സ്വർണത്തിനായി സുഹൃത്തിനെ കൊലപ്പെടുത്തിയ ലീഗ് പ്രവർത്തകനു ജീവപര്യന്തം; ആതവനാട് ഷെരീഫ് വധക്കേസിൽ റഷീദിനു ശിക്ഷ വിധിച്ചത് മഞ്ചേരി അഡീഷണൽ സെഷൻസ് കോടതി

മഞ്ചേരി: സ്വർണത്തിനായി സുഹൃത്തിനെ തലയ്ക്കടിച്ചു കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ പ്രതിയായ ലീഗ് പ്രവർത്തകനു ജീവപര്യന്തം ശിക്ഷ. എട്ടു വർഷം മുമ്പ് നടന്ന ആതവനാട് ഷെരീഫ് വധക്കേസിലാണ് പ്രതിയായ ലീഗ് പ്രവർത്തകൻ റഷീദിനെതിരെ കോടതി ശിക്ഷ വിധിച്ചത്. ജീവപര്യന്തം തടവിനു പുറമേ 75,000 രൂപ പിഴയടയ്ക്കുകയും ചെയ്യണം. മഞ്ചേരി അഡീഷണൽ സെഷൻസ് കോടതിയാണ് റഷീദിനു ശിക്ഷ വിധിച്ചത്. 2008 ഓഗസ്റ്റ് 5നു കാണാതായ ഷെരീഫിന്റെ മൃതദേഹം ഒരു മാസത്തിനു ശേഷം ആതവനാട്ടെ ചെങ്കൽ ക്വാറിയിൽ നിന്നു കണ്ടെത്തുകയായിരുന്നു. സ്വർണം തട്ടിയെടുക്കാൻ ഷെരീഫിനെ റഷീദ് കൊന്നു കുഴിച്ചുമൂടുകയായിരുന്നെന്നു കണ്ടെത്തി.

കൊലപാതകത്തിന് ജിവപര്യന്തം തടവും 75,000 രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കിൽ രണ്ടുവർഷം അധിക തടവ് അനുഭവിക്കേണ്ടി വരും. കവർച്ചയ്ക്ക് 10 വർഷം തടവും 25,000 രൂപ പിഴയും ശിക്ഷയായി വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരുവർഷം അധിക തടവ് അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. 24 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. പിഴ അടച്ചാൽ തുക മരിച്ചയാളുടെ ആശ്രിതർക്കു നൽകണം. ആഭരണങ്ങൾ ഷരീഫിന്റെ ഭാര്യയ്ക്ക് തിരിച്ചുനൽകണം മഞ്ചേരി രണ്ടാം അഡീഷനൽ സെഷൻസ് കോടതി വിധിച്ചു.

2008 ഓഗസ്റ്റ് അഞ്ചിനാണ് ഷെരീഫിനെ കാണാതായത്. ഒരു മാസത്തിനു ശേഷം ആതവനാട് വെങ്കോള പറമ്പ് ചെങ്കൽ ക്വാറിയിൽ നിന്ന് ഷെരീഫിന്റെ മൃതദേഹം കണ്ടെത്തി. കേസിനെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. വിദേശത്തേക്ക് പോകാൻ വീസ ശരിയാക്കാമെന്നു വാഗ്ദാനം നൽകി ഷെരീഫിന്റെ ഭാര്യയുടെ 25 പവൻ സ്വർണാഭരണങ്ങൾ റഷീദ് കൈക്കലാക്കിയിരുന്നു. എന്നാൽ, ഏറെ കഴിഞ്ഞിട്ടും വീസയും ഇല്ല ആഭരണവും ഇല്ല എന്ന അവസ്ഥ വന്നതോടെ ഷെരീഫ് റഷീദിൽ നിന്നു ആഭരണം തിരികെ ചോദിച്ചു. ഇതോടെ റഷീദും ഷെരീഫും തർക്കമായി. ഈ തർക്കമാണ് കൊലപാതകത്തിലേക്കു നയിച്ചത്.

സ്വർണം നൽകാം എന്നു പറഞ്ഞ് ഷെരീഫിനെ ആതവനാട്ടെ ക്വാറിക്കു സമീപത്തേക്കു വിളിച്ചുവരുത്തിയ റഷീദ് അവിടെ വച്ച് ഷെരീഫിനെ തലയ്ക്കടിച്ചു കൊന്ന് കുഴിച്ചുമൂടുകയായിരുന്നു. ഷെരീഫിനെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി വീട്ടുകാർ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം നടക്കുന്നതിനിടെ 38-ാം ദിവസമാണ് ചെങ്കൽ ക്വാറിയിൽ നിന്നു മൃതദേഹം കണ്ടെത്തിയത്. ഷെരീഫിനായി നാട്ടുകാർ തെരച്ചിൽ നടത്തുമ്പോൾ അവർക്കൊപ്പം സഹായിയായി റഷീദും ഉണ്ടായിരുന്നു.

എന്നാൽ, മൃതദേഹം കണ്ടെത്തിയ ഭാഗത്ത് അതിനു മുമ്പ് പലവട്ടം റഷീദിനെ കണ്ടതോടെ നാട്ടുകാർക്ക് സംശയമായി. ഇതോടെ റഷീദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News