കോട്ടയം: കേന്ദ്രബജറ്റിൽ പ്രതീക്ഷയർപിച്ച് കേരളത്തിലെ റബർ മേഖല. ബജറ്റിനെ അൽപം പ്രതീക്ഷയോടെയും ഒപ്പം ആശങ്കയോടെയുമാണ് റബർ മേഖല നോക്കിക്കാണുന്നത്. നാളിതുവരെ റബർ മേഖലയെ സഹായിക്കുന്ന നടപടികൾ കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്ന പരാതി ഏറെയാണ്. അതുകൊണ്ട് സംസ്ഥാനത്തെ 12 ലക്ഷം റബർ കർഷകർ കേന്ദ്രബജറ്റിനെ സമ്മിശ്ര ചിന്തകളോടെയാണ് നോക്കിക്കാണുന്നത്.
അന്താരാഷ്ട്രവിപണയിൽ വിലയിൽ കുതിപ്പ് തുടരുമ്പോഴും കടുത്ത പ്രതിസന്ധിയിൽ വീർപ്പുമുട്ടുകയാണ് ആഭ്യന്തര റബർ മേഖല. കാലാവസ്ഥാ വ്യതിയാനം, വിലയിടിവ്, പ്രകൃതിദുരന്തങ്ങൾ എന്നിവയുണ്ടാകുമ്പോൾ കർഷകർക്ക് കൈത്താങ്ങാകുമെന്നു പ്രതീക്ഷിച്ചിരുന്ന ദേശീയ റബർനയം മൂന്ന് വർഷമായിട്ടും ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുന്നു. വില വർധനക്കിടയിൽ കയറ്റുമതിയുൾപ്പെടെ പ്രോത്സാഹിപ്പിക്കേണ്ട റബർ ബോർഡ് നാഥനില്ലാ കളരിയായി. ഈ സാഹചര്യത്തിൽ കേന്ദ്രബജറ്റിൽ തികഞ്ഞ പ്രതീക്ഷയാണ് കർഷകർ പങ്കുവയ്ക്കുന്നത്.
നിലവിൽ റബർ ആവർത്തന സബ്‌സിഡി വിതരണം നിലച്ചതോടെ കുടിശ്ശിക 50 കോടി രൂപയായി. റബർ ബോർഡ് ആസ്ഥാനം കേരളത്തിൽ നിന്ന് മാറ്റുന്നതിന്റെ ഭാഗമായി ഫീൽഡ് ഓഫീസുകൾ നിർത്തലാക്കി. ഉദ്യോഗസ്ഥരെ അന്യസംസ്ഥാനങ്ങളിലേക്ക് സ്ഥലം മാറ്റി. ഗവേഷണ പ്രവർത്തനങ്ങൾ ഭാഗികമായി. റബർ മേഖലയോട് കേന്ദ്രത്തിന് വലിയ താത്പര്യമില്ല ഈ വസ്തുതകൾ നിലനിൽക്കെ വലിയ പ്രഖ്യാപനങ്ങളൊന്നും തന്നെ കേന്ദ്ര ബജറ്റിൽ ഉണ്ടാകുമെന്ന പ്രതീക്ഷയും റബർ കർഷകർക്കില്ല.
Get real time update about this post categories directly on your device, subscribe now.