ഇന്ത്യയിലെ ടെക്കികളുടെ അന്നം മുട്ടിച്ച് ട്രംപ്; കടുത്ത വിസാ നിയന്ത്രണവുമായി അമേരിക്ക; വിസയ്ക്ക് ശമ്പളപരിധി ഇരട്ടിയാക്കുന്ന ബില്‍ ജനപ്രതിനിധി സഭയില്‍

വാഷിംഗ്ടണ്‍ : എച്ച് വണ്‍ ബി, എല്‍ വണ്‍ വീസകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി അമേരിക്ക. വീസ ലഭിക്കാന്‍ പ്രതിവര്‍ഷ ശമ്പളം ഇരട്ടിയിലധികം വേണമെന്ന നിയമ ഭേദഗതി ബില്‍ അമേരിക്കന്‍ ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ചു. ഡൊണള്‍ഡ് ട്രംപിന്റെ പുതിയ നീക്കം ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഐടി പ്രൊഫഷണലുകള്‍ക്ക് തിരിച്ചടിയാകും.

പ്രതിവര്‍ഷ ശമ്പളം 60,000 ഡോളര്‍ ആണ് എച്ച് വണ്‍ ബി വീസയ്ക്കുള്ള പരിധി. ഇത് 1,30,000 ഡോളര്‍ ആക്കണമെന്നാണ് ബില്ലിലെ പ്രധാന ശുപാര്‍ശ. എച്ച് 1 ബി, എല്‍1 വിസയില്‍ രാജ്യത്ത് ജോലി അനുവദിക്കുന്ന തൊഴിലിടങ്ങളെല്ലാം അധികൃതരെത്തി പരിശോധിക്കും. കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമായി പാലിച്ചിട്ടില്ലെങ്കില്‍ കടുത്ത നടപടികള്‍ സ്വീകരിക്കും.

എച്ച്1 വിസകളില്‍ ജോലിചെയ്യുന്നവരുടെ ഭാര്യമാര്‍ക്ക് അമേരിക്കയില്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്ന ഇളവ് എടുത്തുകളയും. അമേരിക്കന്‍ സര്‍വകലാശാലകളിലെ പഠന ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് കുറച്ചുനാള്‍ തങ്ങാന്‍ ഇളവുണ്ട്. എന്നാല്‍ ഇത്തരം വിസാ ഇളവും ബില്‍ വഴി എടുത്തുകളയും. ഇത് വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാഭ്യാസ ശേഷം തൊഴില്‍ തേടുന്നവര്‍ക്കും തിരിച്ചടിയാവും.

ബില്‍ അവതരണത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഐടി കമ്പനികളുടെ ഓഹരികളില്‍ ഇടിവുണ്ടായി. ഇന്ത്യ അടക്കം നിരവധി രാജ്യങ്ങളില്‍ നിന്നുള്ള ഐടി വിദഗ്ധര്‍ എച്ച് വണ്‍ ബി വീസയില്‍ യുഎസില്‍ ജോലി ചെയ്യുന്നുണ്ട്. അമേരിക്കയില്‍ ജോലി ചെയ്യുന്നവരേയും അവരുടെ കുടുംബത്തേയും പുതിയ നിയമം സാരമായി ബാധിക്കും.

ബില്ലിലെ നിര്‍ദ്ദേശങ്ങളില്‍ ഇന്ത്യന്‍ ബഹുരാഷ്ട്ര കമ്പനികള്‍ക്കും ഐടി കമ്പനികള്‍ക്കും എതിര്‍പ്പുണ്ട്. പ്രൊഫഷണലുകളെ ലഭിക്കാന്‍ വിസ നിയന്ത്രണം തിരിച്ചടിയാകുമെന്നാണ് ഇവരുടെ വാദം. ഐടി അനുബന്ധ ജോലികള്‍ക്കായി അനുവദിക്കുന്ന വിസയില്‍ 86 ശതമാനവും ഇന്ത്യക്കാര്‍ക്കാണ് ലഭിക്കുന്നത്. എന്‍ജിനീയറിംഗ് മേഖലയിലെ 43 ശതമാനം വിസയും ഇന്ത്യക്കാര്‍ക്കാണ് അനുവദിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News