തിരുവനന്തപുരം: സിപിഐഎമ്മിനോട് കളിച്ചാല്‍ ആര്‍എസ്എസിനെ കളി പഠിപ്പിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസ് പിണറായി വിജയന്റെ രോമത്തില്‍ പോലും തൊടില്ലെന്നും കൊലവിളി നടത്തിയ കുന്ദന്‍ ചന്ദ്രാവതിനെ അറസ്റ്റ് ചെയ്യണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
കുന്ദന്റെ കൊലവിളി പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി-ആര്‍എസ്എസ് കേന്ദ്രനേതൃത്വങ്ങളും നിലപാട് വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
പിണറായി വിജയന്റെ തലയെടുക്കുന്നവന് ഒരു കോടി രൂപ പാരിതോഷികം നല്‍കുമെന്നാണ് ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത്തിന്റെ പ്രഖ്യാപനം. ആര്‍എസ്എസിന്റെ മുതിര്‍ന്ന നേതാക്കളും എംപിയും എംഎല്‍എയും പങ്കെടുത്ത ചടങ്ങിലായിരുന്നു കൊലവിളി പ്രഖ്യാപനം. എം.പി ചിന്താമണി മാളവ്യ, മോഹന്‍ യാദവ് എംഎല്‍എ എന്നീ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പിണറായി വിജയന്റെ തലയ്ക്കു വിലയിട്ടു കൊണ്ട് ചന്ദ്രാവത് ഈ പ്രഖ്യാപനം നടത്തിയത്.
ഗോധ്രയില്‍ പക വീട്ടിയതുപോലെ കേരളത്തിലെ കൊലപാതകങ്ങള്‍ക്കും പകരം വീട്ടുമെന്നും കുന്ദന്‍ പ്രസംഗത്തില്‍ പറയുന്നു. ‘ഗോധ്ര മറന്നുപോയോ. 56 പേരെയാണ് അവര്‍ കൊന്നത്. ഇതേ ഹിന്ദുസമൂഹം രണ്ടായിരം പേരെ കബറിസ്ഥാനിലെത്തിച്ചു മണ്ണിട്ടുമൂടി. 300 പ്രചാരകന്മാരെയാണ് നിങ്ങള്‍ കൊന്നിരിക്കുന്നത്. ഇടതന്മാരേ കേട്ടോളൂ. മൂന്നുലക്ഷം തലകള്‍ ഭാരതമാതാവിനെ അണിയിക്കും.’
കൊലവിളി നടത്തിയ യോഗത്തിനുശേഷം മാധ്യമങ്ങള്‍ക്കു മുമ്പിലും ചന്ദ്രാവത് തന്റെ പ്രഖ്യാപനം ആവര്‍ത്തിച്ചു. ‘ഞാന്‍ എന്റെ വാക്കുകളില്‍ ഉറച്ചുനില്‍ക്കുന്നു. ഭാരത പുത്രനായതുകൊണ്ടാണ് ഞാനിതു പറഞ്ഞത്. എന്തു സംഭവിച്ചാലും ഭാരതപുത്രനെന്ന നിലയില്‍ നേരിടാന്‍ തയ്യാറാണ്.’
ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത്തിന്റെ കൊലവിളിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ പുച്ഛിച്ച് തള്ളി. ആര്‍എസ്എസ് പലരുടെയും തല എടുത്തിട്ടുണ്ട്. അതുകൊണ്ട് നമുക്ക് വഴി നടക്കാതിരിക്കാന്‍ ആവില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. പ്രസ്താവന ആര്‍എസ്എസിന്റെ യഥാര്‍ഥ നിറം വെളിപ്പെടുത്തുന്നതാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഒരു ഭീകര സംഘടന എന്ന നിലയില്‍ ആര്‍എസ്എസ് അതിന്റെ യഥാര്‍ഥ നിറങ്ങള്‍ വെളിപ്പെടുത്തുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കോ കേന്ദ്രസര്‍ക്കാരിനോ അവരുടെ വാ മൂടിക്കെട്ടാന്‍ സാധിക്കുമോയെന്നും യെച്ചൂരി ചോദിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here