മറ്റക്കര ടോംസ് കോളജിൽ ഇന്നു സർവകലാശാല സമിതി തെളിവെടുപ്പ്; രജിസ്ട്രാറുടെ നേതൃത്വത്തിലുള്ള മൂന്നംഗസംഘം പരിശോധിക്കും

കോട്ടയം: മറ്റക്കര ടോംസ് കോളജിൽ സാങ്കേതിക സർവകലാശാലാ സമിതി ഇന്ന് രണ്ടാംഘട്ട പരിശോധനയ്‌ക്കെത്തും. രജിസ്ട്രാർ ജി.പി പത്മകുമാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് തെളിവെടുപ്പിനെത്തുന്നത്. ആദ്യഘട്ടത്തിൽ നടന്ന അന്വേഷണത്തിൽ ഗുരുതര വീഴ്ചകൾ കോളജിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ടെന്ന റിപ്പോർട്ടാണ് സമിതി നൽകിയത്. അതേസമയം ഒരേ വിഷയത്തിൽ രണ്ടു തവണ പരിശോധന നടത്തുന്നത് അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് മാതാപിതാക്കൾ. നിലവിൽ ആൺകുട്ടികളുടെ ഹോസ്റ്റലായി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലേക്ക് കോളജിന്റെ പ്രവർത്തനം മാറ്റിയിരിക്കുകയാണ്. എന്നാൽ കഴിഞ്ഞ തവണ സർവകലാശാല സമിതി പരിശോധനക്കെത്തിയ സ്ഥലത്ത് തന്നെ ഇന്നും നടപടികൾ തുടരണമെന്നാണ് രക്ഷകർത്താക്കളുടെ ആവശ്യം.

കഴിഞ്ഞയാഴ്ച വനിതാ കമ്മിഷനും കോളജിൽ തെളിവെടുപ്പ് നടത്തിയിരുന്നു. വനിതാ കമ്മിഷൻ അംഗം ഡോ.ജി പ്രമീളാ ദേവിയുടെ നേതൃത്വത്തിലുള്ള സംഘം രക്ഷിതാക്കളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും മൊഴിയെടുത്തിരുന്നു. വിദ്യാർത്ഥികളുടെ പരാതിയിൽ പ്രഥമദൃഷ്ട്യ കഴമ്പുള്ളതായി ബോധ്യപ്പെട്ടതായി പ്രമീളാ ദേവി പറഞ്ഞിരുന്നു.

കുട്ടികളെ ഇനി ടോംസ് കോളജിൽ പഠിപ്പിക്കാൻ താൽപര്യമില്ലെന്നാണ് മാതാപിതാക്കൾ കമ്മിഷൻ മുമ്പാകെ പറഞ്ഞത്. ഫീസ് നൽകിയതിന്റെ രസീത് നൽകാൻ പോലും കോളജ് തയ്യാറാകുന്നില്ലെന്നും ടോം ടി തോമസിന്റെ ഭാര്യ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുന്നതായും മാതാപിതാക്കൾ ആരോപിച്ചിരുന്നു.

അതിനിടെ സാങ്കേതിക സർവകലാശാലയിൽ നൽകിയ അഫിലിയേഷൻ രേഖകളിൽ തിരിമറി നടത്തിയെന്ന ആരോപണത്തിൽ കോളജിനെതിരെ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിയാണ് വിജിലൻസ് അന്വേഷണത്തിനു ഉത്തരവിട്ടത്. വിദ്യാഭ്യാസമന്ത്രി നൽകിയ അന്വേഷണ ശുപാർശ അംഗീകരിച്ചു കൊണ്ടാണ് മുഖ്യമന്ത്രി അന്വേഷണത്തിനു ഉത്തരവിട്ടത്. വ്യാജരേഖകൾ ചമച്ചാണ് ടോംസ് കോളജ് അഫിലിയേഷൻ നേടിയതെന്നും ഇതിനു സർവകലാശാലയക്കുളളിൽ നിന്നു തന്നെ വഴിവിട്ട സഹായം ലഭിച്ചിരുന്നെന്നും പീപ്പിൾ ടിവിയാണ് വാർത്ത പുറത്തുവിട്ടത്.

ടോംസ് കോളജിന് സാങ്കേതിക സർവകലാശാല നൽകിയ അഫിലിയേഷനിൽ തിരിമറി നടന്നതായി സർവകലാശാല രജിസ്ട്രാർ തന്നെയാണ് വ്യക്തമാക്കിയത്. തന്റെ ഒപ്പോ സീലോ ഇല്ലാത്ത അഫിലിയേഷൻ പേപ്പർ കോളജിനു ലഭിച്ചതിൽ ദുരൂഹതയുണ്ടെന്ന് രജിസ്ട്രാർ ജി.പി പദ്മകുമാർ പറഞ്ഞു. അംഗീകാരം ലഭിക്കാനായി ടോംസ് കോളേജ് സർവകലാശാലക്ക് നൽകിയത് വ്യാജരേഖകളാണെന്നും കണ്ടെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News