ലോ അക്കാദമി ഭൂമി ഇടപാടിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു; റവന്യു വകുപ്പ് നടപടി വിഎസിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ; സർക്കാർ ഭൂമി മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിച്ചോ എന്ന് അന്വേഷിക്കും

തിരുവനന്തപുരം: ലോ അക്കാദമിയുടെ അനധികൃത ഭൂമി സംബന്ധിച്ച് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. റവന്യു വകുപ്പ് ആണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ വിഎസ് അച്യുതാനന്ദന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് റവന്യു വകുപ്പിന്റെ നടപടി. റവന്യൂ സെക്രട്ടറിക്കാണ് അന്വേഷണച്ചുമതല. എത്രയും വേഗം അന്വേഷിച്ച് റിപ്പോർട്ട് സമർപിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. ഇന്നലെയാണ് വിഎസ് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരനു കത്തയച്ചിരുന്നത്.

ലോ അക്കാദമിയുടെ അധിക ഭൂമി സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വിഎസിന്റെ കത്ത്. എന്താവശ്യത്തിനായാണോ സർക്കാർ ഭൂമി നൽകിയത്, ആ ആവശ്യത്തിനല്ലാതെ ഉപയോഗിക്കപ്പെടുന്ന ഭൂമിയും അതിലെ വസ്തുക്കളും ഏറ്റെടുക്കണമെന്ന് വിഎസ് ആവശ്യപ്പെട്ടിരുന്നു. ലോ അക്കാദമിയുടെ ട്രസ്റ്റിനാണോ ഭൂമി നൽകിയത്? ഭൂമി നൽകിയ ആവശ്യത്തിനല്ലാതെ മറ്റാവശ്യങ്ങൾക്കു വേണ്ടി ഉപയോഗിക്കുന്നുണ്ടോ എന്നതു സംബന്ധിച്ച് പരിശോധന നടത്തണം.

സൊസൈറ്റി എന്ന നിലയിലല്ലാതെ, സ്വകാര്യ റിയൽ എസ്റ്റേറ്റ് കൺസ്ട്രക്ഷൻ കമ്പനിയുമായി ചേർന്ന് ഫൽറ്റ് കെട്ടി വിൽപ്പന നടത്തുന്നത് നിയമപരമാണോ എന്നതും സർക്കാർ നൽകിയ ഭൂമിയുടെ വിനിയോഗത്തെ സംബന്ധിച്ചും കർശനമായ പരിശോധന നടത്തണമെന്നും വിഎസ് കത്തിൽ ആവശ്യപ്പെട്ടിരുന്നു. ലോ അക്കാദമിയിലെ അധിക ഭൂമി സർക്കാർ പിടിച്ചെടുക്കണമെന്ന് വിഎസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

അക്കാദമിയിൽ നടക്കുന്ന സമരം വിദ്യാർഥി പ്രശ്‌നം മാത്രമല്ലെന്നും പൊതുപ്രശ്‌നം കൂടിയാണെന്നും വിഎസ് പറഞ്ഞു. അധികാര ശക്തികളെ നിയന്ത്രിക്കേണ്ടവർ അവർക്ക് കീഴടങ്ങിയാൽ പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാവില്ലെന്നും വിഎസ് മാധ്യമങ്ങളോട് പറഞ്ഞു. ഇതിന് പിന്നാലെയാണ് റവന്യു മന്ത്രി കത്ത് നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here