നടിയുടെ ദൃശ്യങ്ങൾ പകർത്തിയ ഫോൺ സുനി ഉപേക്ഷിച്ചത് അറസ്റ്റിനു തൊട്ടുമുമ്പെന്നു സൂചന; അറസ്റ്റിലാകുന്നതിനു മുമ്പ് പ്രതികൾ ഹോട്ടലിൽ ഭക്ഷണം വാങ്ങാനെത്തി; ഹോട്ടലുടമയോടു ഒഴുക്കുള്ള വെള്ളമുള്ള സ്ഥലം അന്വേഷിച്ചു

കൊച്ചി: തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച ശേഷം നടിയുടെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ പൾസർ സുനി ഉപേക്ഷിച്ചത് അറസ്റ്റിലാകുന്നതിനു തൊട്ടുമുമ്പെന്നു പൊലീസിനു സൂചന ലഭിച്ചു. അറസ്റ്റിലാകുന്നതിനു മുമ്പ് പ്രതികൾ എത്തിയ കൊച്ചിയിലെ ഹോട്ടലിൽ പ്രതികളെ തെളിവെടുപ്പിനായി എത്തിച്ചു. പൾസർ സുനിയെയും വിജേഷിനെയുമാണ് തെളിവെടുപ്പിനായി ഹോട്ടലിൽ എത്തിച്ചത്. ഇരുവരെയും ഹോട്ടലുടമ തിരിച്ചറിയുകയും ചെയ്തു. ഈ സമയം ഹോട്ടലുടമയുടെ മൊഴിയിൽ നിന്നാണ് ഫോൺ ഉപേക്ഷിച്ചത് അറസ്റ്റിനു മുമ്പാണെന്നു പൊലീസിനു സൂചന ലഭിച്ചത്.

ഭക്ഷണം വാങ്ങുന്നതിനാണ് പ്രതികൾ ഹോട്ടലിൽ എത്തിയത്. ഭക്ഷണം വാങ്ങിയ ശേഷം നല്ല ഒഴുക്കുള്ള വെള്ളമുള്ള സ്ഥലം എവിടെയാണുള്ളതെന്നു സുനി ഹോട്ടലുടമയോടു ചോദിക്കുകയും ചെയ്തു. ഇക്കാര്യം ഹോട്ടലുടമ പൊലീസിനോടു പറഞ്ഞു. ഗോശ്രീ പാലത്തിനു ചുവട്ടിലാണ് ഫോൺ ഉപേക്ഷിച്ചതെന്നു പ്രതികൾ പൊലീസിനു നേരത്തെ മൊഴി നൽകിയിരുന്നു. ഇതുപ്രകാരമാണ് ഫോൺ ഉപേക്ഷിച്ചത് അറസ്റ്റിനു മുമ്പാകാം എന്ന നിഗമനത്തിൽ പൊലീസ് എത്തിയത്.

അതിനിടെ, നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച സംഭവത്തിൽ നിർണായക തെളിവാകുന്ന സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിനു ലഭിച്ചു. പ്രതികൾ നടിയെ പിന്തുടരുന്ന സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചത്. നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ അന്വേഷണത്തിലേക്കു വെളിച്ചം വീശുന്നതാണ് നിർണായക സിസിടിവി ദൃശ്യങ്ങൾ. നടി സഞ്ചരിച്ചിരുന്ന എസ്‌യുവി വാഹനത്തെ ടെംപോ ട്രാവലറിൽ പിന്തുടരുന്ന ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞാഴ്ചയും തട്ടിക്കൊണ്ടു പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു.

ദേശീയപാതയോരത്തു നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചത്. ടെംപോ ട്രാവലറിൽ പ്രതികൾ നടിയെ പിന്തുടരുന്നത് ദൃശ്യങ്ങളിൽ കാണാം. ഇതേ ട്രാവലറാണ് നടിയുടെ കാറിൽ ഇടിപ്പിച്ച് പ്രതികൾ പ്രശ്‌നം ഉണ്ടാക്കിയതും. ഇതിനിടയിൽ വെണ്ണലയിൽ വണ്ടി നിർത്തി സമീപത്തെ കടയിൽ നിന്ന് വെള്ളം വാങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം. ഹൈവേയുടെ സമീപത്തുള്ള കടയിൽ സ്ഥാപിച്ച സിസിടിവിയിൽ നിന്നാണ് നിർണായകമായ തെളിവുകൾ പൊലീസിന് ലഭിച്ചത്.

നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ചതായി പരാതി ലഭിച്ചതിനു പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ദേശീയപാതയിലും പരിസരങ്ങളിലുമുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയായിരുന്നു പൊലീസ് ആദ്യം ചെയ്തത്. ഇതിലാണ് നിർണായകമായ ചില ദൃശ്യങ്ങൾ കഴിഞ്ഞയാഴ്ച ലഭിച്ചത്. ഇതിനൊപ്പം ഗോശ്രീ പാലത്തിന് സമീപത്തുള്ള ഫ് ളാറ്റുകളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിരുന്നു. ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈൽ ഫോൺ ഗോശ്രീ പാലത്തിൽ നിന്നു വലിച്ചെറിഞ്ഞു എന്നു പറഞ്ഞതു കൊണ്ടാണ് ഇവിടങ്ങളിലെ ദൃശ്യങ്ങൾ ശേഖരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here