ലോ അക്കാദമിയുടെ അധിക ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണം; റവന്യു മന്ത്രിക്ക് വിഎസിന്റെ കത്ത്; ഭൂമിയുടെ വിനിയോഗത്തെ സംബന്ധിച്ച് കര്‍ശന പരിശോധന നടത്തണം

തിരുവനന്തപുരം: ലോ അക്കാദമിയുടെ അധിക ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപരിഷ്‌കാര കമീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍ റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന് കത്തയച്ചു. എന്താവശ്യത്തിനായാണോ സര്‍ക്കാര്‍ ഭൂമി നല്‍കിയത്, ആ ആവശ്യത്തിനല്ലാതെ ഉപയോഗിക്കപ്പെടുന്ന ഭൂമിയും അതിലെ വസ്തുക്കളും ഏറ്റെടുക്കണമെന്ന് വിഎസ് ആവശ്യപ്പെട്ടു.

ലോ അക്കാദമിയുടെ ട്രസ്റ്റിനാണോ ഭൂമി നല്‍കിയത്? ഭൂമി നല്‍കിയ ആവശ്യത്തിനല്ലാതെ മറ്റാവശ്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്നുണ്ടോ എന്ന് സംബന്ധിച്ച് പരിശോധന നടത്തണം. സൊസൈറ്റി എന്ന നിലയിലല്ലാതെ, സ്വകാര്യ റിയല്‍ എസ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കമ്പനിയുമായി ചേര്‍ന്ന് ഫഌറ്റ് കെട്ടി വില്‍പ്പന നടത്തുന്നത് നിയമപരമാണോ എന്നതും സര്‍ക്കാര്‍ നല്‍കിയ ഭൂമിയുടെ വിനിയോഗത്തെ സംബന്ധിച്ചും കര്‍ശനമായ പരിശോധന നടത്തണമെന്നും വിഎസ് കത്തില്‍ ആവശ്യപ്പെട്ടു.

ലോ അക്കാദമിയിലെ അധിക ഭൂമി സര്‍ക്കാര്‍ പിടിച്ചെടുക്കണമെന്ന് വിഎസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. അക്കാദമിയില്‍ നടക്കുന്ന സമരം വിദ്യാര്‍ഥി പ്രശ്‌നം മാത്രമല്ലെന്നും പൊതുപ്രശ്‌നം കൂടിയാണെന്നും വിഎസ് പറഞ്ഞു. അധികാര ശക്തികളെ നിയന്ത്രിക്കേണ്ടവര്‍ അവര്‍ക്ക് കീഴടങ്ങിയാല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാവില്ലെന്നും വിഎസ് മാധ്യമങ്ങളോട് പറഞ്ഞു. ഇതിന് പിന്നാലെയാണ് റവന്യു മന്ത്രി കത്ത് നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here