തിരുവനന്തപുരം : പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് ലക്ഷ്മി നായര്‍ രാജി വയ്ക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ലോ അക്കാദമിയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍. മാനേജ്‌മെന്റുമായുള്ള രണ്ടാം ഘട്ട ചര്‍ച്ചയ്ക്ക് ശേഷമാണ് എസ്എഫ്‌ഐ അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ നിലപാട് അറിയിച്ചത്. പ്രിന്‍സിപ്പലിനെ മാറ്റിനിര്‍ത്താമെന്ന ലോ അക്കാദമി മാനേജ്‌മെന്റിന്റെ നിലപാട് വിദ്യാര്‍ത്ഥി സംഘടനകള്‍ തള്ളി.
സമരങ്ങളെ അവഹേളിക്കുന്ന നിലപാടാണ് മാനേജ്‌മെന്റ് ഉയര്‍ത്തിയതെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ ആരോപിച്ചു. വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കുന്നതില്‍ കുറ്റാരോപിതയായ പ്രിന്‍സിപ്പല്‍ തുടരരുത്. പ്രിന്‍സിപ്പലിനെ താല്‍ക്കാലികമായി മാറ്റി നിര്‍ത്തുമെന്ന നിലപാടിനോട് യോജിപ്പില്ല. വൈസ് പ്രിന്‍സിപ്പലിനെ താല്‍ക്കാലിക ചാര്‍ജ്ജ് നല്‍കാമെന്ന നിലപാടിനോട് യോജിപ്പില്ല. പ്രിന്‍സിപ്പലിന്റെ രാജിയില്‍ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ലെന്നും വിദ്യാര്‍ത്ഥി സമര നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
മാനേജ്‌മെന്റ് വിളിച്ച ചര്‍ച്ചയില്‍ തീരുമാനമാകാത്തതിനാല്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങി വന്നതാണെന്നും സമരം ചെയ്യുന്ന വിദ്യാര്‍ത്ഥി പ്രതിനിധി പറഞ്ഞു. ഹോസ്റ്റല്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാമെന്ന് മാനേജ്‌മെന്റ് അറിയിച്ചുവെന്നും വിദ്യാര്‍ത്ഥി സമര നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
വിശദമായ ചര്‍ച്ചയ്ക്ക ശേഷമാണ് എസ്എഫ്‌ഐ നേതാക്കല്‍ പുറത്തുവന്നത്. വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട എല്ലാ ആസങ്കകളും എസ്എഫ്‌ഐ അറിയിച്ചു. എസ്എഫ്‌ഐ മുന്നോട്ടുവച്ച ആശങ്കകളില്‍ ഭൂരിപക്ഷവും അംഗീകരിച്ചതായി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍ പറഞ്ഞു. എന്നാല്‍ ലക്ഷ്മി നായരുടെ രാജിയില്‍ കുറഞ്ഞതൊന്നും അംഗീകരിക്കുന്നില്ല. പ്രിന്‍സിപ്പലും വൈസ് പ്രിന്‍സിപ്പലും രാജിവെയ്ക്കണമെന്നും എം വിജിന്‍ പറഞ്ഞു.
പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന ലക്ഷ്മി രാജിവെയ്ക്കാതെ സമരം പിന്‍വലിക്കില്ല. ഒരുവിട്ടുവീഴ്ചയ്ക്കും എസ്എഫ്‌ഐ തയ്യാറല്ല. അതിനാല്‍ത്തന്നെ എസ്എഫ്‌ഐ സമരം തുടരും. നാളെ എസ്എഫ്‌ഐ സംസ്ഥാന നേതൃയോഗം ചര്‍ച്ച ചെയ്ത ശേഷം സമരം ശക്തമാക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍ ചര്‍ച്ചയ്ക്ക്് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.