പാചകവാതക വില കുത്തനെ കൂട്ടി കേന്ദ്രസർക്കാർ; സബ്‌സിഡി സിലിണ്ടറിന് 86 രൂപയും സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 90 രൂപയും കൂട്ടി; വാണിജ്യ സിലിണ്ടറിന് 149 രൂപ കൂടും

ദില്ലി: പാചകവാതക വില കുത്തനെ കൂട്ടി കേന്ദ്രസർക്കാർ. ഗാർഹിക ആവശ്യത്തിനും വാണിജ്യ ആവശ്യങ്ങൾക്കുമുള്ള സിലിണ്ടറുകൾക്കാണ് സർക്കാർ വില വർധിപ്പിച്ചത്. സബ്‌സിഡിയുള്ള സിലിണ്ടറിന് 86.50 രൂപയും സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 90 രൂപയുമാണ് വർധിപ്പിച്ചത്. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 149 രൂപയാണ് കൂടിയത്. പുതുക്കിയ വില നിലവിൽ വന്നു. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് പാചകവാതകത്തിനു വില വർധിക്കുന്നത്.

പുതുക്കിയ വിലനിലവാരം ഇങ്ങനെയാണ്. ഗാർഹികാവശ്യത്തിനുള്ള സബ്‌സിഡിയുള്ള സിലിണ്ടറിന് ഇനിമുതൽ 750 രൂപ നൽകേണ്ടി വരും. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 764.50 രൂപയാകും. വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ടർ ലഭിക്കാൻ 1386 രൂപ നൽകേണ്ടി വരും. ജനുവരി അവസാനം സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 69.50 രൂപയും സബ്‌സിഡിയുള്ളവയ്ക്ക് 65.91 രൂപയും വർധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വർധനവ്. ആഗോള വിപണിയിൽ ക്രൂഡോയിൽ വിലവർധിച്ചതാണ് വിലവർധനയ്ക്ക് കാരണമായി പറയുന്നത്.

അടിക്കടിയുണ്ടാകുന്ന വിലവർധനവ് ചില്ലറ പ്രതിഷേധമൊന്നുമല്ല രാജ്യത്തുണ്ടാക്കുന്നത്. കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നോട്ട് നിരോധനത്തിൽ നിന്നു ജനങ്ങൾ കരകയറി വരുന്നതേയുള്ളു. അതിനിടയിൽ മാസംതോറുമുള്ള ഈ പാചകവാതക വിലവർധനവ് സാധാരണക്കാർക്ക് ഇരട്ടപ്രഹരമാകുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News