ഇസ്ലാമാബാദ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒന്നു കണ്ണുരുട്ടി കാണിച്ചപ്പോൾ പാകിസ്താൻ ലഷ്‌കർ നേതാവ് ഹാഫിസ് സയീദിനെ വീട്ടുതടങ്കലിലാക്കി. ലാഹോറിൽ നിന്നു അറസ്റ്റ് ചെയ്ത സയീദിനെ പിന്നീട് പാകിസ്താൻ വീട്ടുതടങ്കലിൽ ആക്കുകയായിരുന്നു. അമേരിക്കയുടെ സമ്മർദ്ദത്തെ തുടർന്നാണ് പാക് നടപടിയെന്നാണ് റിപ്പോർട്ടുകൾ. സയീദിന്റെ നേതൃത്വത്തിലുള്ള ഭീകരസംഘടനയായ ജമാഅത്തുദ്ദവയെ നിരോധിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.

പാക് പഞ്ചാബ് ആഭ്യന്തരവകുപ്പിന്റെ നിർദേശം അനുസരിച്ചാണ് നടപടിയെന്നാണ് ജമാഅത്തുദ്ദവ വക്താക്കൾ പറയുന്നത്. ലാഹോറിലെ ചൗബുജി മേഖലയിലെ ജാമിയ അൽ ക്വാസിയയിലാണ് സയീദിനെ തടവിലാക്കിയിരിക്കുന്നതെന്നാണ് വിവരം. സയീദിനെ ഇവിടെ നിന്നും മാറ്റി ഫൈസൽ ടൗണിലെ വീട്ടിലേക്കു മാറ്റുമെന്നും റിപ്പോർട്ടുണ്ട്. ജമാഅത്തുദ്ദവയ്ക്കും ഹാഫിസ് സയീദിനുമെതിരെ നടപടി എടുക്കണമെന്നു ട്രംപ് ഭരണകൂടം പാകിസ്താനു മുന്നറിയിപ്പ് നൽകിയിരുന്നു.

ഭീകരവാദത്തിനെതിരെ നിലപാടെടുത്തില്ലെങ്കിൽ പാകിസ്താനെയും വിലക്കുമെന്നു
ഇന്നലെയും അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു. ജമാഅത്തുദ്ദവയ്ക്കും സയീദിനുമെതിരായി നടപടിയെടുത്തില്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നാണ് യുഎസ് മുന്നറിയിപ്പ്. വിലക്കുമെന്ന മുന്നറിയിപ്പ് വന്ന് തൊട്ടുപിന്നാലെയാണ് പാക് നടപടി.

അതേസമയം, ഇന്ത്യയുടെ സമ്മർദ്ദം മൂലമാണ് ജമാഅത്തുദ്ദവയെ നിരോധിക്കാൻ നീക്കം നടക്കുന്നതെന്ന് ഹാഫിസ് സയീദ് ട്വിറ്ററിൽ കുറിച്ചു. 2017 കശ്മീരിന്റെയാണെന്ന് പ്രഖ്യാപിച്ചപ്പോൾ തന്നെ ഇങ്ങനെ സംഭവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായും താൻ അറസ്റ്റു ചെയ്യപ്പെട്ടാൽ കശ്മീരിൻ നിന്ന് ലക്ഷക്കണക്കിന് ആളുകൾ ശബ്ദമുയർത്തുമെന്നും ജമാഅത്തുദ്ദാവ നേതാവിന്റെ ട്വീറ്റിൽ പറയുന്നു. 2014ലാണ് ജമാഅത്തുദ്ദവയെ ഭീകരസംഘടനയായി യുഎസ് പ്രഖ്യാപിച്ചത്.