ഒരു ജിബി ഡാറ്റയ്ക്ക് വെറും 10 രൂപ; ജിയോയെ പൊളിച്ചടുക്കി എയർടെല്ലിന്റെ പുതിയ ഓഫർ

മുംബൈ: റിലയൻസ് ജിയോയെ പൊളിച്ചടുക്കാൻ എയർടെൽ പുതിയ ഓഫറുമായി രംഗത്തെത്തി. ഇതനുസരിച്ച് ഒരു ജിബി ഡാറ്റയ്ക്ക് കേവലം 10 രൂപ നൽകിയാൽ മതി. 145 രൂപയുടെ ഓഫറാണ് എയർടെൽ പ്രഖ്യാപിച്ചിരിക്കുന്നത്. 145 രൂപയ്ക്ക് 14 ജിബി ഡാറ്റയാണ് ലഭിക്കുക. 3ജി, 4ജി ഡാറ്റ ഈ നിരക്കിൽ ലഭിക്കും. അതായത് ഒരു ജിബിക്കു പത്തു രൂപ നിരക്കിൽ. ഓഫർ എന്നുമുതൽ പ്രാബല്യത്തിൽ വരുമെന്നു വ്യക്തമായിട്ടില്ല.

ഇത്തരത്തിലൊരു ഓഫറാണ് ജിയോ പ്രൈം ഓഫറിൽ മുന്നോട്ട് വച്ചത്. അതായത് 303 രൂപയ്ക്ക് പ്രതിമാസം 30 ജിബി. അതായത് പ്രതിദിനം 10 രൂപയ്ക്ക് ഒരു ജിബി ഡാറ്റ. ഇതിനു സമാനമായ ഓഫറാണ് ഇപ്പോൾ എയർടെല്ലും മുന്നോട്ടു വയ്ക്കുന്നത്. 145 രൂപയ്ക്ക് 14 ജിബി ഡാറ്റ. അതായത് പത്തുരൂപയ്ക്ക് ഒരു ജിബി ഡാറ്റ. എന്നാൽ, ഒരു വ്യത്യാസം മാത്രം. ജിയോയിൽ ഒരുദിവസം ഒരു ജിബി ഡാറ്റ ഉപയോഗിക്കാമെങ്കിൽ എയർടെല്ലിൽ അത് അര ജിബി ഡാറ്റയാണെന്നു (അതായത് 500എംബി) മാത്രം.

ജിയോയോട് കിടപിടിക്കുന്നതാണ് ഓഫർ. ഒപ്പം ചെറിയ പാക്ക് ആണെന്നതും എയർടെല്ലിന്റെ സവിശേഷതയാണ്. ജിയോയിൽ 303 രൂപ കൊടുക്കുമ്പോൾ ഇവിടെ നൽകേണ്ടി വരുന്നത് 145 രൂപ മാത്രം. പ്രതിമാസം 30 ജിബി ഡാറ്റ ആവശ്യമില്ലാത്ത ആളുകൾക്കാണെങ്കിൽ എയർടെല്ലിന്റെ ഓഫർ കുറേക്കൂടി ഉപകാരപ്പെടും. അൺലിമിറ്റഡ് എയർടെൽ ടു എയർടെൽ കോളും ഇതേ ഓഫറിൽ ലഭ്യമാണ്.

മറ്റു നെറ്റ്‌വർക്കുകളിലേക്കും സൗജന്യ കോൾ ഓഫർ വേണമെന്നുള്ളവർക്ക് 349 രൂപയുടെ പായ്ക്കും എയർടെൽ അവതരിപ്പിച്ചിട്ടുണ്ട്. പ്രതിമാസം 14 ജിബി ഡേറ്റ ഈ ഓഫറിലും ലഭിക്കും. നേരത്തെ ഇതേ ഓഫറിന് ആയിരത്തിലധികം രൂപയാണ് എയർടെൽ ഈടാക്കിയിരുന്നത്. എയർടെൽ ഇതുവരെ പുറത്തിറക്കിയവയിൽ വച്ച് ഏറ്റവും കുറവ് നിരയ്ക്കുള്ള ഓഫറാണിത്.

ജിയോയുടെ വരവുണ്ടായക്കിയ വീഴ്ചയിൽ നിന്നും ഉയിർത്തെഴുന്നേൽക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് രാജ്യത്തെ മറ്റു ടെലികോം കമ്പനികൾ. ഏപ്രിൽ ഒന്നോടെ സൗജന്യ സേവനത്തിൽ നിന്നും താരിഫുകളിലേക്ക് ജിയോ മാറുമെങ്കിലും ആറു മാസമായി നേരിടുന്ന തിരിച്ചടി മറികടക്കാൻ മറ്റു കമ്പനികൾക്ക് ഒരു വർഷം വരെ സമയം വേണ്ടി വരുമെന്ന് ടെലികോം രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here