കൊല്ലം: തന്നെ ഇനിയെങ്കിലും ഗുരുവായൂർ ക്ഷേത്രത്തിൽ കയറ്റുമോ എന്നു ഗാനഗന്ധർവൻ ഡോ.കെ.ജെ യേശുദാസ്. പത്മവിഭൂഷിതനായ യേശുദാസിനു കൊല്ലം പൗരാവലി നൽകിയ ആദരത്തിൽ സംസാരിക്കുമ്പോഴാണ് യേശുദാസിന്റെ ചോദ്യം. ദൈവത്തിന് രൂപവും ഭാവവും ഇല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പത്മവിഭൂഷൺ നേടിയ യേശുദാസിനെ സ്വരലയയുടെ നേതൃത്തിൽ കലാകേരളവും കൊല്ലം പൗരാവലിയും ആദരിച്ചു. നടി ശാരദ, വയലിനിസ്റ്റ് എൽ.സുബ്രഹ്മണ്യം തുടങ്ങിയവർക്കും ചടങ്ങിൽ പുരസ്‌കാരം സമ്മാനിച്ചു.
സ്വരലയയുടെ സ്വീകരണവും ആദരവും ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു യേശുദാസ്. സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം എം.എ ബേബി സമ്മാനിച്ച ഇടക്ക കൊട്ടിക്കൊണ്ടായിരുന്നു യേശുദാസിന്റെ ചോദ്യം. പതിറ്റാണ്ടുകളായി താൻ മനസ്സിൽ കൊണ്ടു നടക്കുന്ന സ്വപ്നത്തെ കുറിച്ച് യേശുദാസ് ചോദിച്ചു. ‘ഇനിയെങ്കിലും എന്നെ ഗുരവായൂർ ക്ഷേത്രത്തിൽ കയറ്റിക്കൂടെ’.
കരഘോഷങ്ങളോടെയാണ് സദസ്സ് യേശുദാസിന്റെ ചോദ്യത്തെ വരവേറ്റത്. ഉർവശി അവാർഡ് ജേതാവും കേരളത്തിന്റെ അമ്മ മനസ്സുമായ നടി ശാരദയ്ക്ക് സ്‌നേഹിതയുടെ പുരസ്‌കാരം ഗാനഗന്ധർവൻ സമ്മാനിച്ചു. തന്നെ ധീര വനിതയാക്കിയത് മലയാള സിനിമയും മലയാളികളുമാണെന്നു ശാരദ പറഞ്ഞു. പത്മവിഭൂഷൺ നേടിയ യേശുദാസിൽ നിന്ന് ദേവരാജൻ പുരസ്‌കാരം ഏറ്റുവാങ്ങാനായത് മഹാഭാഗ്യമാണെന്ന് പ്രശസ്ത വയലിനിസ്റ്റ് എൽ.സുബ്രഹ്മണ്ണ്യം പറഞ്ഞു
ഗായിക കവിതാ കൃഷ്ണമൂർത്തി, സംഗീത സംവിധായകൻ എം.ജയചന്ദ്രൻ, എം.മുകേഷ്, കൊല്ലം മേയർ രാജേന്ദ്ര ബാബു, പ്രഭാ വർമ, ആർ.എസ് ബാബു തുടങ്ങിയവർ പങ്കെടുത്തു.
Get real time update about this post categories directly on your device, subscribe now.