ഷാര്‍ജയില്‍ ലൈംഗികബന്ധത്തിന് ശേഷം ഇന്ത്യന്‍ ഡ്രൈവറെ കൊലപ്പെടുത്തി; പ്രതികളായ വീട്ടുജോലിക്കാരികള്‍ക്ക് വധശിക്ഷ

ഷാര്‍ജ: ഷാര്‍ജയില്‍ ഇന്ത്യക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ യുവതികള്‍ക്ക് ഷാര്‍ജ ശരീഅത്ത് കോടതി വധശിക്ഷ വിധിച്ചു. ലൈംഗികബന്ധത്തിന് ശേഷം രണ്ടു യുവതികളും ചേര്‍ന്നു ഡ്രൈവറെ കൊലപ്പെടുത്തുകയായിരുന്നെന്നാണു കേസ്. 32കാരിയായ ഇന്തോനേഷ്യന്‍ യുവതിയും 35കാരിയായ ഫിലിപ്പീനയുമാണ് ഷാര്‍ജ പൊലീസിന്റെ പിടിയിലായത്. ആസൂത്രിത കൊലപാതകം, അനാശാസ്യം എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

2014 ഒക്ടോബര്‍ 14നാണ് കേസിനാസ്പദമായ സംഭവം. അല്‍ ഖറായിനിലെ വീട്ടിലെ മുറിയിലാണ് 43കാരനായ ഡ്രൈവറെ കൊലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ അസ്വാഭാവികതയൊന്നും കണ്ടെത്താനായിരുന്നില്ല. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ ശ്വാസം മുട്ടിയാണ് ഇയാള്‍ മരിച്ചതെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനകളിലാണ് മരണം കൊലപാതകമാണെന്ന് വ്യക്തമായത്. ഡ്രൈവറുടെ കഴുത്തില്‍ കണ്ട പാടുകള്‍ കഴുത്തുഞെരിച്ച് കൊന്നതാണെന്ന് വ്യക്തമാക്കുന്നതായിരുന്നു. തുടര്‍ന്നാണ് വീട്ടിലെ ജോലിക്കാരികളെ കേന്ദ്രീകരിച്ച് അന്വേഷണം നീണ്ടത്. തുടര്‍ച്ചയായ ചോദ്യം ചെയ്യലിലാണ് ഇവര്‍ കുറ്റം സമ്മതിച്ചത്.

പ്രതികളായ രണ്ടു സ്ത്രീകളുമായും ഇയാള്‍ക്ക് അവിഹിതബന്ധമുണ്ടായിരുന്നു. എന്നാല്‍ അക്കാര്യം ഇരുവരും വൈകിയാണ് അറിയുന്നത്. ഇതാണ് കൊലപാതകത്തിന് കാരണമായതായി പറയുന്നത്. തങ്ങളെ ഭീഷണിപ്പെടുത്തി ശാരീരികമായി പീഡിപ്പിക്കുന്നതു കൊണ്ടാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും ഇരുവരും മൊഴി നല്‍കി. ലൈംഗിക ബന്ധത്തിന് ശേഷമാണ് സ്ത്രീകളിലൊരാള്‍ ഡ്രൈവറെ കൊലപ്പെടുത്തിയത്. ശേഷം മുറി വൃത്തിയാക്കി പുറത്തുനിന്ന് പൂട്ടി. അല്‍പസമയത്തിന് ശേഷം ഡ്രൈവറെ കാണുന്നില്ലെന്ന് പറഞ്ഞ് സ്‌പോണ്‍സറെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ സ്‌പോണ്‍സറാണ് വിവരം പൊലീസില്‍ അറിയിച്ചത്. സ്ത്രീകള്‍ മൂന്നു വര്‍ഷമായി ഇവിടെ തന്നെയാണ് ജോലി ചെയ്യുന്നത്.

പ്രതികള്‍ക്ക് മാപ്പു നല്‍കാനാവില്ലെന്ന് കൊല്ലപ്പെട്ടയാളുടെ കുടുംബം വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് കോടതി വധശിക്ഷ വിധിച്ചത്. പ്രതികള്‍ക്കു പരമാവധി ശിക്ഷ നല്‍കണമെന്നാണ് കൊല്ലപ്പെട്ടയാളുടെ സഹോദരന്‍ വാദിച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here