തിരുവനന്തപുരം: ലോ അക്കാദമിയിൽ നടക്കുന്ന സമരങ്ങൾക്ക് 48 മണിക്കൂറിനകം പരിഹാരം കണ്ടില്ലെങ്കിൽ നിരാഹാരം ആരംഭിക്കുമെന്നു കെ.മുരളീധരൻ എംഎൽഎ. എത്രയും വേഗം പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടില്ലെങ്കിൽ അനിശ്ചിതകാല നിരാഹാരം ആരംഭിക്കുമെന്നാണ് മുരളീധരൻ പറഞ്ഞത്. വ്യാഴാഴ്ച മുതൽ നിരാഹാരം ഇരിക്കുമെന്നും മുരളീധരൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അതേസമയം, ധാർമികതയുണ്ടെങ്കിൽ ലക്ഷ്മി നായർ രാജിവയ്ക്കണമെന്നു വിഎം സുധീരൻ അറിയിച്ചു.
ലോ അക്കാദമി വിഷയത്തിൽ ആദ്യമായാണ് മുരളീധരൻ നിലപാട് വ്യക്തമാക്കുന്നത്. അതേസമയം, വിഷയത്തിൽ സർക്കാരിനെ വിമർശിക്കുകയാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചെയ്തത്. സർക്കാർ നയം തിരുത്തണമെന്നും സമരം ചെയ്യുന്ന വിദ്യാർഥികളുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കാൻ തയ്യാറാകണമെന്നും ചെന്നിത്തല പറഞ്ഞു.
ധാർമികതയുണ്ടെങ്കിൽ ലക്ഷ്മി നായർ ലോ അക്കാദമി പ്രിൻസിപ്പൽ സ്ഥാനം രാജിവെക്കണമെന്ന് കെപിസിസി അധ്യക്ഷൻ വിഎം സുധീരനും പറഞ്ഞു. സിൻഡിക്കേറ്റ് അവിശ്വാസം രേഖപ്പെടുത്തിയ പ്രിൻസിപ്പൽ തുടരുന്നത് ശരിയല്ല. വിദ്യാർത്ഥി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന എല്ലാ സ്വാശ്രയ കോളജുകൾക്കും മൂക്കുകയറിടാൻ സർക്കാർ തയ്യാറാകണമെന്നും സുധീരൻ പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.