അരിവില വർധിക്കാൻ കാരണം അരിവിഹിതം നൽകാത്ത കേന്ദ്രമെന്നു മുഖ്യമന്ത്രി പിണറായി; സർവകക്ഷി സംഘം പ്രധാനമന്ത്രിയെ കാണും; അടിയന്തരപ്രമേയത്തിനു അനുമതിയില്ല; പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി

തിരുവനന്തപുരം: സംസ്ഥാനത്ത് അരിവില കൂടാൻ കാരണം അർഹമായ അരിവിഹിതം നൽകാത്ത കേന്ദ്രസർക്കാർ നടപടിയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അല്ലാതെ സംസ്ഥാന സർക്കാരിന്റെ വീഴ്ച കൊണ്ടല്ല അരിവില കൂടിയത്. അർഹമായ അരിവിഹിതം നൽകണമെന്നാവശ്യപ്പെട്ട് സർവകക്ഷി സംഘം കേന്ദ്രത്തെ സമീപിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. അരിവില കൂടിയത് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ മറുപടിയോടെ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിനുള്ള അനുമതി സ്പീക്കർ നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.

എം.ഉമ്മർ എംഎൽഎ ആണ് അടിയന്തരപ്രമേയത്തിന് അനുമതി തേടി നോട്ടീസ് നൽകിയത്. അരിവില കൂടിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി പി.തിലോത്തമൻ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അരിയുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റം കാരണം ജനങ്ങൾ പൊറുതിമുട്ടുകയാണെന്നു നോട്ടീസ് നൽകി സംസാരിച്ച എം.ഉമ്മർ എംഎൽഎ ആരോപിച്ചു. കേന്ദ്രത്തിൽ നിന്ന് അരി നേടിയെടുക്കുന്നതിൽ സർക്കാർ പരാജയമാണെന്നാണ് ചെന്നിത്തല കുറ്റപ്പെടുത്തിയത്. വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

കേന്ദ്രത്തിൽ നിന്നുള്ള അരിവിഹിതം കുറഞ്ഞതും ആന്ധ്രപ്രദേശ് ഉൾപ്പടെയുള്ള അയൽ സംസ്ഥാനങ്ങളിൽ വരൾച്ചമൂലം ഉൽപാദനം കുറഞ്ഞതുമാണ് അരിവില ഉയരാൻ കാരണമെന്ന് ഭക്ഷ്യമന്ത്രി മറുപടി നൽകി. വിലക്കയറ്റം നേരിടാൻ സർക്കാർ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. 21 ശതമാനം വരെ അരിക്ക് വില കൂടിയിട്ടുണ്ടെന്നും മന്ത്രി സമ്മതിച്ചു. തുടർന്ന് സംസാരിച്ച മുഖ്യമന്ത്രി കേന്ദ്രം വെട്ടിക്കുറച്ച അരിവിഹിതം പുനഃസ്ഥാപിക്കുന്നതിന് സമ്മർദ്ദം ചെലുത്താൻ എല്ലാ പാർട്ടികളുടെയും സഹായം തേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here