പുനെ: കൊല്ലപ്പെട്ട ഇന്‍ഫോസിസ് ജീവനക്കാരി രസീലയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് കമ്പനി അറിയിച്ചു. രസീലയുടെ ബന്ധുവിന് ജോലിയും നല്‍കാമെന്നും ഇന്‍ഫോസിസ് രേഖാമൂലം അറിയിച്ചു. മരണവിവരമറിഞ്ഞ് പൂനെയിലെത്തിയ ബന്ധുക്കളോടാണ് ഇന്‍ഫോസിസ് ഇക്കാര്യം അറിയിച്ചത്.
തിങ്കളാഴ്ച വൈകീട്ട് പൂനെയിലെത്തിയ രസീലയുടെ പിതാവ് രാജു, ഇളയച്ഛന്‍ വിനോദ് കുമാര്‍, അമ്മാവന്‍ സുരേഷ് എന്നിവര്‍ ഇന്‍ഫോസിസ് സന്ദര്‍ശിച്ചിരുന്നു. കൊലപാതകം നടന്ന സ്ഥലം കാണാതെ മൃതദേഹം ഏറ്റു വാങ്ങില്ലെന്നറിയിച്ചതോടെയാണ് സംഭവം നടന്ന സ്ഥലം സന്ദര്‍ശിക്കാന്‍ ഇന്‍ഫോസിസ് അധികൃതര്‍ ഇവരെ അനുവദിച്ചത്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹവുമായി ബന്ധുക്കള്‍ ചൊവ്വാഴ്ച രാവിലെ 8.30ന് നാട്ടിലേക്ക് തിരിച്ചു.
അതേസമയം, മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. കമ്പ്യൂട്ടര്‍ വയര്‍ കഴുത്തില്‍ ചുറ്റിയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറയുമ്പോഴും രസീലയുടെ മുഖം വികൃതമായ നിലയിലാണെന്നാണ് ബന്ധുക്കളുടെ ആരോപണം. അതിനാല്‍ ഒരാള്‍ക്ക് മാത്രമായി കൊലപാതകം നടത്താന്‍ സാധിക്കില്ലെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നുമാണ് ഇവര്‍ പറയുന്നത്. രസീലയുടെ മൊബൈല്‍ ഫോണും നഷ്ടമായതായി രക്ഷിതാക്കള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
പൂനെയിലെ ഹിഞ്ചേവാഡി ടെക്‌നോളജി പാര്‍ക്കിലെ ഇന്‍ഫോസിസ് ഓഫീസില്‍ ഞായറാഴ്ച വൈകീട്ടോടെയാണ് കോഴിക്കോട് സ്വദേശിയായ രസീലയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
Get real time update about this post categories directly on your device, subscribe now.