അലിഗഢ്: ഉത്തർപ്രദേശിൽ നവവധുവിനെ ജീവനോടെ ദഹിപ്പിച്ചതായി റിപ്പോർട്ട്. മരിച്ചെന്നു കരുതി ഭർത്താവും സുഹൃത്തുക്കളും ദഹിപ്പിക്കുകയായിരുന്നെന്നാണ് യുവതിയുടെ സഹോദരൻ പരാതി നൽകിയിരിക്കുന്നത്. ദഹിപ്പിക്കുന്ന സമയം യുവതിക്കു ജീവനുണ്ടായിരുന്നെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുകയും ചെയ്തു. നോയിഡ സ്വദേശിനിയായ 21 കാരിയെയാണ് ജീവനോടെ ദഹിപ്പിച്ചത്. സഹോദരന്റെ പരാതി പ്രകാരം പൊലീസ് കത്തിക്കൊണ്ടിരുന്ന ചിതയിൽ നിന്ന് മൃതദേഹം എടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്തപ്പോഴാണ് ജീവനുണ്ടായിരുന്നെന്നു വ്യക്തമായത്.
ഫെബ്രുവരി 24 മുതൽ യുവതിയെ കാണാനില്ലായിരുന്നു. 25നു യുവതി ശ്വാസകോശ അണുബാധയെ തുടർന്ന് മരിച്ചതായി ഡോക്ടർമാർ വിധിയെഴുതി. മരണസർട്ടിഫിക്കറ്റും നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച യുവതിയെ ദഹിപ്പിക്കുന്ന സമയത്താണ് സഹോദരന്റെ പരാതി പ്രകാരം അലിഗഢ് പൊലീസ് സ്ഥലത്തെത്തി ദഹിപ്പിക്കൽ നിർത്തിവച്ചത്. തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്തു. 70 ശതമാനം മൃതദേഹം തീയിൽ ദഹിച്ചിരുന്നു. പോസ്റ്റ്‌മോർട്ടത്തിൽ ചിതയിൽ വെക്കുമ്പോൾ യുവതി ശ്വസിച്ചിരുന്നെന്ന് കണ്ടെത്തി. പോസ്റ്റുമോർട്ടത്തിൽ യുവതിയുടെ ശ്വാസനാളത്തിൽ നിന്നും കത്തിയ വസ്തുക്കളും ചാരവും കണ്ടെടുത്തു. ജീവനോടെ കത്തിക്കുമ്പോഴാണ് ഇത്തരം വസ്തുക്കൾ ശ്വാസനാളിയിൽ ഉണ്ടാവുക. ഇതാണ് ജീവനുണ്ടായിരുന്നെന്നു സംശയം ഉയരാൻ കാരണം.
ജീവനോടെ കത്തിക്കുമ്പോൾ ഉണ്ടായ ഷോക്കിലാണ് യുവതി മരിച്ചിിക്കുന്നതെന്നു പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാർ സ്ഥിരീകരിച്ചു. യുവതിയുടെ ശരീരം തന്നെയാണ് ഇതെന്ന് ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിച്ചിട്ടുമുണ്ട്. ഇതോടെ യുവതിയുടെ രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് ഭർത്താവിനും സുഹൃത്തുക്കൾക്കും എതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതി മരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ച് ഭർത്താവും സൃഹൃത്തുക്കളും ചേർന്ന് യുവതിയുടെ മൃതദേഹം അലിഗഢ് ജില്ലയിലേക്ക് കൊണ്ടുപോയി രാത്രി എട്ടോടെ ദഹിപ്പിക്കുകയായിരുന്നെന്നാണ് പറയപ്പെടുന്നത്.
Get real time update about this post categories directly on your device, subscribe now.