എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം: മാധ്യമങ്ങളിലെ വാര്‍ത്തകള്‍ തെറ്റാണെന്ന് കോടിയേരി ബാലകൃഷ്ണന്‍; ഏപ്രില്‍ ഒന്നിനുമുമ്പ് നയം പ്രഖ്യാപിക്കും

തിരുവനന്തപുരം: ഇടതുമുന്നണി സര്‍ക്കാരിന്റെ മദ്യനയം സംബന്ധിച്ച് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഐഎംസംസ്ഥാന സെക്രട്ടറിയേറ്റ് അത്തരത്തില്‍ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും അദേഹം പറഞ്ഞു.
‘ഇടതുമുന്നണി സര്‍ക്കാരിന്റെ മദ്യനയം സംബന്ധിച്ച് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ തീര്‍ത്തും തെറ്റാണ്. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അത്തരത്തില്‍ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. വാര്‍ത്ത വന്ന മാധ്യമത്തിന്റെ ലേഖകനെ ആരോ പറ്റിച്ചതാണ്. ‘

‘മദ്യനയം സംബന്ധിച്ച് എല്‍ഡിഎഫ് തീരുമാനമെടുക്കും. യുഡിഎഫ് എങ്ങനെയാണ് മദ്യനയം രൂപീകരിച്ചതെന്ന് ബാര്‍ കോഴ അഴിമതി പുറത്തുവന്നതിലൂടെ എല്ലാവരും കണ്ടതാണ്. അത്തരത്തില്‍ അഴിമതിക്ക് ഇട നല്‍കുന്ന ഒരു നയമായിരിക്കില്ല എല്‍ഡിഎഫിന്റേത്. എല്‍ഡിഎഫ് യോഗം ചര്‍ച്ച ചെയ്ത് നയം തീരുമാനിക്കും. ഏപ്രില്‍ ഒന്നിനുമുമ്പ് നയം പ്രഖ്യാപിക്കും. മദ്യ ഉപഭോഗം സംബന്ധിച്ച് വിവിധ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ടൂറിസം വകുപ്പ് നടത്തിയ പഠനവുമുണ്ട്. പാതയോര മദ്യശാലകള്‍ വിലക്കിയ സുപ്രീംകോടതി ഉത്തരവുണ്ട്. ഈ വിധി ബാറുകള്‍ക്ക് ബാധകമല്ലെന്ന് അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കിയതായി ഇപ്പോള്‍ റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്ത് മാത്രമായിരിക്കും നയം തയ്യാറാക്കുക.

‘ഇത് സംബന്ധിച്ച് മാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്കും ചോദ്യങ്ങള്‍ക്കും മറുപടി പറയാന്‍ ഞാന്‍ ബാധ്യസ്ഥനല്ല. ഈ നയം സംബന്ധിച്ച് അന്തിമ രൂപീകരണം എല്‍ഡിഎഫിന്റേതാണ്. ആ അധികാരം കവര്‍ന്നെടുക്കാന്‍ ഞാന്‍ ആളല്ല.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News