കെ.കെ രമ കോൺഗ്രസ് പാളയത്തിലേക്ക്; പ്രഖ്യാപിത നയത്തിനു വിരുദ്ധമായി രമ പരസ്യമായി കോൺഗ്രസുമായി വേദി പങ്കിട്ടു; പാർട്ടിക്കുള്ളിൽ പൊട്ടിത്തെറി; രമയ്‌ക്കെതിരെ ഒരു വിഭാഗം

കോഴിക്കോട്: ആർഎംപി നേതാവും ടി.പി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ രമ കോൺഗ്രസുമായി അടുക്കുന്നു. കെ.കെ രമ കോൺഗ്രസ് പാളയത്തിലേക്ക് എന്നതിന്റെ വ്യക്തമായ സൂചനയാണ് കഴിഞ്ഞ ദിവസങ്ങളിലെ രാഷ്ട്രീയ സംഭവവികാസങ്ങൾ നൽകുന്നത്. കഴിഞ്ഞ ദിവസം രമ പരസ്യമായി കോൺഗ്രസുമായി വേദി പങ്കിട്ടു. കോൺഗ്രസുമായി രമ അടുക്കുന്നതിൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറി രൂപപ്പെട്ടിട്ടുണ്ട്. ഒരുവിഭാഗം നേതാക്കൾ രമയ്‌ക്കെതിരെ രംഗത്തെത്തി. അടുത്ത സംസ്ഥാന നേതൃയോഗത്തിൽ രമയ്‌ക്കെതിരെ വിഷയം ഉന്നയിക്കാനും പാർട്ടിക്കുള്ളിൽ ധാരണയായിട്ടുണ്ട്.

കോൺഗ്രസിനോടും സിപിഐഎമ്മിനോടും തുല്യ അകലം പാലിക്കുമെന്നാണ് ആർഎംപിയുടെ പ്രഖ്യാപിത നയം. പക്ഷേ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി രൂപീകരണ കാലം മുതൽ കോൺഗ്രസ് അനുകൂല നിലപാടാണ് ആർഎംപി പുലർത്തിപ്പോരുന്നത്. ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളിലും തദ്ദേശ തെരഞ്ഞെടുപ്പിലും ഇക്കാര്യം കണ്ടതുമാണ്. യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് അനുകൂലമായ നിലപാടായിരുന്നു അന്ന് ആർഎംപി സ്വീകരിച്ചിരുന്നത്. എന്നാൽ, അന്നൊന്നും ആർഎംപി നേതാക്കൾ പരസ്യമായി കോൺഗ്രസ് വേദി പങ്കിട്ടിരുന്നില്ല.

എന്നാൽ, കഴിഞ്ഞ ദിവസം കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരസാക്ഷ്യം പരിപാടിയിൽ മുഖ്യപ്രാസംഗികയായി പങ്കെടുത്തത് കെ.കെ രമയായിരുന്നു. എഐസിസി വക്താവും ചലച്ചിത്രതാരവുമായ ഖുശ്ബു ഉദ്ഘാടനം ചെയ്ത പരിപാടി അവസാനിക്കുന്നതു വരെ മുഴുവൻ സമയവും രമ വേദിയിലുണ്ടായിരുന്നു. രമ കോൺഗ്രസ് പാളയത്തിലേക്ക് അടുക്കുന്നതായിട്ടാണ് ഇതിലൂടെ രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

അതേസമയം, പുതിയ നീക്കത്തിനെതിരെ ഒരുവിഭാഗം നേതാക്കൾ രംഗത്തെത്തി. ഒരു വിഭാഗം നേതാക്കൾ രമയുടെ നിലപാടിൽ പരസ്യമായി വിയോജിപ്പ് രേഖപ്പെടുത്തി. പാർട്ടി നിലപാടിൽ നിന്നും വ്യതിചലിക്കുന്ന രമയ്‌ക്കെതിരെ നേരത്തെയും വിമർശനം ഉയർന്നിരുന്നു. പാർട്ടിയുമായി ബന്ധമില്ലാത്ത സ്ത്രീകൂട്ടായ്മയുമായി സഹകരിച്ച് പെണ്ണൊരുമ രൂപീകരിച്ചതിനെതിരെ നേരത്തെ രൂക്ഷവിമർശനം ഉയർന്നിരുന്നു. രമ കോൺഗ്രസ് വേദി പങ്കിട്ടത് പാർട്ടി നേതൃത്വത്തിന്റെ അറിവോടെയല്ലെന്നാണ് ഉയർന്നിട്ടുള്ള വിമർശനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News