ട്രംപിനെ ‘വെടിവച്ച’ ഇന്ത്യന്‍ അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍; സോഷ്യല്‍മീഡിയയില്‍ താരമായി ഈ ‘മോദി’

ടെക്‌സസ്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇസ്ലാം വിരുദ്ധ നിലപാടുകള്‍ക്കുമെതിരെ പ്രതികരിച്ച ഇന്ത്യന്‍ അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍. ഡാലസിലെ ആഡംസ്റ്റണ്‍ ഹൈസ്‌കൂളിലെ കലാഅധ്യാപികയായ പായല്‍ മോദിയെയാണ് സ്‌കൂള്‍ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തത്.

ട്രംപ് സ്ഥാനമേല്‍ക്കുന്നതിന്റെ വീഡിയോ ക്ലാസ് മുറിയില്‍ പ്രദര്‍ശിപ്പിക്കുന്നതിനിടെയാണ് പായല്‍ മോദി പ്രതികരിച്ചത്. ട്രംപ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ വാട്ടര്‍ ഗണ്ണില്‍ വെള്ളം ചീറ്റിച്ചാണ് പായല്‍ തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. പോയി മരിക്കൂ എന്ന് പറഞ്ഞുകൊണ്ട് വെള്ളം ചീറ്റിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്നാണ് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ പായലിനോട് ആവശ്യപ്പെട്ടത്.

വിദ്യാര്‍ഥികളുടെ മുന്നില്‍ വച്ച് പായല്‍ ചെയ്തത് അധ്യാപികയുടെ മാന്യതക്ക് നിരക്കുന്നതല്ലെന്നാണ് മാനേജ്‌മെന്റ് വിശദീകരണം. അതേസമയം, പായലിന് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. പായല്‍ ചെയ്തതില്‍ തെറ്റൊന്നുമില്ലെന്നും പ്രതിഷേധം അറിയിക്കാന്‍ ഏതൊരു വ്യക്തിക്കും അവകാശമുണ്ടെന്നും സോഷ്യല്‍മീഡിയ അഭിപ്രായപ്പെടുന്നു. ജനുവരി 20ന് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ ലക്ഷക്കണക്കിനാളുകളാണ് കണ്ടത്.

അതേസമയം, വിവാദ വിലക്ക് പട്ടികയില്‍ പാകിസ്ഥാനെയും അഫ്ഗാനിസ്ഥാനെയും ഉള്‍പ്പെടുത്താനുള്ള നീക്കവുമായി വൈറ്റ് ഹൗസ് നീങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാനില്‍ ഭീകരവാദം നടക്കുന്നുവെന്ന കാര്യം എല്ലാവര്‍ക്കും അറിയുന്നതാണെന്ന് വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് റെയിന്‍സ് പ്രിബസ് വ്യക്തമാക്കി. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ കുടിയേറ്റത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ ഉത്തരവ് മുസ്ലീം വിലക്ക് അല്ലെന്ന വാദവുമായി ട്രംപ് രംഗത്തെത്തി. ഏഴു മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മാത്രമേ തന്റെ ഉത്തരവ് പ്രശ്‌നം സൃഷ്ടിക്കുന്നുള്ളൂവെന്നും നാല്‍പതില്‍ അധികം മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങള്‍ക്ക് വിലക്ക് ബാധകമല്ലെന്നും ട്രംപ് ന്യായീകരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News