ലക്ഷ്മി നായരെ മാറ്റുന്ന കാര്യത്തിൽ ഇന്നു വീണ്ടും ചർച്ച; രാജി വയ്ക്കാതെ സമരത്തിൽ നിന്നു പിന്നോട്ടില്ലെന്നു വിദ്യാർത്ഥി സംഘടനകൾ; സ്ഥാനത്തു നിന്ന് മാറി നിൽക്കാമെന്ന ആവശ്യവും അംഗീകരിച്ചില്ല

തിരുവനന്തപുരം: ലോ അക്കാദമി പ്രിൻസിപ്പൽ സ്ഥാനത്തു നിന്ന് ലക്ഷ്മി നായരെ മാറ്റുന്ന കാര്യത്തിൽ ഇന്നു വീണ്ടും ചർച്ച നടക്കും. ഇന്നലെ രണ്ടുഘട്ടമായി നടത്തിയ ചർച്ചയിലും തീരുമാനമാകാതെ വന്നതോടെ സമരം തുടരാൻ വിദ്യാർത്ഥി സംഘടനകൾ തീരുമാനിച്ചിരുന്നു. ലക്ഷ്മി നായർ രാജിവയ്ക്കാതെ സമരത്തിൽ നിന്നു പിന്നോട്ടില്ലെന്നു എസ്എഫഐ അടക്കമുള്ള വിദ്യാർത്ഥി സംഘടനകൾ നിലപാട് വ്യക്തമാക്കി. ലക്ഷ്മി നായരെ മാറ്റിനിർത്തി വൈസ് പ്രിൻസിപ്പലിനെ ചാർജ് ഏൽപിക്കാമെന്ന നിർദേശവും സംഘടനകൾ തള്ളി.

പ്രിൻസിപ്പലിനെ മാറ്റിനിർത്തി വൈസ് പ്രിൻസിപ്പലിനെ ചാർജ് ഏൽപിച്ച് തടിതപ്പാനായിരുന്നു മാനേജ്‌മെന്റിന്റെ ശ്രമം. എന്നാൽ, ലക്ഷ്മി നായർ രാജി വയ്ക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വിദ്യാർത്ഥികൾ അറിയിച്ചു. സമരങ്ങളെ അവഹേളിക്കുന്ന നിലപാടാണ് മാനേജ്‌മെന്റ് ഉയർത്തിയതെന്ന് വിദ്യാർത്ഥി സംഘടനകൾ ആരോപിച്ചു. വിദ്യാർത്ഥികളെ പീഡിപ്പിക്കുന്നതിൽ കുറ്റാരോപിതയായ പ്രിൻസിപ്പൽ തുടരരുത്. പ്രിൻസിപ്പലിനെ താൽക്കാലികമായി മാറ്റി നിർത്തുമെന്ന നിലപാടിനോട് യോജിപ്പില്ല. വൈസ് പ്രിൻസിപ്പലിനെ താൽക്കാലിക ചാർജ്ജ് നൽകാമെന്ന നിലപാടിനോട് യോജിപ്പില്ല. പ്രിൻസിപ്പലിന്റെ രാജിയിൽ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ലെന്നും വിദ്യാർത്ഥി സമര നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു.

മാനേജ്‌മെന്റ് വിളിച്ച ചർച്ചയിൽ തീരുമാനമാകാത്തതിനാൽ ചർച്ചയിൽ നിന്ന് ഇറങ്ങി വന്നതാണെന്നും സമരം ചെയ്യുന്ന വിദ്യാർത്ഥി പ്രതിനിധി പറഞ്ഞു. ഹോസ്റ്റൽ ഉൾപ്പടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാമെന്ന് മാനേജ്‌മെന്റ് അറിയിച്ചുവെന്നും വിദ്യാർത്ഥി സമര നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു.

വിശദമായ ചർച്ചയ്ക്കു ശേഷമാണ് എസ്എഫ്‌ഐ നേതാക്കൾ പുറത്തുവന്നത്. വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും എസ്എഫ്‌ഐ അറിയിച്ചു. എസ്എഫ്‌ഐ മുന്നോട്ടുവച്ച ആശങ്കകളിൽ ഭൂരിപക്ഷവും അംഗീകരിച്ചതായി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി എം വിജിൻ പറഞ്ഞു. എന്നാൽ ലക്ഷ്മി നായരുടെ രാജിയിൽ കുറഞ്ഞതൊന്നും അംഗീകരിക്കുന്നില്ല. പ്രിൻസിപ്പലും വൈസ് പ്രിൻസിപ്പലും രാജിവെയ്ക്കണമെന്നും എം.വിജിൻ പറഞ്ഞു.

പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന ലക്ഷ്മി രാജിവെയ്ക്കാതെ സമരം പിൻവലിക്കില്ല. ഒരുവിട്ടുവീഴ്ചയ്ക്കും എസ്എഫ്‌ഐ തയ്യാറല്ല. അതിനാൽത്തന്നെ എസ്എഫ്‌ഐ സമരം തുടരും. നാളെ എസ്എഫ്‌ഐ സംസ്ഥാന നേതൃയോഗം ചർച്ച ചെയ്ത ശേഷം സമരം ശക്തമാക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി എം വിജിൻ ചർച്ചയ്ക്ക്് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News