രാജ്യം കറന്‍സി രഹിത സമ്പദ് വ്യവസ്ഥയുടെ പാതയിലെന്ന് രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ നയപ്രഖ്യാപനം; പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി

ദില്ലി: രാജ്യം കറന്‍സി രഹിത സമ്പദ് വ്യവസ്ഥയുടെ ഭാഗമാണെന്നു രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി. പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി നയപ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്നുന്നു രാഷ്ട്രപതി. ധാന്യ വിലക്കയറ്റമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്നും രാഷ്ട്രപതി പറഞ്ഞു.

ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് പാവപ്പെട്ടവര്‍ക്കായാണെന്നു രാഷ്ട്രപതി പറഞ്ഞു. 26 കോടി ജന്‍ധന്‍ അക്കൗണ്ടുകള്‍ തുറന്നു. എല്ലാവര്‍ക്കും ഒപ്പം എല്ലാവര്‍ക്കും വികസനമെന്നതാണ് സര്‍ക്കാരിന്‍റെ നയം. 1.2 കോടി ഉപയോക്താക്കള്‍ എല്‍പിജി സബ്സിഡി ഉപേക്ഷിച്ചു. 11,000 ഗ്രാമങ്ങള്‍ വൈദ്യുതീകരിച്ചു. എല്‍പിജി സബ്സിഡി വേണ്ടെന്നു വച്ചവര്‍ പാവങ്ങളെ സഹായിക്കുകയാണു ചെയ്തത്. എല്ലാവര്‍ക്കും വീട്, ആരോഗ്യ സുരക്ഷ, ശുചിമുറികള്‍ എന്നിവ ഉറപ്പാക്കുമെന്നും രാഷ്ട്രപതി പറഞ്ഞു.

കള്ളപ്പണം തടയാന്‍ ജനങ്ങള്‍ ഒന്നിച്ചു നിന്നു. രാജ്യത്തു വിലക്കയറ്റം നിയന്ത്രിക്കാനായി. ബാങ്കിംഗ് ഇടപാടുകള്‍ സാധാരണക്കാരിലെത്തിച്ചതോടെ കറന്‍സി രഹിത സാമ്പത്തിക വ്യവസ്ഥ എന്നതു യാഥാര്‍ഥ്യമാവുകയാണ്. സ്ത്രീ ശാക്തീകരണത്തിനായി പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. കര്‍ഷകരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ നടപടികളെടുത്തിട്ടുണ്ട്.

കുറഞ്ഞ പ്രീമിയത്തിലുള്ള പ്രധാന്‍ മന്ത്രി ഫസല്‍ ഭീമാ യോജനയില്‍ തുക ഇരട്ടിയാക്കി. ഗ്രാമീണ മേഖലയിെല സ്ത്രീകള്‍ക്കായി യോഗ്യരായ ഡോക്ടര്‍മാരെ നിയോഗിക്കാന്‍ ക‍ഴിഞ്ഞു. മൂന്നു കോടി കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ റുപേ കാര്‍ഡുകളായി ഉടന്‍ മാറ്റും. യുവാക്കളുടെ വൈദഗ്ധ്യം വര്‍ധിപ്പിക്കാനും അവര്‍ക്കു കൂടുതല്‍ തൊ‍ഴില്‍ അവസരങ്ങള്‍ ഉറപ്പാക്കാനും നടപടികളെടുത്തിട്ടുണ്ട്. യുവാക്കള്‍ക്ക് രാജ്യാന്തര നിലവാരത്തില്‍ തൊ‍ഴില്‍ പരിശീലനം നല്‍കാന്‍ അമ്പത് ഇന്ത്യ ഇന്‍റര്‍നാഷണല്‍ സ്കില്‍ സെന്‍ററുകള്‍ക്കു തുടക്കം ഇടുന്നു. ഏ‍ഴു ലക്ഷം വിദ്യാര്‍ഥികള്‍ക്കു ഗുണകരമാകുന്ന രീതിയിലാണ് പ്രധാന്‍മന്ത്രി യുവ യോജന പദ്ധതി ആരംഭിച്ചിക്കുന്നത്. യുവാക്കള്‍ക്കു സംരംഭകത്വ പരിശീലനവും അറിവും പകരുന്നതാണ് ഇത്.

കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിലെ യുവാക്കള്‍ക്കു രാജ്യത്ത് കുറഞ്ഞ മുടക്കില്‍ ഉന്നതവിദ്യാഭ്യാസം ചെയ്യാനുള്ള സാഹചര്യം ഒരുങ്ങി. കേള്‍വിക്കുറവുള്ളവരെയും പഠനവൈകല്യമുള്ളവരെയും സ്പെഷല്‍ ഡിസേബിലിറ്റീസ് ആക്ടിന്‍റെ പരിധിയില്‍ പെടുത്തി. രാജ്യത്തിന്‍റെ വടക്കുകി‍ഴക്കന്‍ സംസ്ഥാനങ്ങളിലുള്ള മീറ്റര്‍ഗേജ് റെയിലുകള്‍ ബ്രോഡ്ഗേജ് ആക്കും.

ബേഠി ബചാവോ ബേഠി പഠാവോ പദ്ധതി വിപുലമായ പ്രതികരണമുണ്ടാക്കുന്നുണ്ട്. മറ്റേണിറ്റി ബെനഫിറ്റ് ആക്ടിലെ പരിഷ്കാരം തൊ‍ഴിലെടുക്കുന്ന സ്ത്രീകള്‍ക്കു ഗുണം ചെയ്തു. നമ്മുടെ സ്ത്രീകള്‍ തുല്യാവകാശം അര്‍ഹിക്കുന്നവരാണ്. അതിനുള്ള നടപടികളുണ്ടാകും. ഒളിമ്പിക്സില്‍ മെഡലുകള്‍നേടിയ ദിപ കര്‍മാക്കര്‍, സാക്ഷി മല്ലിക്ക്, പി വി സിന്ധു എന്നിവരെ രാഷ്ട്രപതി അനുമോദിച്ചു.

അതേസമയം, ബജറ്റ് സമ്മേളനത്തില്‍ ഏതു വിഷയത്തിലും ആരോഗ്യകരമായ ചര്‍ച്ചയാകാമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ബജറ്റ് സമ്മേളനം ആരംഭിക്കുന്നതിനു തൊട്ടുമുമ്പായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പൊതു ബജറ്റും റെയില്‍ ബജറ്റും ഒന്നിച്ചു നേരത്തെ അവതരിപ്പിച്ച് ഈ വര്‍ഷം ചരിത്രം കുറിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News