‘എന്റെ രാജ്യസ്‌നേഹത്തെ എബിവിപി, ബിജെപി ഗുണ്ടകള്‍ അളക്കേണ്ട’; ഗുര്‍മെഹര്‍ കൗറിനെ പിന്തുണച്ച് വിശാല്‍ ദദ്‌ലാനി

ദില്ലി: എബിവിപിക്കെതിരെ പ്രതികരിച്ച ദില്ലി സര്‍വകലാശാലാ വിദ്യാര്‍ഥിനി ഗുര്‍മെഹര്‍ കൗറിനെ പിന്തുണച്ച് സംഗീത സംവിധായകന്‍ വിശാല്‍ ദദ്‌ലാനി. താന്‍ രാജ്യസ്‌നേഹിയാണെന്നും എന്നാല്‍ തന്റെ രാജ്യസ്‌നേഹം എബിവിപി, ബിജെപി ഗുണ്ടകള്‍ അളക്കാന്‍ വരേണ്ടെന്ന് വിശാല്‍ വ്യക്തമാക്കി.

‘അതേ, ഞാന്‍ രാജ്യസ്‌നേഹിയാണ്, പക്ഷെ എബിവിപിയുടേയും ബിജെപിയുടേയും ഗുണ്ടകള്‍ എന്റെ രാജ്യസ്‌നേഹത്തെ അളക്കേണ്ട. എന്റെ രാജ്യത്തോട് മറുപടി പറയാന്‍ ഞാന്‍ ഉത്തരവാദിയാണ്. പക്ഷെ ഗുണ്ടകളോട് മറുപടി പറയേണ്ട കാര്യമില്ല’.

ദില്ലി സര്‍വകലാശാലയിലെ രാംജാസ് കോളേജില്‍ എബിവിപി, ആര്‍എസ്എസ് ഗുണ്ടാസംഘം വിദ്യാര്‍ഥികളേയും അധ്യാപകരേയും മാധ്യമപ്രവര്‍ത്തകരേയും തല്ലിച്ചതച്ചിനെ തുടര്‍ന്നാണ് ലേഡി ശ്രീറാം കോളേജ് വിദ്യാര്‍ഥിനിയായ ഗുര്‍മെഹര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്. ‘ഞാന്‍ എബിവിപിയെ പേടിക്കുന്നില്ല. ഈ വിഷയത്തില്‍ ഞാന്‍ ഒറ്റക്കല്ല. രാജ്യത്തെ മുഴുവന്‍ വിദ്യാര്‍ഥി സമൂഹവും എനിക്കൊപ്പമുണ്ട്’ എന്ന സന്ദേശം കുറിച്ചിട്ട പ്ലക്കാര്‍ഡും പിടിച്ചുനില്‍ക്കുന്ന സ്വന്തം ചിത്രം ഫേസ്്ബുക്ക് പ്രൊഫൈലാക്കിയാണ് ഗുര്‍മെഹര്‍ അക്രമണത്തിനെതിരെ പ്രതികരിച്ചത്.

എബിവിപിക്കെതിരെ പ്രതികരിച്ചതിനെ തുടര്‍ന്ന് സോഷ്യല്‍മീഡിയയിലൂടെ ഗുര്‍മെഹറിനെതിരെ സംഘ്പരിവാര്‍ അനുഭാവികളുടെ ബലാത്സംഗഭീഷണികള്‍ ഉയരുന്നു. ദേശീയതയുടെ പേരില്‍ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നത് ശരിയാണോയെന്നും ഗുര്‍മെഹര്‍ കൗര്‍ ഒരു അഭിമുഖത്തില്‍ ചോദിച്ചു. 1992ലെ കാര്‍ഗില്‍ യുദ്ധത്തില്‍ മരണപ്പെട്ട മണ്ഡീപ് സിംഗിന്റെ മകളാണ് ജലന്ദര്‍ സ്വദേശിയായ 19കാരി ഗുര്‍മെഹര്‍ കോര്‍. പിതാവ് മരിക്കുമ്പോള്‍, ഗുര്‍മെഹര്‍ കൗറിന് രണ്ട് വയസ് മാത്രമായിരുന്നു പ്രായം.

ഗുര്‍മെഹറിനെ പരിഹസിച്ച് വീരേന്ദ്രര്‍ സെവാഗും നടന്‍ രണ്‍ദീപ് സിംഗ് ഹൂഡയും രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയാണ് വിശാല്‍ മറുപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News