ആർഎസ്എസിന്റേത് താലിബാനിസമെന്നു സിപിഐഎം; ചന്ദ്രാവതിനെതിരെ സംസ്ഥാന സർക്കാരും നടപടി എടുക്കണമെന്നും സിപിഐഎം

ദില്ലി: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ തലകൊയ്യുമെന്നു പ്രഖ്യാപിച്ച ആർഎസ്എസിന്റേത് താലിബാനിസമാണെന്നു സിപിഐഎം കേന്ദ്രകമ്മിറ്റി. കുന്ദൻ ചന്ദ്രാവതിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കാൻ ആർഎസ്എസ് നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും തയ്യാറാകണം. ചന്ദ്രാവതിന്റെ പ്രസ്താവനയെ അപലപിക്കാൻ സർക്കാർ തയ്യാറാണോ എന്നും സിപിഐഎം പ്രസ്താവനയിൽ ചോദിച്ചു. അങ്ങനെയല്ലെങ്കിൽ കൊലപാതക രാഷ്ട്രീയം തന്നെയാണ് ആർഎസ്എസ് പിന്തുടരുന്നതെന്നു വ്യക്തമാകുമെന്നും സിപിഐഎം പറഞ്ഞു.

ഉജ്ജയിനിയിലെ ആർഎസ്എസ് നേതാവായ കുന്ദൻ ചന്ദ്രാവത് ആണ് കൊലവിളിയുമായി രംഗത്തെത്തിയത്. പിണറായി വിജയന്റെ തലയെടുക്കുന്നവനു ഒരു കോടി രൂപ പാരിതോഷികം നൽകുമെന്നു പൊതുചടങ്ങിൽ ആർഎസ്എസ് നേതാവ് പ്രഖ്യാപിച്ചു. ആർഎസ്എസിന്റെ മുതിർന്ന നേതാക്കളും എംപിയും എംഎൽഎയും പങ്കെടുത്ത ചടങ്ങിലായിരുന്നു കൊലവിളി പ്രഖ്യാപനം. കഴിഞ്ഞ മാസം ഭോപ്പാലിലെത്തിയ പിണറായിയെ സംഘപരിവാർ തടയാനും മറ്റും ശ്രമിച്ചിരുന്നു.

ഉജ്ജയിനിയിലെ ആർഎസ്എസ് പ്രമുഖ് ആണ് ഡോ.ചന്ദ്രാവത്. ഉജ്ജയിനിയിലെ ഒരു പൊതുപരിപാടിയിലായിരുന്നു പരസ്യമായ കൊലവിളി. എം.പി ചിന്താമണി മാളവ്യ, മോഹൻ യാദവ് എംഎൽഎ എന്നീ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പിണറായി വിജയന്റെ തലയ്ക്കു വിലയിട്ടു കൊണ്ട് ചന്ദ്രാവത് ഈ പ്രഖ്യാപനം നടത്തിയത്. ഒരു പ്രാദേശിക ചാനലാണ് ആദ്യം ഈ വാർത്ത പുറത്തുവിട്ടത്. തൊട്ടുപിന്നാലെ മറ്റു ദേശീയ മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തു. ഇപ്പോൾ ദേശീയ മാധ്യമങ്ങളുടെ എല്ലാം പ്രധാന വാർത്ത ഇതാണ്. പിണറായി വിജയൻ തുടർച്ചയായി നടത്തുന്ന സംഘപരിവാർ വിമർശനങ്ങളിലുള്ള അസഹിഷ്ണുതയാണ് കൊലവിളിക്കു പിന്നിലെന്നു വ്യക്തമാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here