ലക്ഷ്മി നായര്‍ക്ക് രാജിവയ്‌ക്കേണ്ടിവരും; ലോ അക്കാദമി ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇന്ന് രാത്രി; സമരം ഇന്ന് തന്നെ അവസാനിപ്പിക്കാന്‍ ശ്രമിക്കുമെന്ന് നാരായണന്‍ നായര്‍

തിരുവനന്തപുരം: ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ടുള്ള വിദ്യാര്‍ഥി സമരം ശക്തമാകുന്ന സാഹചര്യത്തില്‍ ലോ അക്കാദമി ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇന്ന് രാത്രി എട്ടു മണിക്ക് ചേരും. ലക്ഷ്മി നായര്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് രാജി വയ്ക്കണോയെന്ന കാര്യം യോഗത്തില്‍ തീരുമാനിക്കും. ഡയറക്ടര്‍ നാരായണന്‍ നായരാണ് ഇക്കാര്യം അറിയിച്ചത്. പ്രശ്‌നം ഇന്നു തന്നെ പരിഹരിക്കാനാണ് ശ്രമമെന്നും നാരായണന്‍ നായര്‍ പറഞ്ഞു.

ലക്ഷ്മി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് മാറ്റിയേക്കുമെന്നാണ് സൂചന. സര്‍വകലാശാല സിന്‍ഡിക്കേറ്റും പ്രശ്‌നങ്ങള്‍ പഠിച്ച ഉപസമിതിയും ലക്ഷ്മി നായര്‍ക്കെതിരായ നിലപാട് സ്വീകരിച്ച സാഹചര്യത്തില്‍ രാജിയല്ലാതെ മറ്റൊരു മാര്‍ഗവും ഡയറക്ടര്‍ ബോര്‍ഡിന് മുന്നിലുമില്ല. യോഗത്തിലേക്ക് വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളെയും ക്ഷണിച്ചിട്ടുണ്ട്.

ലക്ഷ്മി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് മാറ്റില്ലെന്ന നിലപാടായിരുന്നു ഇന്നലെ വരെ അക്കാദമി മാനേജ്‌മെന്റ് സ്വീകരിച്ചത്. പ്രിന്‍സിപ്പലിന്റെ രാജി ഒഴികെ മറ്റെന്തും ചര്‍ച്ച ചെയ്യാന്‍ തങ്ങള്‍ തയ്യാറാണെന്നുമാണ് ഡയറക്ടര്‍ അഡ്വ. നാഗരാജ് ഇന്നലെ പറഞ്ഞത്. പ്രിന്‍സിപ്പല്‍ സ്ഥാനത്ത് തുടരുക എന്നത് ലക്ഷ്മി നായരുടെ വ്യക്തിപരമായ അവകാശമാണ്. രാജി ആവശ്യപ്പെടാന്‍ ഡയറക്ടര്‍ ബോര്‍ഡിന് കഴിയില്ലെന്നും ലക്ഷ്മി നായര്‍ക്ക് സ്വയം വേണമെന്ന് തോന്നിയാല്‍ മാത്രം രാജിവയ്ക്കാമെന്നുമാണ് നാഗരാജ് പറഞ്ഞത്. എന്നാല്‍, വിദ്യാര്‍ഥി സമരം ശക്തമായതോടെയാണ് നിലപാടില്‍ അയവ് വരുത്താന്‍ മാനേജ്‌മെന്റ് നിര്‍ബന്ധിതരായത്.

ഇതിനിടെ, വിദ്യാര്‍ഥികളെ ജാതീയമായി അധിക്ഷേപിച്ചെന്ന പരാതിയില്‍ ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ല വകുപ്പ് പ്രകാരം പേരൂര്‍ക്കട പൊലീസാണ് ലക്ഷ്മിക്കെതിരെ കേസെടുത്തത്. ദളിത് വിദ്യാര്‍ഥികളുടെ പരാതിയിലാണ് പൊലീസ് നടപടി. ദളിത് പീഡനം, ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമീഷണര്‍ കെ.ഇ ബൈജുവിനാണ് അന്വേഷണ ചുമതല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here