മുഖ്യമന്ത്രിക്കെതിരായ കൊലവിളി; പ്രതിഷേധങ്ങള്‍ ശക്തമായതോടെ വിശദീകരണവുമായി ആര്‍എസ്എസ്; കുന്ദന്റേത് ആര്‍എസ്എസ് അഭിപ്രായമല്ലെന്ന് ജെ. നന്ദകുമാര്‍

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയനെതിരെയുണ്ടായ കൊലവിളി ആര്‍എസ്എസിന്റെ അഭിപ്രായമല്ലെന്ന് ആര്‍എസ്എസ് നേതാവ് ജെ. നന്ദകുമാര്‍. കുന്ദന്‍ ചന്ദ്രാവത് പ്രകടിപ്പിച്ച വികാരം ആര്‍എസ്എസിന്റേതല്ലെന്നും പരാമര്‍ശത്തെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നെന്നും നന്ദകുമാര്‍ അറിയിച്ചു.

പിണറായി വിജയനെതിരെയുണ്ടായ കൊലവിളിയില്‍ വിവിധതലത്തില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നതോടെയാണ് ആര്‍എസ്എസ് വിശദീകരണവുമായി രംഗത്തെത്തിയത്. കേരളത്തില്‍ അഴിച്ചുവിട്ടിരിക്കുന്ന സംഘര്‍ഷത്തിന്റെയും ഭീകരതയുടെയും രാഷ്ട്രീയത്തിനു പിന്നില്‍ ആര്‍എസ്എസാണെന്ന് ഇതോടെ സ്ഥിരീകരിക്കപ്പെട്ടിരിക്കയാണെന്ന് സിപിഐഎം പിബി വ്യക്തമാക്കി. ഇക്കാര്യത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി നിയമാനുസൃത നടപടി എടുക്കണം. സര്‍ക്കാരുകള്‍ പുലര്‍ത്തുന്ന നിശബ്ദതയാണ് ഇത്രയും നിന്ദ്യമായ ഭീഷണികള്‍ ഉയര്‍ത്താന്‍ ആര്‍എസ്എസിന് ശക്തി പകരുന്നതെന്ന് പിബി പ്രസ്താവനയില്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി നടത്തിയ ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവതിനെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ആര്‍എസ്എസ് ഫാസിസ്റ്റുകളുടെ കൊലവിളി അങ്ങേയറ്റം അപലപനീയമാണെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം, കുന്ദന്റെ കൊലവിളിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ പുച്ഛിച്ച് തള്ളി. ആര്‍എസ്എസ് പലരുടെയും തല എടുത്തിട്ടുണ്ട്. അതുകൊണ്ട് നമുക്ക് വഴി നടക്കാതിരിക്കാന്‍ ആവില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. പ്രസ്താവന ആര്‍എസ്എസിന്റെ യഥാര്‍ഥ നിറം വെളിപ്പെടുത്തുന്നതാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഒരു ഭീകര സംഘടന എന്ന നിലയില്‍ ആര്‍എസ്എസ് അതിന്റെ യഥാര്‍ഥ നിറങ്ങള്‍ വെളിപ്പെടുത്തുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കോ കേന്ദ്രസര്‍ക്കാരിനോ അവരുടെ വാ മൂടിക്കെട്ടാന്‍ സാധിക്കുമോയെന്നും യെച്ചൂരി ചോദിച്ചു.
പിണറായി വിജയന്റെ തലയെടുക്കുന്നവന് ഒരു കോടി രൂപ പാരിതോഷികം നല്‍കുമെന്നാണ് ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത്തിന്റെ പ്രഖ്യാപനം. ആര്‍എസ്എസിന്റെ മുതിര്‍ന്ന നേതാക്കളും എംപിയും എംഎല്‍എയും പങ്കെടുത്ത ചടങ്ങിലായിരുന്നു കൊലവിളി പ്രഖ്യാപനം. എം.പി ചിന്താമണി മാളവ്യ, മോഹന്‍ യാദവ് എംഎല്‍എ എന്നീ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പിണറായി വിജയന്റെ തലയ്ക്കു വിലയിട്ടു കൊണ്ട് ചന്ദ്രാവത് ഈ പ്രഖ്യാപനം നടത്തിയത്.

ഗോധ്രയില്‍ പക വീട്ടിയതുപോലെ കേരളത്തിലെ കൊലപാതകങ്ങള്‍ക്കും പകരം വീട്ടുമെന്നും കുന്ദന്‍ പ്രസംഗത്തില്‍ പറയുന്നു. ‘ഗോധ്ര മറന്നുപോയോ. 56 പേരെയാണ് അവര്‍ കൊന്നത്. ഇതേ ഹിന്ദുസമൂഹം രണ്ടായിരം പേരെ കബറിസ്ഥാനിലെത്തിച്ചു മണ്ണിട്ടുമൂടി. 300 പ്രചാരകന്മാരെയാണ് നിങ്ങള്‍ കൊന്നിരിക്കുന്നത്. ഇടതന്മാരേ കേട്ടോളൂ. മൂന്നുലക്ഷം തലകള്‍ ഭാരതമാതാവിനെ അണിയിക്കും.’

കൊലവിളി നടത്തിയ യോഗത്തിനുശേഷം മാധ്യമങ്ങള്‍ക്കു മുമ്പിലും ചന്ദ്രാവത് തന്റെ പ്രഖ്യാപനം ആവര്‍ത്തിച്ചു. ‘ഞാന്‍ എന്റെ വാക്കുകളില്‍ ഉറച്ചുനില്‍ക്കുന്നു. ഭാരത പുത്രനായതുകൊണ്ടാണ് ഞാനിതു പറഞ്ഞത്. എന്തു സംഭവിച്ചാലും ഭാരതപുത്രനെന്ന നിലയില്‍ നേരിടാന്‍ തയ്യാറാണ്.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News