ആശുപത്രിയിൽ നിന്നു മാറിപ്പോയ കുഞ്ഞുങ്ങളെ മാതാപിതാക്കൾക്ക് തിരികെ കിട്ടി; യഥാർത്ഥ മാതാപിതാക്കളെ തിരിച്ചറിഞ്ഞത് ഡിഎൻഎ പരിശോധനയിലൂടെ

കൊല്ലം: പ്രസവശേഷം ആശുപത്രിയിൽ നിന്നു മാറിപ്പോയ നവജാത ശിശുക്കളെ യഥാർത്ഥ മാതാപിതാക്കൾക്ക് തിരികെ കിട്ടി. ഡിഎൻഎ പരിശോധനയിലൂടെയാണ് മാസങ്ങൾക്കു ശേഷം യഥാർത്ഥ മാതാപിതാക്കളെ കണ്ടെത്തിയത്. കൊല്ലം മയ്യനാട് സ്വദേശികളായ അനീഷ്-റംസി ദമ്പതികൾക്കും ഉമയനെല്ലൂർ സ്വദേശികളായ നൗഷാദ്-ജസീറ ദമ്പതികൾക്കുമാണ് സ്വന്തം കുഞ്ഞിനെ തിരികെ കിട്ടിയത്. കഴിഞ്ഞ ഓഗസ്റ്റ് 22നു മെഡിക്കൽ കോളജിൽ നടന്ന പ്രസവത്തിലാണ് കുഞ്ഞുങ്ങളെ മാറിപ്പോയത്. ആശുപത്രി അധികൃതരുടെ അനാസ്ഥ കാരണം കുട്ടികളെ മാറുകയായിരുന്നു.

പ്രസവത്തിനു ശേഷം അമ്മമാർക്ക് കുട്ടികളെ മാറി നൽകുകയായിരുന്നു. ആശുപത്രി അധികൃതർക്ക് പറ്റിയ അശ്രദ്ധയെ തുടർന്ന് മാസങ്ങളോളം രണ്ടു അമ്മമാരും തങ്ങളുടേതല്ലാത്ത കുട്ടികളെ വളർത്തുകയായിരുന്നു. ഒടുവിൽ കുട്ടികളുടെയും മാതാപിതാക്കളുടെയും ഡിഎൻഎ പരിശോധനകളും രക്തസാമ്പിളുകളുടെ പരിശോധനകളും നടത്തിയാണ് കുട്ടികളെ തിരിച്ചറിഞ്ഞത്. പിഴവ് അംഗീകരിക്കാൻ ആശുപത്രി കൂട്ടാക്കാതിരുന്നതിനെ തുടർന്ന് കൊല്ലം ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഇടപെടലാണ് മാതാപിതാക്കൾക്ക് സ്വന്തം രക്തത്തിൽ പിറന്ന കുട്ടികളെ തിരിച്ചു കിട്ടാൻ ഇടയായത്.

ഓഗസ്റ്റ് 22നു രാവിലെയാണ് റംസിയും ജസീറയും കുഞ്ഞുങ്ങൾക്ക് ജൻമം നൽകിയത്. ഒരേ സമയത്തു നടന്ന പ്രസവമായതിനാൽ കുഞ്ഞുങ്ങളെ മാറിപ്പോകാതിരിക്കാൻ കുട്ടിയെ പൊതിയാൻ വാങ്ങിക്കൊടുത്ത ടവ്വലിൽ അടയാളം വച്ചിരുന്നു. റംസിയുടെ പേരെഴുതി ടാഗൊട്ടിച്ച പച്ച ടവ്വലായിരുന്നു നൽകിയിരുന്നത്. ജസീറയുടെ കുഞ്ഞിന് മഞ്ഞ ടവ്വലും വാങ്ങി നൽകി. എന്നാൽ, കുട്ടികളെ ലഭിച്ചപ്പോൾ റംസിക്ക് മഞ്ഞ ടവ്വലും ജസീറയ്ക്ക് പച്ച ടവ്വലും. ചോദിച്ചപ്പോൾ ടവ്വൽ മാറിപ്പോയതാണെന്നു മറുപടി. കുഞ്ഞിനെ മാറിയെന്ന് റംസയുടെ മാതാവ് സുബൈദ ചെന്നു പറഞ്ഞപ്പോൾ ഡോക്ടർ ദേഷ്യപ്പെടുകയും ചെയ്തു. നാലു ദിവസം കഴിഞ്ഞ റംസി കുഞ്ഞുമായി പോയി.

കുഞ്ഞിന്റെ രക്തഗ്രൂപ്പ് ഒ പോസിറ്റീവ് എന്നായിരുന്നു കുറിച്ചിരുന്നത്. നാലു മാസം ഈ കുഞ്ഞിനെ പാലൂട്ടുകയും ചെയ്തു. ഇതിനിടയിൽ പ്രതിരോധ കുത്തിവെയ്പ്പിനായി ചെന്നപ്പോൾ നടത്തിയ രക്തപരിശോധനയിൽ ഗ്രൂപ്പ് എ പോസിറ്റീവ് എന്നു കണ്ടതു മുതലാണ് പഴയ സംശയം വീണ്ടും ജനിച്ചത്. പിന്നീട് പല തവണ ആശുപത്രിയെ സമീപിക്കുകയും അവർ കയ്യൊഴിയുകയും ചെയ്തതോടെ കൊല്ലം ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ പരാതി നൽകുകയായിരുന്നു.

തുടർന്ന് കമ്മിറ്റി ആശുപത്രിയെ വിളിച്ചു വരുത്തി ഡിഎൻഎ പരിശോധന ആവശ്യപ്പെടുകയായിരുന്നു. ആദ്യം അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ഡിഎൻഎ എടുത്തുള്ള പരിശോധനയും പിന്നീട് രക്തസാമ്പിളുകളുടെ പരിശോധനയും കഴിഞ്ഞതോടെ ഇരുദമ്പതികൾക്കും തങ്ങളുടെ കൈവശം ഇരിക്കുന്ന കുഞ്ഞിന്റെ ഉടമസ്ഥാവകാശം എതിർ വിഭാഗത്തിനാണെന്നു മനസ്സിലായി. ഇരുവരും ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ വെച്ചു തന്നെ കുഞ്ഞുങ്ങളെ പരസ്പരം മാറ്റി നൽകി പ്രശ്‌നം പരിഹരിക്കുകയും ചെയ്തു. ആശുപത്രിക്കെതിരേ നടപടിയെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News