ലക്ഷ്മി നായർക്ക് ഹൈക്കോടതിയിൽ തിരിച്ചടി; സമരപ്പന്തൽ പൊളിച്ചു മാറ്റേണ്ടതില്ലെന്നു ഹൈക്കോടതി; കോളജിനു പൊലീസ് സംരക്ഷണം നൽകണം

കൊച്ചി: ലോ അക്കാദമി വിദ്യാർത്ഥികളുടെ സമരം പൊളിക്കാൻ കോടതിയെ സമീപിച്ച ലക്ഷ്മി നായർക്കു ഹൈക്കോടതിയിൽ തിരിച്ചടി. കോളജിനു മുന്നിലെ സമരപ്പന്തൽ പൊളിച്ചുമാറ്റണമെന്ന ലക്ഷ്മി നായരുടെ ഹർജി ഹൈക്കോടതി തള്ളി. ആവശ്യത്തിൽ ഇപ്പോൾ ഇടപെടാനാകില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. അതേസമയം കോളജിനുള്ളിൽ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന നടപടികൾ ഉണ്ടാകരുതെന്നും ഹൈക്കോടതി നിർദേശം നൽകി. സമരപ്പന്തൽ പൊൡച്ചുമാറ്റാൻ അനുവദിക്കണമെന്നു ആവശ്യപ്പെട്ടായിരുന്നു ഹർജി.

സമരത്തെ നിയമവഴിയിൽ നേരിടാനൊരുങ്ങിയ ലക്ഷ്മി നായർക്ക് തിരിച്ചടിയായിരിക്കുകയാണ് ഹൈക്കോടതി വിധി. മാനേജ്‌മെന്റിനും വിദ്യാർത്ഥികൾക്കും കോളജിനുള്ളിൽ പ്രവേശിക്കുന്നതിന് തടസം നേരിടുന്ന നടപടികൾ ഉണ്ടാകരുതെന്നു കോടതി നിർദേശിച്ചു. ഇത്തരം പ്രവർത്തികൾ ഉണ്ടായാൽ പൊലീസിന് ഇടപെടാമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. എന്നാൽ ക്യാംപസിലെ സഞ്ചാര സ്വാതന്ത്ര്യം തങ്ങൾ തടഞ്ഞിട്ടില്ലെന്ന് വിദ്യാർത്ഥി സംഘടനകൾ കോടതിയെ അറിയിച്ചു.

ലോ അക്കാദമിക്കു മുന്നിലെ സമരപ്പന്തൽ പൊളിക്കണമെന്ന് ആവശ്യപ്പെട്ടാണ് ലക്ഷ്മി നായർ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഇതേ കാര്യം ആവശ്യപ്പെട്ട് രണ്ടാം തവണയാണ് ലക്ഷ്മി നായർ ഹൈക്കോടതിയിൽ ഹർജി നൽകിയത്. കോളജ് കവാടത്തിനു മുന്നിൽ സ്ഥാപിച്ചിരിക്കുന്ന സമരപ്പന്തലുകൾ പൊളിച്ചുനീക്കാൻ നിർദേശം നൽകണം. ഹൈക്കോടതിയുടെ മുൻ ഉത്തരവ് നടപ്പാക്കാൻ നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹർജി സമർപിച്ചിരുന്നത്. സമരം ഇന്നു തന്നെ അവസാനിപ്പിക്കാൻ ശ്രമിക്കുമെന്ന് ഡയറക്ടർ നാരായണൻ നായർ പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ ഇന്നു വീണ്ടും ചർച്ച നടക്കുന്നുണ്ട്. ചർച്ചയുടെ പശ്ചാത്തലത്തിൽ ലോ അക്കാദമി പരിസരത്ത് വലിയ പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്.

ലക്ഷ്മി നായരെ പ്രിൻസിപ്പൽ സ്ഥാനത്തു നിന്നു മാറ്റുന്ന കാര്യം ആലോചിക്കുന്നതിനാണ് ഇന്നു വീണ്ടും ചർച്ച നടക്കുന്നത്. ഡയറക്ടർ ബോർഡ് യോഗം ചേർന്ന ശേഷം രാത്രി എട്ടു മണിക്കു വിദ്യാർത്ഥി സംഘടനാ പ്രതിനിധികളുമായും ചർച്ച നടക്കും. ഇന്നലെ നടന്ന ചർച്ച മാനേജ്‌മെന്റിന്റെ പിടിവാശി മൂലം പരാജയപ്പെട്ടിരുന്നു. ലക്ഷ്മി നായരെ രാജിവയ്പ്പിക്കാതെ മാറ്റിനിർത്തിയുള്ള പ്രശ്‌നപരിഹാരത്തിനാണ് മാനേജ്‌മെന്റ് ശ്രമിച്ചത്.

പ്രിൻസിപ്പലിനെ മാറ്റിനിർത്തി വൈസ് പ്രിൻസിപ്പലിനെ ചാർജ് ഏൽപിച്ച് തടിതപ്പാനായിരുന്നു മാനേജ്‌മെന്റിന്റെ ശ്രമം. എന്നാൽ, ലക്ഷ്മി നായർ രാജി വയ്ക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വിദ്യാർത്ഥികൾ അറിയിച്ചു. സമരങ്ങളെ അവഹേളിക്കുന്ന നിലപാടാണ് മാനേജ്‌മെന്റ് ഉയർത്തിയതെന്ന് വിദ്യാർത്ഥി സംഘടനകൾ ആരോപിച്ചു. വിദ്യാർത്ഥികളെ പീഡിപ്പിക്കുന്നതിൽ കുറ്റാരോപിതയായ പ്രിൻസിപ്പൽ തുടരരുത്. പ്രിൻസിപ്പലിനെ താൽക്കാലികമായി മാറ്റി നിർത്തുമെന്ന നിലപാടിനോട് യോജിപ്പില്ല. വൈസ് പ്രിൻസിപ്പലിനെ താൽക്കാലിക ചാർജ്ജ് നൽകാമെന്ന നിലപാടിനോട് യോജിപ്പില്ല. പ്രിൻസിപ്പലിന്റെ രാജിയിൽ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ലെന്നും വിദ്യാർത്ഥി സമര നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News