തമിഴ്‌നാട്ടിൽ ഇന്നുമുതൽ പെപ്‌സിയും കൊക്കക്കോളയും വിൽക്കില്ല; തീരുമാനം വ്യാപാരി വ്യവസായി സംഘടനയുടേത്; പ്രതിഷേധം കടുത്ത വരൾച്ചയിലും ജലമൂറ്റ് തുടരുന്നതിനെതിരെ

ചെന്നൈ: തമിഴ്‌നാട്ടിൽ ഇന്നുമുതൽ പെപ്‌സി, കൊക്കക്കോള തുടങ്ങിയ ഉൽപന്നങ്ങൾ വിൽക്കില്ല. വ്യാപാരി വ്യവസായി സംഘടനകളാണ് വ്യാപാരികൾക്ക് ഇത്തരത്തിൽ നിർദേശം നൽകിയത്. കടുത്ത വരൾച്ചയിൽ കുടിവെള്ളം പോലും ഇല്ലാതെ ജനങ്ങൾ കഷ്ടപ്പെടുന്നതിനിടയിലും ഈ കമ്പനികൾ ജലമൂറ്റ് തുടരുന്നതിൽ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണ തീരുമാനം. മാർച്ച് ഒന്നുമുതൽ പെപ്‌സിയും കൊക്കക്കോളയും വിൽക്കരുതെന്നു നേരത്തെ തന്നെ സംഘടനകൾ വ്യാപാരികൾക്കു നിർദേശം നൽകിയിരുന്നു. ഈ നിർദേശമാണ് നടപ്പിലാകുന്നത്.

തമിഴ്‌നാട് വണികർ കൂട്ടമൈപ്പു പേരവൈ, തമിഴ്‌നാട് ട്രേഡേഴ്‌സ് ഫെഡറേഷൻ എന്നീ സംഘടനകളാണ് കൊക്കക്കോളയും പെപ്‌സിയും വിൽക്കരുതെന്നു ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. സംഘടനകളിൽ അംഗങ്ങളായ വ്യാപാരികളുടെ കടകളിൽ ഇന്നുമുതൽ ഉൽപന്നങ്ങൾ വിൽക്കരുതെന്നാണ് നിർദേശം. ഈ രണ്ടു സംഘടനകളിലുമായി 15 ലക്ഷം വ്യാപാരികൾ അംഗങ്ങളാണ്. ശീതളപാനീയ കമ്പനികളുടെ ജലചൂഷണം തടയുക എന്ന ലക്ഷ്യം കൂടി വ്യാപാരി സംഘടനകൾക്കുണ്ട്.

കടുത്ത വരൾച്ച മൂലം കർഷകർ ദുരിതത്തിൽ കഴിയുകയാണ്. ഇതിനിടയിലും ജലം ഊറ്റിയെടുത്ത് ശീതളപാനീയങ്ങൾ ഉൽപാദിപ്പിച്ച് ചൂഷണം നടത്തുന്നത് തടയുകയാണഅ ലക്ഷ്യം. ഉൽപന്നങ്ങളിൽ വിഷാംശമുള്ളതായി പരിശോധനകളിൽ വ്യക്തമായ സ്ഥിതിക്ക് ഇതു വിൽക്കുന്നത് കുറ്റകരമാണെന്നാണ് സംഘടനയുടെ നിലപാട്. മലയാളികളുടെ നേതൃത്വത്തിലുള്ള ചെന്നൈ ചായക്കട ഉടമസ്ഥസംഘത്തിന്റെ പിന്തുണയും ഇതിനുണ്ട്. പ്രസിഡന്റ് ടി. അനന്തൻ ആണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം, മുന്നറിയിപ്പ് ലംഘിച്ച് ശീതളപാനീയങ്ങൾ വിൽക്കുന്ന കടയുമകൾക്കെതിരെ നടപടിയുണ്ടാകുമെന്നും സംഘടനകൾ അറിയിച്ചിട്ടുണ്ട്. ജെല്ലിക്കെട്ട് പ്രക്ഷോഭത്തോട് അനുബന്ധിച്ചാണ് തമിഴ്‌നാട്ടിൽ പെപ്‌സി, കൊക്കക്കോള ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കാൻ ആഹ്വാനമുയർന്നത്. ഈ ശീതളപാനീയങ്ങളിൽ കീടനാശിനികളും വിഷാംശങ്ങളും ഉണ്ടെന്ന് തെളിയിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ ഇവയുടെ വിൽപന തടയേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി തങ്ങൾ നിരന്തരപ്രക്ഷോഭം നടത്തിയെങ്കിലും സർക്കാർ കോർപ്പറേറ്റുകളെ സംരക്ഷിക്കാനാണ് ശ്രമിച്ചതെന്ന് തമിഴ്‌നാട് ട്രേഡേഴ്‌സ് ഫെഡറേഷൻ പ്രസിഡന്റ് ടി. വെള്ളയ്യൻ ആരോപിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here