തൃശൂര്‍: ജിഷ്ണു പ്രണോയ് പരീക്ഷാ ഹാളില്‍ കോപ്പിയടിച്ചെന്ന് ആവര്‍ത്തിച്ച് പാമ്പാടി നെഹ്‌റു കോളേജ് അധികൃതര്‍ മനുഷ്യാവകാശ കമീഷന് റിപ്പോര്‍ട്ട് നല്‍കി. രണ്ടുതവണ നോക്കി എഴുതിയ ജിഷ്ണുവിനെ ഓഫീസില്‍ വിളിച്ചു വരുത്തി ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്നും മറ്റ് ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പ്രിന്‍സിപ്പല്‍ എ.എസ് വരദരാജന്‍ കമീഷനെ അറിയിച്ചു.
മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ തൃശൂരില്‍ നടത്തിയ സിറ്റിംഗിലാണ് കോളേജ് വിശദീകരണം നല്‍കിയത്. യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ ജിഷ്ണു കോപ്പിയടിച്ചുവെന്ന മുന്‍ വിശദീകരണത്തില്‍ നെഹ്‌റു കോളേജ് ഉറച്ചു നിന്നു. രണ്ടു തവണ ജിഷ്ണു സഹപാഠിയുടെ ഉത്തരക്കടലാസ് നോക്കി എഴുതിയെന്നും ഇത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ ഇന്‍വിജിലേറ്റര്‍ ചോദ്യം ചെയ്യുകയും ചെയ്തു. നോക്കി എഴുതിയ ഭാഗങ്ങള്‍ വെട്ടിക്കളയണമെന്ന് അധ്യാപകന്‍ ആവശ്യപ്പെട്ടു.
പരീക്ഷ കഴിഞ്ഞതോടെ ജിഷ്ണുവിനെ ഓഫീസില്‍ വിളിച്ചു വരുത്തി, ഡീബാര്‍ ചെയ്യാവുന്ന കുറ്റമാണ് ചെയ്തതെന്ന് താക്കീത് നല്‍കി. ഉപദേശിച്ച ശേഷം ജിഷ്ണുവിനെ പോകാന്‍ അനുവദിച്ചു. ജിഷ്ണുവിന് മര്‍ദ്ദനമേറ്റു എന്നതടക്കം മറ്റ് ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അതില്‍ മറുപടിയില്ലെന്നും വരദരാജന്‍ കമീഷനെ അറിയിച്ചു.
അതേസമയം, അന്വേഷണ പുരോഗതി സംബന്ധിച്ച വിശദാംശങ്ങള്‍ ഇരിങ്ങാലക്കുട എഎസ്പി കിരണ്‍ നാരായണന്‍ കമീഷനില്‍ വിശദീകരിച്ചു. ശാസ്ത്രീക തെളിവുകള്‍ ലഭ്യമായ ശേഷമേ കേസില്‍ നിഗമനത്തില്‍ എത്തിച്ചേരാനാകൂയെന്ന് കിരണ്‍ നാരായണന്‍ അറിയിച്ചു.
Get real time update about this post categories directly on your device, subscribe now.