സൈന്യത്തിലെ തൊഴില്‍പീഡനം വെളിപ്പെടുത്തിയ മലയാളി സൈനികന്‍ മരിച്ചനിലയില്‍; ദുരൂഹതയുണ്ടെന്ന് ബന്ധുക്കളുടെ ആരോപണം

കൊല്ലം: കരസേനയില്‍ തൊഴില്‍ പീഡനമുണ്ടെന്ന് ആരോപിച്ച മലയാളി സൈനികന്‍ മരിച്ച നിലയില്‍. നാസികില്‍ ജോലി ചെയ്തിരുന്ന കൊല്ലം സ്വദേശി റോയ് മാത്യുവിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. നാസിക്കിന് സമീപത്തെ ഒരു തീര്‍ത്ഥാടന കേന്ദ്രത്തില്‍ നിന്നാണ് റോയ് മാത്യുവിന്റെ മൃതദേഹം കണ്ടെത്തിയത്. റോയിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.

മേലുദ്യോഗസ്ഥര്‍ സൈനികരെ പീഡിപ്പിക്കുന്നെന്ന ആരോപണം ഉന്നയിച്ചതിന് പിന്നാലെ റോയ് മാത്യുവിനെക്കുറിച്ച് ബന്ധുക്കള്‍ക്ക് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഉദ്യോഗസ്ഥര്‍ സൈനികരെ പീഡിപ്പിക്കുന്നെന്ന വാര്‍ത്തകള്‍ പ്രദേശിക ചാനല്‍ വഴിയാണ് പുറത്തുവന്നത്. ആ റിപ്പോര്‍ട്ടില്‍ റോയ് മാത്യുവും സംസാരിക്കുന്ന ദൃശ്യങ്ങളുണ്ടായിരുന്നു. വീടുപണിക്ക് മുതല്‍ ഷൂ പോളിഷ് ചെയ്യാന്‍ വരെ ഉയര്‍ന്ന ഉദ്ദ്യോഗസ്ഥര്‍ സൈനികരെയാണ് ഉപയോഗിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതിന് ശേഷം സൈനികര്‍ക്ക് നേരെ ഉദ്യോഗസ്ഥര്‍ പ്രതികാരനടപടികള്‍ സ്വീകരിക്കുകയായിരുന്നെന്നാണ് ആരോപണം.

റോയിയുടെ വിവരങ്ങളൊന്നും ലഭിക്കാതെയായതോടെ ബന്ധുക്കള്‍ സൈനിക ഉദ്യോഗസ്ഥരിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് റോയ് മാത്യുവിനെ മേലുദ്യോഗസ്ഥര്‍ തടവിലാക്കിയെന്നാരോപിച്ച് ബന്ധുക്കള്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് റോയി മരിച്ചെന്ന വിവരം ബന്ധുക്കള്‍ക്ക് ലഭിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here