ദില്ലി : രാജ്യത്തെ പ്രമുഖ സ്വകാര്യ ടെലകോം സേവന ദാതാക്കളായ ഐഡിയ സെല്ലുലാറും വൊഡാഫോണ്‍ ഇന്ത്യയും ലയിച്ചേക്കും. ലയനം സംബന്ധിച്ച ചര്‍ച്ച പുരോഗമിക്കുന്നതായി വൊഡാഫോണ്‍ സ്ഥിരീകരിച്ചു. ലയനം സാധ്യമായാല്‍ ഒന്നാമത്തെ സ്വകാര്യ ടെലകോം സേവന ദാതാക്കളായി ഇവര്‍ മാറും.
ലയനം യാഥാര്‍ത്ഥ്യമായാല്‍ സൗജന്യ സേവനത്തിലൂടെ വരവറിയിച്ച റിലയന്‍സ് ജിയോയ്ക്ക് വന്‍ തിരിച്ചടിയാകും. രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവന ദാതാക്കളായ എയര്‍ടെല്ലിനും ലയനം തിരിച്ചടിയാകും. വരും മാസങ്ങളില്‍ ജിയോയെ നേരിടാന്‍ എയര്‍ടെല്‍ തയ്യാറെടുക്കുന്നുണ്ട്. എന്നാല്‍ കടുത്ത മത്സരം നേരിടേണ്ടി വരുന്നത് ഐഡിയ – വൊഡാഫോണ്‍ കമ്പനിയില്‍ നിന്നാവും.
നിലവില്‍ രാജ്യത്തെ ടെലകോം വിപണിയിലെ 32 ശതമാനം വരുമാന വിഹിതം എയര്‍ടെല്‍ ഒറ്റയ്ക്കാണ് കൈകാര്യം ചെയ്യുന്നത്. 27 കോടി ഉപഭോക്താക്കളാണ് എയര്‍ടെലിനുള്ളത്. 7.2 കോടി ഉപഭോക്താക്കള്‍ റിലയന്‍സ് ജിയോയ്ക്കുമുണ്ട്.
രണ്ടാമത്തെ വലിയ സ്വകാര്യ സേവന ദാതാക്കളാണ് വൊഡാഫോണ്‍. ടെലകോം വിപണിയിലെ 19 ശതമാനമാണ് വൊഡാഫോണ്‍ കൈകാര്യം ചെയ്യുന്നത്. 17 ശതമാനം വിപണി വിഹിതവുമായി മൂന്നാമതാണ് ഐഡിയ. രണ്ടും കൂടിച്ചേര്‍ന്നാല്‍ 36 ശതമാനം വിപണി വിഹിതവുമായി ഇവര്‍ ഒന്നാമതെത്തും. ഇതോടെ എയര്‍ടെല്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും.
സേവനത്തിന് വേണ്ട ചെലവ് വന്‍ രീതിയില്‍ കുറയ്ക്കാനാവുമെന്നതാണ് ലയനത്തിന്റെ മറ്റൊരു നേട്ടം. മെട്രോ നഗരങ്ങളില്‍ വൊഡാഫോണിന് വലിയ സാന്നിധ്യമുണ്ട്. നഗര പ്രദേശങ്ങളില്‍ ഐഡിയയ്ക്കാണ് കൂടുതല്‍ വരിക്കാരുള്ളത്. ഇതാണ് ലയനത്തിന്റെ സാധ്യതകള്‍ക്ക് കരുത്ത് പകരുന്നത്. രാജ്യത്തെ 6 സര്‍ക്കിളുകളില്‍ പകുതിയിലധികവും ഇവരുടെ കൈയ്യിലാവും.
READ ALSO
ഐഡിയയും വൊഡാഫോണും ഒന്നിക്കില്ല; ലയന അഭ്യൂഹം തള്ളി ഐഡിയ
ഐഡിയ – വൊഡാഫോണ്‍ ലയനത്തെ സംബന്ധിച്ച് നേരത്തെയും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത്തരം ഒരു ചര്‍ച്ചയും നടക്കുന്നില്ല എന്നാണ് അന്ന് വൊഡാഫോണും ഐഡിയയും പ്രതികരിച്ചത്. ഇതോടെ ഇത്തരം ചര്‍ച്ചകള്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ അപ്രത്യക്ഷമായി. എന്നാല്‍ ഇപ്പോള്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ വൊഡാഫോണ്‍ തന്നെ സ്ഥിരീകരിച്ചു.
എന്നാല്‍ കോംപറ്റീഷന്‍ കമ്മീഷന്റെ അനുമതിക്ക് വിധേയമായി മാത്രമേ വൊഡാഫോണ്‍ – ഐഡിയ ലയനം സാധ്യമാകൂ.
Get real time update about this post categories directly on your device, subscribe now.