ആലപ്പുഴ: വിലക്കുകള്‍ക്കെതിരെ സാംസ്‌കാരിക പ്രതിരോധം തീര്‍ത്തുകൊണ്ട് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന ‘എഴുത്തകം’ മാര്‍ച്ച് അഞ്ചു മുതല്‍ എട്ടുവരെ ആലപ്പുഴ ബീച്ചില്‍. വിലക്കുകള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന കാലത്ത് സ്വാതന്ത്ര്യത്തിന്റെ തുരുത്തായി പ്രതിരോധം സൃഷ്ടിക്കുകയെന്നതാണ് എഴുത്തകം പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ബിജു പറഞ്ഞു.
രാജ്യത്തിന്റെ വിവിധ മേഖലകളില്‍ എഴുത്തുകാര്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കുമെതിരെ നടന്നുവരുന്ന കടന്നാക്രമണങ്ങളിലും വിലക്കുകള്‍ക്കുമെതിരെയുള്ള പ്രതികരണമാണ് നാലു ദിവസത്തെ ക്യാമ്പിലൂടെ ലക്ഷ്യമിടുന്നത്. ഇത്തരം വിലക്കുകള്‍ക്കെതിരെ ഒന്നിച്ചുനില്‍ക്കേണ്ട കാലമാണിത്. എഴുത്തിനും ആവിഷ്‌കാരസ്വാതന്ത്ര്യത്തിനുമുള്ള ഒരിടത്തിനായി സാംസ്‌കാരിക പൊതുബോധം സൃഷ്ടിക്കാന്‍ പരിപാടിയിലൂടെ കഴിയുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
സാഹിത്യം, കല, മാധ്യമം, നാടകം, സിനിമ തുടങ്ങിയ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും. വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകളും സെമിനാറുകളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. നൂറ്റി അന്‍പതോളം പ്രതിനിധികള്‍ ക്യാമ്പില്‍ പങ്കെടുക്കും. കവി മുരുകന്‍ കാട്ടാക്കടയാണ് ക്യാമ്പ് ഡയറക്ടര്‍.
അഞ്ചിന് വൈകിട്ട് എഴുത്തുകാരും കലാകാരന്മാരും സാമൂഹ്യപ്രവര്‍ത്തകരും പങ്കെടുക്കുന്ന സാംസ്‌കാരിക പ്രതിരോധത്തോടെയാണ് പരിപാടി ആരംഭിക്കുക. നാലു മണിക്ക് ഞെരളത്തു ഹരിഗോവിന്ദന്‍ സോപാന സംഗീതം അവതരിപ്പിക്കും. തുടര്‍ന്ന് നാല്‍പതോളം ചിത്രകാരന്മാര്‍ ചിത്രം വരയ്ക്കുകയും മണല്‍ശില്‍പങ്ങള്‍ നിര്‍മിക്കുകയും ചെയ്യും. 5.30ന് നടക്കുന്ന സാംസ്‌കാരിക പ്രതിരോധം പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ ഉദ്ഘാടനം ചെയ്യും. യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ബിജു അധ്യക്ഷത വഹിക്കും. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് പ്രഭാവര്‍മയെ ചടങ്ങില്‍ ആദരിക്കും. കെ.സി.വേണുഗോപാല്‍ എം.പി, കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് ജോസഫ്, ഏഴാച്ചേരി രാമചന്ദ്രന്‍, മുരുകന്‍ കാട്ടാക്കട, പി.കെ.മേദിനി, ഷാഹിന നഫീസ, ഹരിശ്രീ അശോകന്‍, വയലാര്‍ ശരത്ചന്ദ്രവര്‍മ, രാജീവ് ആലുങ്കല്‍, ഡോ. ജി. അജിത്കുമാര്‍, കിരണ്‍ ബാബു എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് തൃശൂര്‍ ജനനയനയുടെ നാടന്‍ കലകളുടെ അവതരണവും ഉണ്ടാകും.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബീച്ചിനു സമീപമുള്ള ചില്ല ആര്‍ട് കഫേയിലാണ് പരിപാടികള്‍ നടക്കുന്നത്. വിവിധ മേഖലകളില്‍ നിന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍, കെ.വി.മോഹന്‍ കുമാര്‍, കുരീപ്പുഴ ശ്രീകുമാര്‍, സുഭാഷ് ചന്ദ്രന്‍, പി.വി.ഷാജികുമാര്‍, അന്‍വര്‍ സാദത്ത്, സൂര്യ കൃഷ്ണമൂര്‍ത്തി, കെ.ഇ.എന്‍, ഫ്രാന്‍സിസ് ടി. മാവേലിക്കര, പ്രമോദ് പയ്യന്നൂര്‍, സജിത മഠത്തില്‍, ഡോ. സുജ സൂസന്‍ ജോര്‍ജ്, ഡോ. ഖദീജ മുംതാസ്, തിരുവല്ല കുട്ടപ്പന്‍, അനൂപ് ചന്ദ്രന്‍, ബി.മുരളി, ശിവജിത് നമ്പ്യാര്‍. ശീതള്‍ ശ്യാം തുടങ്ങിയവര്‍ പങ്കെടുക്കും.
Get real time update about this post categories directly on your device, subscribe now.