പിണറായി വിജയന്റെ തലകൊയ്യുന്നവർക്ക് ഇനാം പ്രഖ്യാപിച്ച് സംഘപരിവാർ; ഒരു കോടി രൂപ പാരിതോഷികം നൽകുമെന്നു ആർഎസ്എസ് നേതാവ് കുന്ദൻ ചന്ദ്രാവത്; പ്രഖ്യാപനം ആർഎസ്എസിന്റെ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ

ഭോപ്പാൽ: കേരള മുഖ്യമന്ത്രിയും സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്റെ തല കൊയ്യുന്നവർക്ക് ഇനാം പ്രഖ്യാപിച്ച് സംഘപരിവാറിന്റെ കൊലവിളി. പിണറായി വിജയന്റെ തലയെടുക്കുന്നവനു ഒരു കോടി രൂപ പാരിതോഷികം നൽകുമെന്നു പൊതുചടങ്ങിൽ ആർഎസ്എസ് നേതാവ് പ്രഖ്യാപിച്ചു. ആർഎസ്എസിന്റെ മുതിർന്ന നേതാക്കളും എംപിയും എംഎൽഎയും പങ്കെടുത്ത ചടങ്ങിലായിരുന്നു കൊലവിളി പ്രഖ്യാപനം. മധ്യപ്രദേശിലെ ഉജ്ജയിനിയിൽ നിന്നുള്ള ഡോ. കുന്ദൻ ചന്ദ്രാവത് ആണ് പാരിതോഷികം പ്രഖ്യാപിച്ച് പരസ്യമായി കൊലവിളി നടത്തിയത്. കഴിഞ്ഞ മാസം ഭോപ്പാലിലെത്തിയ പിണറായിയെ സംഘപരിവാർ തടയാനും മറ്റും ശ്രമിച്ചിരുന്നു.

ഉജ്ജയിനിയിലെ ആർഎസ്എസ് പ്രമുഖ് ആണ് ഡോ.ചന്ദ്രാവത്. ഉജ്ജയിനിയിലെ ഒരു പൊതുപരിപാടിയിലായിരുന്നു പരസ്യമായ കൊലവിളി. എം.പി ചിന്താമണി മാളവ്യ, മോഹൻ യാദവ് എംഎൽഎ എന്നീ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പിണറായി വിജയന്റെ തലയ്ക്കു വിലയിട്ടു കൊണ്ട് ചന്ദ്രാവത് ഈ പ്രഖ്യാപനം നടത്തിയത്. ഒരു പ്രാദേശിക ചാനലാണ് ആദ്യം ഈ വാർത്ത പുറത്തുവിട്ടത്. തൊട്ടുപിന്നാലെ മറ്റു ദേശീയ മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തു. ഇപ്പോൾ ദേശീയ മാധ്യമങ്ങളുടെ എല്ലാം പ്രധാന വാർത്ത ഇതാണ്. പിണറായി വിജയൻ തുടർച്ചയായി നടത്തുന്ന സംഘപരിവാർ വിമർശനങ്ങളിലുള്ള അസഹിഷ്ണുതയാണ് കൊലവിളിക്കു പിന്നിലെന്നു വ്യക്തമാണ്.

ആര്‍എസ്എസ് നേതാവിന്‍റെ കൊലവിളി വീഡിയോ കാണാം

ആർഎസ്എസ് രാജ്യത്തെ വിഭജിക്കാൻ ശ്രമം നടത്തുന്നു എന്നു പിണറായി വിജയൻ കഴിഞ്ഞയാഴ്ച പൊതുവേദിയിൽ പറഞ്ഞിരുന്നു. മുസോളിനി, ഹിറ്റ്‌ലർ തുടങ്ങിയ ഏകാധിപതികളുടെ പാതയാണ് ആർഎസ്എസ് പിന്തുടരുന്നതെന്നും പിണറായി വിമർശിച്ചിരുന്നു. രണ്ടുമാസം മുമ്പ് ഭോപ്പാലിൽ പൊതുപരിപാടിക്കെത്തിയ പിണറായി വിജയനു നേരെ സംഘപരിവാർ ഭീഷണി മുഴക്കിയിരുന്നു. എന്നാൽ, ഇതിനെതിരെ ചെറുവിരലനക്കാൻ അവിടത്തെ ബിജെപി ഭരണകൂടം തയ്യാറായില്ല. ഒടുവിൽ പരിപാടി റദ്ദാക്കി മുഖ്യമന്ത്രി പിണറായി തിരിച്ചു പോരുകയായിരുന്നു.

മംഗലാപുരത്ത് പൊതുപരിപാടിക്കെത്തിയപ്പോഴും പിണറായിയെ തടയുമെന്നു ആർഎസ്എസ് പ്രഖ്യാപിച്ചിരുന്നു. അന്നു പക്ഷേ മുഖ്യമന്ത്രിക്ക് കർണാടക സർക്കാർ ശക്തമായ പിന്തുണയും സുരക്ഷയും ഒരുക്കി. അന്നു ആർഎസ്എസിനെ രൂക്ഷമായി വിമർശിച്ച പിണറായി ആർഎസ്എസിന്റെ ഒരു കൊലവിളിയെയും ഭയക്കുന്നില്ലെന്നും പ്രഖ്യാപിച്ചിരുന്നു. പൊതുസമ്മേളനത്തിലായിരുന്നു പിണറായിയുടെ മറുപടി.

പൊലീസ് കാവൽ ഇല്ലാത്ത കാലത്ത് ആർഎസ്എസിനു തന്നെ ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ലെന്നാണ് പിണറായി വിജയൻ പറഞ്ഞത്. ‘അക്കാലത്ത് നിങ്ങളുടെ ഊരിപ്പിടിച്ച കത്തിക്കും വാളിനും ഇടയിലൂടെ താൻ നടന്നു പോന്നിട്ടുണ്ട്. എങ്കിൽ പൊലീസ് കാവൽ ഉള്ള ഇപ്പോളും ഒന്നും ചെയ്യാൻ സാധിക്കില്ല. ഒരു ദിവസം ആകാശത്തുനിന്ന് പൊട്ടി വീണ ആളല്ല ഞാൻ. മുഖ്യമന്ത്രി ആയതു കൊണ്ടാണ് ഒരു സംസ്ഥാനത്ത് ചെല്ലുമ്പോൾ ആ സർക്കാർ പറയുന്ന കാര്യങ്ങൾ അനുസരിച്ചത്. അതുകൊണ്ടാണ് സർക്കാർ പോകരുതെന്നു പറഞ്ഞ സ്ഥലങ്ങളിൽ പോകാതിരുന്നതും. മുഖ്യമന്ത്രി അല്ലാത്ത പിണറായി വിജയൻ ആയിരുന്നെങ്കിൽ ഇന്നു താൻ എല്ലായിടത്തും എത്തിയേനെ.

താൻ കോളജ് പഠനം കഴിഞ്ഞിറങ്ങിയ കാലഘട്ടത്തെ ഓർമിപ്പിച്ചു കൊണ്ടാണ് പിണറായി ആർഎസ്എസിനു മറുപടി നൽകിയത്. ബ്രണ്ണൻ കോളജിൽ നിന്നു താൻ പഠനം കഴിഞ്ഞിറങ്ങിയ കാലം നിങ്ങൾ ഓർക്കണം. അന്ന് ആർഎസ്എസിന്റെ ഊരിപ്പിടിച്ച കത്തിക്കും വാളിനും ഇടയിലൂടെയാണ് താൻ അന്നു നടന്നു നീങ്ങിയത്. അന്ന് നിങ്ങൾക്ക് എന്നെ ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ലെങ്കിൽ ഇപ്പോഴും ഒന്നും ചെയ്യാൻ സാധിക്കില്ല. ഇപ്പോൾ മുഖ്യമന്ത്രി അല്ലായിരുന്നെങ്കിലും തന്നെ ഒന്നും ചെയ്യാൻ സാധിക്കില്ലായിരുന്നെന്നും മുഖ്യമന്ത്രി പിണറായി ആർഎസ്എസിനെ ഓർമിപ്പിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like