മണിപ്പൂര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇറോം ഷര്‍മിളയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഇടതുമുന്നണി; അഫ്‌സ്പയ്‌ക്കെതിരെ ഇനി ഒന്നിച്ചുള്ള പോരാട്ടം

ഇംഫാല്‍: മണിപ്പൂര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നണി ഇറോം ഷര്‍മിളയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. സൈന്യത്തിനു പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പയ്‌ക്കെതിരെ പോരാട്ടം നയിക്കുന്ന ഇറോമിനെ സിപിഐഎം നേതാവും ത്രിപുര എംപിയുമായ ജിതേന്ദ്ര ചൗധരി സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം അറിയിച്ചു. സിപിഐഎം, സിപിഐ തുടങ്ങിയ പാര്‍ട്ടികളുടെ നേതൃത്വത്തിലാണ് ഇടതുമുന്നണി രൂപീകരിച്ചത്.

നിലവിലെ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഇബോബി സിംഗിനെതിരെയാണ് ഇറോം മത്സരിക്കുന്നത്. ഇറോം ഷര്‍മിള രൂപീകരിച്ച പീപ്പിള്‍സ് റിസര്‍ജന്‍സ് ആന്റ് ജസ്റ്റിസ് അലയന്‍സ് പാര്‍ട്ടി (പ്രജ) യാണ് മത്സരരംഗത്തുള്ളത്. ഇറോം ഷര്‍മിളയ്‌ക്കൊപ്പം ജിതേന്ദ്ര ചൗധരി തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിച്ചു. ചുരചന്ദ്പൂരില്‍ 9 ഗോത്ര രക്തസാക്ഷികളുടെ കുടീരത്തിലെത്തി ജിതേന്ദ്ര ചൌധരി അഭിവാദ്യം അര്‍പ്പിച്ചിരുന്നു. ഗിരി ഗോത്ര മേഖലയിലുള്ളവരുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന തരത്തില്‍ ഭൂനിയമങ്ങളില്‍ മാറ്റം വരുത്തിയതിനെതിരെ പ്രതിഷേധിച്ചവരെ കൊലപ്പെടുത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് 550 ദിവസം മൃതദേഹങ്ങള്‍ മറവുചെയ്യാതെ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു.

സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കുന്നതിന് ചര്‍ച്ചകള്‍ നടത്തണമെന്നും ഗോത്രമേഖലയെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം അംഗീകരിക്കണമെന്നും ഉള്ള നിലപാടാണ് സിപിഐഎം എക്കാലവും സ്വീകരിച്ചത്. ഈ ആവശ്യമുന്നയിച്ച് ചുരചന്ദ്പൂരിലും ദില്ലിയിലും നടന്ന പ്രതിഷേധങ്ങള്‍ക്ക് സിപിഐഎം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.

നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് മണിപ്പൂരിന്റെ മുതിര്‍ന്ന നേതാവും ഏറെ കാലം മന്ത്രിയുമായിരുന്ന പു ഫുംഗ്‌സാതങിനൊപ്പം ജിതേന്ദ്ര ചൌധരി തെരഞ്ഞെടുപ്പ് റാലിയെ അഭിവാദ്യം ചെയ്തു. മണിപ്പുര്‍ കോണ്‍ഗ്രസ് കമ്മറ്റിയുടെ മുന്‍ പ്രസിഡന്റായിരുന്നു പു ഫുംഗ്‌സാതങ്. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് മണിപ്പൂരിന്റെ 21 സ്ഥാനാര്‍ഥികള്‍ക്കും സിപിഐഎം പിന്തുണ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ സിപിഐഎം സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നുണ്ട്. ആറ് സിപിഐ സ്ഥാനാര്‍ഥികളും മത്സരരംഗത്തുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here