നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിൽ നിർണായക തെളിവുകൾ; പ്രതികൾ നടിയെ പിന്തുടരുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു; സുനിയും സംഘവും വെള്ളം വാങ്ങുന്നതും ദൃശ്യങ്ങളിൽ

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച സംഭവത്തിൽ നിർണായക തെളിവാകുന്ന സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിനു ലഭിച്ചു. പ്രതികൾ നടിയെ പിന്തുടരുന്ന സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചത്. നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ അന്വേഷണത്തിലേക്കു വെളിച്ചം വീശുന്നതാണ് നിർണായക സിസിടിവി ദൃശ്യങ്ങൾ. നടി സഞ്ചരിച്ചിരുന്ന എസ്‌യുവി വാഹനത്തെ ടെംപോ ട്രാവലറിൽ പിന്തുടരുന്ന ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞാഴ്ചയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു.

ദേശീയപാതയോരത്തു നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചത്. ടെംപോ ട്രാവലറിൽ പ്രതികൾ നടിയെ പിന്തുടരുന്നത് ദൃശ്യങ്ങളിൽ കാണാം. ഇതേ ട്രാവലറാണ് നടിയുടെ കാറിൽ ഇടിപ്പിച്ച് പ്രതികൾ പ്രശ്‌നം ഉണ്ടാക്കിയതും. ഇതിനിടയിൽ വെണ്ണലയിൽ വണ്ടി നിർത്തി സമീപത്തെ കടയിൽ നിന്ന് വെള്ളം വാങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം. ഹൈവേയുടെ സമീപത്തുള്ള കടയിൽ സ്ഥാപിച്ച സിസിടിവിയിൽ നിന്നാണ് നിർണായകമായ തെളിവുകൾ പൊലീസിന് ലഭിച്ചത്.

നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ചതായി പരാതി ലഭിച്ചതിനു പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ദേശീയപാതയിലും പരിസരങ്ങളിലുമുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയായിരുന്നു പൊലീസ് ആദ്യം ചെയ്തത്. ഇതിലാണ് നിർണായകമായ ചില ദൃശ്യങ്ങൾ കഴിഞ്ഞയാഴ്ച ലഭിച്ചത്. ഇതിനൊപ്പം ഗോശ്രീ പാലത്തിന് സമീപത്തുള്ള ഫ് ളാറ്റുകളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിരുന്നു. ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈൽ ഫോൺ ഗോശ്രീ പാലത്തിൽ നിന്നു വലിച്ചെറിഞ്ഞു എന്നു പറഞ്ഞതു കൊണ്ടാണ് ഇവിടങ്ങളിലെ ദൃശ്യങ്ങൾ ശേഖരിച്ചത്.

നടിയെ ഉപദ്രവിച്ച് പടമുകളിൽ ഇറക്കി വിട്ട ശേഷം കൊച്ചിയിലെ ഒരു വീട്ടിൽ പൾസർ സുനി ഒരാളുമായി കൂടിക്കാഴ്ച നടത്തിയതു വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് നേരത്തെ പുറത്തുവന്നിരുന്നത്. സുനിയും മണികണ്ഠനും വിജീഷും ചേർന്ന് ഡെലിവറി വാനിലാണ് ഈ വീട്ടിൽ എത്തിയത്. പടമുകളിൽനിന്ന് ഏറെ അകലെയല്ലാത്ത സ്ഥലത്താണ് ഈ വീടുള്ളത്. നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന്റെ സൂത്രധാരനെയാണു സുനി കണ്ടെതെന്ന സംശയം ബലപ്പെടുകയാണ്. ഇത്തരത്തിലാണു പൊലീസും അന്വേഷണം നടത്തുന്നത്.

ഇവിടെയെത്തി ഇയാളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സുനി അമ്പലപ്പുഴയിലേക്കു പോയത്. പാലാരിവട്ടത്തിനും കാക്കനാടിനും ഇടയിലുള്ള പടമുകളിലാണ് നടിയെ സംഘം ഉപേക്ഷിച്ചത്. ഇവിടെനിന്നാണ് നടി സംവിധായകൻ ലാലിനെ വിളിച്ചതും സഹായം തേടിയതും. എന്തിനാണ് സുനി സംഭവത്തിനു ശേഷം ഇയാളെ കണ്ടതെന്നു വ്യക്തമായാലേ തട്ടിക്കൊണ്ടുപോകൽ എന്തിനായിരുന്നെന്നു വ്യക്തമാകൂ. ക്വട്ടേഷൻ നൽകിയാണു താൻ തട്ടിക്കൊണ്ടുപോകുന്നതെന്നു നടിയോടു സുനി കാറിൽനിന്നുതന്നെ വ്യക്തമാക്കിയിരുന്നു.

സുനിയും വിജീഷും മണികണ്ഠനും ഏയ്‌സിൻറെ ഡെലിവറി വാനിലാണ് കൂടിക്കാ!ഴ്ചയ്ക്കായി എത്തുന്നത്. സുനിയായിരുന്നില്ല വാഹനം ഓടിച്ചിരുന്നതെന്നു ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. വാഹനത്തിൽനിന്ന് പുറത്തിറങ്ങി ഒരു മതിൽ ചാടിയാണ് സുനി ഒരാളുമായി കൂടിക്കാഴ്ചയ്ക്കു പോകുന്നത്. ഇരുപതു മിനുട്ടോളം കൂടിക്കാ!ഴ്ച നീണ്ടു. മടങ്ങിവരുമ്പോൾ സുനിയുടെ കൈവശം ഒരു ബാഗുണ്ടായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News