കോഴിക്കോട്: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പികെ കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം പ്രതീക്ഷിച്ച വിധിയാണെന്ന് ജിഷ്ണുവിന്റെ ബന്ധുക്കള്‍. കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ തങ്ങളുടെ കുടുംബത്തിന് എല്ലാ വിധ സഹായവും നല്‍കിയിട്ടുണ്ടെന്നും ജിഷ്ണുവിന്റെ അമ്മാവന്‍ പറഞ്ഞു.

കൃഷ്ണദാസിനെതിരായ തെളിവുകള്‍ നശിപ്പിച്ചെന്നും ജിഷ്ണുവിന്റെ കുടുംബം ആരോപിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കൃഷ്ണദാസിന്റെ പങ്കിന് തെളിവാണെന്നും തെളിവു നശിപ്പിച്ച പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. കേസ് അട്ടിമറിക്കാന്‍ റൂറല്‍ എസ്പിയടക്കം ശ്രമിച്ചുവെന്നും ബന്ധുക്കള്‍ ആരോപിച്ചു. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ കര്‍ശനനടപടി വേണമെന്നും ഇനിയൊരു ജിഷ്ണു ഉണ്ടാവാതിരിക്കാന്‍ എല്ലാവരും ഒന്നിച്ച് പ്രതികരിക്കണമെന്നും ജിഷ്ണുവിന്റെ അമ്മാവന്‍ ആവശ്യപ്പെട്ടു.

ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്ന് മാതാവ് മഹിജ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനെ തിരുവനന്തപുരത്ത് പോയി കാണുമെന്നും എല്ലാം വിഷയങ്ങളും സംസാരിക്കുമെന്നു മഹിജ പറഞ്ഞു.

അതേസമയം, കേസിലെ രണ്ടാം പ്രതി സഞ്ജിത് വിശ്വനാഥിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അപേക്ഷ തളളിയത്. പ്രതിക്ക് ജാമ്യം നല്‍കിയാല്‍ കേസിനെ സ്വാധീനിക്കുമെന്ന് കോടതി നിരീക്ഷിച്ചു.