ടോംസ് കോളേജില്‍ വിദ്യാര്‍ഥി പീഡനത്തിന് പുറമെ വന്‍ ഫീസ് കൊള്ളയും; ഒരു വിദ്യാര്‍ഥിയില്‍ നിന്നും ഒരു വര്‍ഷം അധികം വാങ്ങുന്നത് ഒന്നേകാല്‍ ലക്ഷം രൂപ

തിരുവനന്തപുരം: മറ്റക്കര ടോംസ് കോളേജില്‍ വിദ്യാര്‍ഥി പീഡനത്തിന് പുറമെ വന്‍ ഫീസ് കൊള്ളയും. കരാര്‍ പ്രകാരം ഒരു വര്‍ഷം വാങ്ങേണ്ടത് 90,000 രൂപ എന്നിരിക്കെ ടോംസ് കോളേജ് വാങ്ങുന്നത് രണ്ടു ലക്ഷത്തി പതിനാലായിരം രൂപയാണ്. ഒരു വിദ്യാര്‍ഥിയില്‍ നിന്നും ഒരു വര്‍ഷം അധികമായി വാങ്ങുന്നത് ഒരു ലക്ഷത്തി ഇരുപത്തിനാലായിരം രൂപയാണ്. നാലു വര്‍ഷമായി നാലു ലക്ഷത്തിതൊണൂറ്റി ആറായിരം രൂപയും.

വിദ്യാര്‍ഥി പീഡനത്തെ തുടര്‍ന്ന് സര്‍വകലാശാല, കോളേജിന്റെ അഫിലിയേഷന്‍ റദ്ദാക്കിയതിന് പിന്നാലെയാണ് ഫീസ് കൊള്ളയുടെ തെളിവും പുറത്ത് വരുന്നത്. സര്‍ക്കാരുമായി ഉണ്ടാക്കിയ കരാര്‍പ്രകാരം രണ്ട് സെമസ്റ്ററുകളിലായി ഒരു വിദ്യാര്‍ഥിയില്‍ നിന്നും വാങ്ങേണ്ടത് 90,000 രൂപയാണ്. എന്നാല്‍ ടോംസ് കോളേജ് വാങ്ങുന്നതാകട്ടെ 2,14,000 രൂപ. സ്‌പെഷ്യല്‍ ഫീസായി 25,000 രൂപ, സര്‍ലകലാശാലയും പരീക്ഷാ ഫീസുമായി 5000 രൂപ, ഉപകരണങ്ങള്‍ യൂണിഫോം എന്നിവയ്ക്കായി 15,000, സ്‌പെഷ്യല്‍ ഫെസിലിറ്റി ഫീസായി 10,000, ഹോസ്റ്റല്‍ ഫീസായി 60,000 എന്നിങ്ങനയാണ് വിദ്യാര്‍ഥികളില്‍ നിന്നും തുക ഈടാക്കുന്നത്.

നാലു വര്‍ഷം കൊണ്ട് ബി.ടെക് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥി നിയമപ്രകാരം നല്‍ക്കേണ്ടത് 3,60,000 രൂപയാണെങ്കില്‍ മറ്റക്കര ടോംസ് കോളേജ് വാങ്ങുന്നത് 8,56,000 രൂപയാണ്. കോളേജിലെ വിദ്യാര്‍ഥികളില്‍ നിന്നും അധികമായി ഈടാക്കിയ ഫീസ് തിരികെ നല്‍കണമെന്നും വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ കോളേജില്‍ പഠനം ഉറപ്പാക്കണമെന്നും വിദ്യാഭ്യാസ സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

സ്വാശ്രയ കോളേജുകളിലെ തീവെട്ടി കൊള്ളയും അരാചകത്വത്തിലേക്കുമാണ് ഈ സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News