പാചകവാതക വില വര്‍ധിപ്പിച്ച കേന്ദ്ര നടപടി ജനങ്ങളുടെ അന്നംമുട്ടിക്കുന്നതാണെന്ന് കോടിയേരി ബാലകൃഷ്ണന്‍; ജനത്തെ കൊള്ളയടിക്കുന്ന തീരുമാനം പിന്‍വലിക്കണം

തിരുവനന്തപുരം: പാചകവാതക വില വന്‍തോതില്‍ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ജനങ്ങളുടെ അന്നംമുട്ടിക്കുന്നതാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

പാചകവാതക സിലിണ്ടറിന് 90 രൂപയും ഹോട്ടലുകള്‍ക്കും മറ്റുമുള്ള സിലിണ്ടറിന് 147 രൂപയുമാണ് ഒറ്റയടിക്ക് വര്‍ദ്ധിപ്പിച്ചത്. റേഷന്‍ സമ്പ്രദായം അട്ടിമറിക്കുന്ന, ഭക്ഷ്യഭദ്രതാ നിയമത്തിന് പിന്നാലെ പാചകവാതകത്തിന് വില വര്‍ധിപ്പിച്ചത് ജനങ്ങളെ കൊള്ളയടിക്കുന്നതാണ്. രാജ്യത്തെ ജനസംഖ്യയില്‍ പകുതിയോളം പേര്‍ പാചകത്തിന് എല്‍പിജിയേയും മണ്ണെണ്ണയെയുമാണ് ആശ്രയിക്കുന്നത്. ഭക്ഷ്യഭദ്രതാ നിയമപ്രകാരം സംസ്ഥാനത്ത് ഭൂരിപക്ഷം പേരും സബ്‌സിഡി സിലിണ്ടറിന് അര്‍ഹരുമല്ല. അന്താരാഷ്ട്ര വിപണിയിലെ അസംസ്‌കൃത എണ്ണയുടെ വിലയുമായി താരതമ്യമുള്ളതല്ല ഇപ്പോഴത്തെ വില വര്‍ദ്ധനവ്. ഒരു ന്യായീകരണവുമില്ലാത്ത ഈ വില വര്‍ധനവ് ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കുന്നതാണെന്നും കോടിയേരി പറഞ്ഞു.

സംസ്ഥാനത്തെ ഗ്രാമ-നഗര വ്യത്യാസമന്യേ ഭൂരിപക്ഷവും പാചകത്തിന് എല്‍പിജിയെ ആശ്രയിക്കുന്നവരാണ്. കേരളീയരെ പൊതുവില്‍ കൊള്ളയടിക്കുന്നതാണ് പാചകവാതക വില വര്‍ധനവ്. ഇത് അടിയന്തിരമായി പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News