍പ്പാക്കണം അല്ലെങ്കില്‍ വ്യാഴാഴ്ച മുതല്‍ താന്‍ നിരാഹാര സമരം തുടങ്ങുമെന്നും കെ.മുരളീധരന്‍ പറഞ്ഞു. ലക്ഷ്മി നായരെ അറസ്റ്റു ചെയ്യണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

അതേസമയം, ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ടുള്ള വിദ്യാര്‍ഥി സമരം ശക്തിപ്പെടുകയാണ്. എസ്എഫ്‌ഐ, കെഎസ്‌യു, എഐഎസ്എഫ്, എംഎസ്എഫ് അടക്കമുള്ള വിദ്യാര്‍ത്ഥിസംഘടനകളാണ് കോളജിന് മുന്നില്‍ കുടില്‍കെട്ടി സമരം ചെയ്യുന്നത്

ഇതിനിടെ, വിദ്യാര്‍ഥികളെ ജാതീയമായി അധിക്ഷേപിച്ചെന്ന പരാതിയില്‍ ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ല വകുപ്പ് പ്രകാരം പേരൂര്‍ക്കട പൊലീസാണ് ലക്ഷ്മിക്കെതിരെ കേസെടുത്തത്. ദളിത് വിദ്യാര്‍ഥികളുടെ പരാതിയിലാണ് പൊലീസ് നടപടി. ദളിത് പീഡനം, ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമീഷണര്‍ കെ.ഇ ബൈജുവിനാണ് അന്വേഷണ ചുമതല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here