അതിവേഗ 5ജി ഇന്റർനെറ്റുമായി ജിയോ എത്തുന്നു; പുതിയ സംരംഭം സാംസംഗുമായി കൈകോർത്ത്

ദില്ലി: 4ജി ഇന്റർനെറ്റുകൾ പഴങ്കഥയാക്കി അതിവേഗ 5ജി ഇന്റർനെറ്റുകൾ രംഗം കീഴടക്കാനെത്തുന്നു. പരിധിയില്ലാത്ത സൗജന്യ സേവനം ഒരുക്കി ഞെട്ടിച്ച റിലയൻസ് ജിയോ ആണ് അതിവേഗ 5ജി ഇന്റർനെറ്റുമായി എത്തുന്നത്. സാംസംഗുമായി കൈകോർത്തു കൊണ്ടായിരിക്കും അഞ്ചാംതലമുറ ഇന്റർനെറ്റ് സേവനം ഒരുക്കുകയെന്നു റിലയൻസ് പ്രഖ്യാപിച്ചു. ബാഴ്‌സലോണയിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ ആണ് റിലയൻസ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സാംസംഗ് സ്മാർട്ട് ഫോണുകളിൽ ജിയോ ആപ്പ് ഉൾപ്പെടുത്താനും ധാരണയായിട്ടുണ്ട്.

ഇന്ത്യയൊട്ടുക്കും ജിയോ തരംഗം കത്തിനിൽക്കുന്നതിനിടയിലാണ് പുതിയ പ്രഖ്യാപനവുമായി റിലയൻസ് എത്തുന്നത്. സാംസംഗുമായി ചേർന്ന് ഇന്ത്യയിൽ അതിവേഗ അഞ്ചാംതലമുറ ഇന്റർനെറ്റ് സൗകര്യം കൊണ്ടുവരുമെന്നു റിലയൻസ് പ്രഖ്യാപിച്ചു. 5ജി ശ്രേണിയിൽ ഉപയോഗിക്കുന്ന മറ്റു മൊബൈൽ ഉപകരണങ്ങളും സാംസംഗ് മൊബൈൽ കോൺഗ്രസിൽ അവതരിപ്പിച്ചു.

ജിയോയുടെ പ്രൈം താരിഫ് കഴിഞ്ഞയാഴ്ചയാണ് റിലയൻസ് അവതരിപ്പിച്ചത്. ഏപ്രിൽ മുതൽ ജിയോ സേവനങ്ങൾക്ക് പണം നൽകണം എന്നതാണ് പുതിയ താരിഫ്. അതിനു ആദ്യം 99 രൂപ ഒറ്റത്തവണ അംഗത്വ ഫീസ് നൽകി ജിയോ പ്രൈം ക്ലബിൽ അംഗമാകണം. പ്രതിമാസം 303 രൂപ വരിസംഖ്യ അടച്ചാൽ മാത്രമേ ഇന്റർനെറ്റ് അടക്കമുള്ളവ ഉപയോഗിക്കാനാവൂ. ദിവസം ഒരു ജിബി അതിവേഗ ഇന്റർനെറ്റ് ഡൗൺലോഡ് ചെയ്യാം.

നിലവിലുള്ള ജിയോ ഉപയോക്താക്കൾക്കാണ് പ്രൈം ക്ലബിൽ അംഗത്വം നൽകുക. ഇതിനായി മൈജിയോ ആപ്പിലൂടെയോ അടുത്തുള്ള റിലയൻസ് ജിയോ സ്റ്റോറിലൂടെയോ സാധിക്കും. 99 രൂപയാണ് നൽകേണ്ടത്. മാർച്ച് ഒന്നു മുതൽ അംഗത്വം നൽകിത്തുടങ്ങും. കൂടുതൽ താരിഫ് പ്ലാനുകൾ പിന്നാലെ വരും. നിലവിൽ സേവനങ്ങൾ ലഭ്യമാകണമെങ്കിൽ പ്രൈം അംഗത്വമെടുത്തേ പറ്റൂ.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here