മലയാളി ടെക്കിയുടെ കൊലപാതകത്തിനു കാരണം പെട്ടെന്നുള്ള പ്രകോപനം? തുറിച്ചു നോക്കിയതിനു പരാതി കൊടുക്കുമെന്നു പറഞ്ഞപ്പോൾ കൊലപ്പെടുത്തിയെന്നു സംശയം; ബാബെൻ സൈക്യ കുറ്റം സമ്മതിച്ചു

പുണെ: മലയാളി സോഫ്റ്റ്‌വെയർ എൻജിനീയർ പുണെയിൽ ഓഫീസിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത വർധിക്കുന്നു. പെട്ടെന്നുള്ള പ്രകോപനമാണ് കൊലയ്ക്കു കാരണമെന്നാണ് പൊലീസ് പറയുന്നത്. കൊലയാളിയെന്നു സംശയിച്ച് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ള സെക്യൂരിറ്റി ജീവനക്കാരൻ ബാബെൻ സൈക്യ രസിലയെ തുറിച്ചു നോക്കിയത് പരാതിപ്പെടുമെന്നു പറഞ്ഞതാണ് കൊലപാതകത്തിനു പ്രകോപനമായതെന്നാണ് പറയപ്പെടുന്നത്. ബാബെൻ സൈക്യ കുറ്റം സമ്മതിച്ചതായി അസിസ്റ്റന്റ് പൊലീസ് കമ്മീഷണറെ ഉദ്ദരിച്ച് ദ ന്യൂസ് മിനുട്ട് റിപ്പോർട്ട് ചെയ്യുന്നു.

ഇന്നലെ വൈകുന്നേരം 5 മണിക്കും 6.30നും ഇടയ്ക്കാണ് രസില കൊല്ലപ്പെട്ടതെന്നാണ് പൊലീസ് കണക്കാക്കുന്നത്. സംഭവത്തിൽ കസ്റ്റഡിയിലെടുത്ത സെക്യൂരിറ്റി ജീവനക്കാരൻ ബാബെൻ സൈക്യ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇതനുസരിച്ച് പൊലീസ് അസിസ്റ്റന്റ് കമ്മീഷണർ പറയുന്നത് ഇങ്ങനെ. ഇന്നലെ ഉച്ചയ്ക്ക് 2 മുതൽ രാത്രി 11 വരെയായിരുന്നു രസിലയുടെ ഷിഫ്റ്റ്. വൈകുന്നേരമായപ്പോൾ ബാബെൻ സൈക്യ ഓഫീസ് റൂമിലെത്തി. ഈസമയം രസില ഓഫീസിൽ തനിച്ചായിരുന്നു. റൂമിലെത്തിയ ബാബെൻ രസിലയെ തുറിച്ചു നോക്കി നിൽക്കാൻ തുടങ്ങി. ഇങ്ങനെ തുറിച്ചു നോക്കിയാൽ പരാതിപ്പെടുമെന്നു രസില പറഞ്ഞു.

പരാതിപ്പെടുമെന്നു പറഞ്ഞപ്പോൾ അതു ചെയ്യരുതെന്നു ബാബെൻ രസിലയോടു അപേക്ഷിച്ചു. പരാതിപ്പെടുമെന്ന കാര്യത്തിൽ രസില ഉറച്ചുനിന്നതോടെ ഇരുവരും തമ്മിൽ വാഗ്വാദം ഉണ്ടായി. ഇതിനൊടുവിൽ ബാബെൻ രസിലയെ കഴുത്തിൽ കേബിൾ മുറുക്കി കൊലപ്പെടുത്തുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, തുറിച്ചു നോക്കിയ കാര്യം ബാബെൻ നിഷേധിച്ചിട്ടുണ്ട്. എന്തായാലും ഇക്കാര്യത്തിൽ കൂടുതൽ തെളിവ് ശേഖരിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്. ഇതിനായി പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

രസിലയുടെ മരണവിവരം അറിഞ്ഞ് ബന്ധുക്കൾ പുണെയ്ക്കു തിരിച്ചിട്ടുണ്ട്. തങ്ങൾ എത്തിക്കഴിഞ്ഞേ പോസ്റ്റ്‌മോർട്ടം പൂർത്തീകരിക്കാവൂ എന്നു ബന്ധുക്കൾ പൊലീസിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. മരണത്തിൽ കാര്യക്ഷമമായ അന്വേഷണം വേണമെന്നും അന്വേഷണം പൂർത്തിയാകുന്നതു വരെ പുണെയിൽ തുടരുമെന്നും ബന്ധുക്കൾ അറിയിച്ചു. വിരമിച്ച സൈനികോദ്യോഗസ്ഥനാണ് രസിലയുടെ അച്ഛൻ. ഇപ്പോൾ കുന്ദംകുളം പൊലീസ് സ്റ്റേഷനിൽ ഹോം ഗാർഡ് ആയി സേവനം അനുഷ്ഠിക്കുന്നു. ആറുമാസം മുമ്പാണ് രസില പുണെയിൽ എത്തിയത്.

ഇന്നലെ രാത്രിയാണ് രസിലയെ ഓഫീസ് മുറിക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ കംപ്യൂട്ടർ കേബിൾ മുറുക്കിയ നിലയിലായിരുന്നു മൃതദേഹം. രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രസീലയെ വിളിച്ചിട്ടും ഫോൺ എടുക്കാതിരുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഹിൻജവാദിയിലെ രാജീവ്ഗാന്ധി ഇൻഫോടെക് പാർക്കിലെ ജീവനക്കാരിയായിരുന്നു രസീല. ഇന്നലെ വൈകുന്നേരം അഞ്ചു മണിക്കാണ് മരണം നടന്നതെന്നു വിശ്വസിക്കുന്നു. എന്നാൽ, ഓഫീസിലെ സഹജീവനക്കാർ രാത്രി വൈകി മാത്രമാണ് വിവരം അറിഞ്ഞത്. ഞായറാഴ്ച ആയിട്ടും രസീലയ്ക്ക് ജോലിയുണ്ടായിരുന്നു. രസീലയുടെ രണ്ടു ടീം അംഗങ്ങൾ ബംഗളുരുവിൽ ഓൺലൈനിലും ഉണ്ടായിരുന്നു. രാത്രി എട്ടു മണിയോടെയാണ് പൊലീസ് വിവരം അറിഞ്ഞത്.

രസീലയുടെ മാനേജർ പലതവണ രസീലയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. പക്ഷേ സാധിച്ചില്ല. രസീല ഫോൺ എടുക്കാതായതോടെ മാനേജർ സെക്യൂരിറ്റി ജീവനക്കാരനെ വിളിച്ച് രസീലയെ പോയി നോക്കാൻ ആവശ്യപ്പെട്ടു. സെക്യൂരിറ്റി ജീവനക്കാരൻ എത്തുമ്പോൾ ജോലിസ്ഥലത്ത് രസീല ബോധമില്ലാതെ കിടക്കുന്നതാണ് കണ്ടത്. പൊലീസ് കൊലക്കുറ്റത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here