ആളുകളുടെ തല കൊയ്യുന്ന ഐഎസിന്റെ ഇന്ത്യന്‍ പതിപ്പാണ് ആര്‍എസ്എസ്; പിണറായിയെ ഇല്ലായ്മ ചെയ്യാമെന്നുള്ളത് ആര്‍എസ്എസിന്റെ വ്യാമോഹം മാത്രമെന്ന് ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന ആര്‍എസ്എസ് നേതാവിന്റെ ഭീഷണി അപലപനീയമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റ്. കേരളത്തില്‍ വര്‍ഗീയതയുടെ തേര് തെളിക്കാന്‍ ആര്‍എസ്എസ് നടത്തുന്ന ഏതു നീക്കവും കേരളീയ യുവത്വം ചെറുത്തുതോല്‍പ്പിക്കുമെന്നും ഡിവൈഎഫ്‌ഐ അറിയിച്ചു.

പിണറായി വിജയന്റെ തല വെട്ടി എടുക്കുന്നവര്‍ക്ക് ഒരു കോടി രൂപയാണ് ആര്‍എസ്എസ് വാഗ്ദാനം ചെയ്തിട്ടുള്ളത്. ആളുകളുടെ തല കൊയ്യുന്ന ഐഎസിന്റെ ഇന്ത്യന്‍ പതിപ്പാണ് ആര്‍എസ്എസ്. തങ്ങള്‍ക്കെതിരായി പ്രതികരിക്കുന്നവരെയെല്ലാം കൊലപ്പെടുത്തുന്ന നയമാണ് പിന്തുടരുന്നത്. പന്‍സാരെയും കലബുര്‍ഗിയും ധാബോല്‍ക്കറുമെല്ലാം സംഘപരിവാറിന്റെ കൊലക്കത്തിക്ക് ഇരയായവരാണ്. ഫാസിസ്റ്റ് വിരുദ്ധ ചേരിക്ക് കേരളത്തില്‍ നേതൃത്വം നല്‍കുന്നത് മുഖ്യമന്ത്രിയായ പിണറായി വിജയനാണ്. പിണറായിയെ ഇല്ലായ്മ ചെയ്യാമെന്നുള്ളത് ആര്‍എസ്എസിന്റെ വ്യാമോഹം മാത്രമാണെന്നും ഡിവൈഎഫ്‌ഐ പറഞ്ഞു.

പിണറായി വിജയന്റെ തലയെടുക്കുന്നവനു ഒരു കോടി രൂപ പാരിതോഷികം നല്‍കുമെന്നായിരുന്നു ആര്‍എസ്എസ് നേതാവ് കുന്ദന്റെ പ്രഖ്യാപനം. ആര്‍എസ്എസിന്റെ മുതിര്‍ന്ന നേതാക്കളും എംപിയും എംഎല്‍എയും പങ്കെടുത്ത ചടങ്ങിലായിരുന്നു കൊലവിളി പ്രഖ്യാപനം.

ഗോധ്രയില്‍ പക വീട്ടിയതുപോലെ കേരളത്തിലെ കൊലപാതകങ്ങള്‍ക്കും പകരം വീട്ടുമെന്നും കുന്ദന്‍ പ്രസംഗത്തില്‍ പറയുന്നു.
‘ഗോധ്ര മറന്നുപോയോ. 56 പേരെയാണ് അവര്‍ കൊന്നത്. ഇതേ ഹിന്ദുസമൂഹം രണ്ടായിരം പേരെ കബറിസ്ഥാനിലെത്തിച്ചു മണ്ണിട്ടുമൂടി. 300 പ്രചാരകന്മാരെയാണ് നിങ്ങള്‍ കൊന്നിരിക്കുന്നത്. ഇടതന്മാരേ കേട്ടോളൂ. മൂന്നുലക്ഷം തലകള്‍ ഭാരതമാതാവിനെ അണിയിക്കും.’

കൊലവിളി നടത്തിയ യോഗത്തിനുശേഷം മാധ്യമങ്ങള്‍ക്കു മുമ്പിലും ചന്ദ്രാവത് തന്റെ പ്രഖ്യാപനം ആവര്‍ത്തിച്ചു. ‘ഞാന്‍ എന്റെ വാക്കുകളില്‍ ഉറച്ചുനില്‍ക്കുന്നു. ഭാരത പുത്രനായതുകൊണ്ടാണ് ഞാനിതു പറഞ്ഞത്. എന്തു സംഭവിച്ചാലും ഭാരതപുത്രനെന്ന നിലയില്‍ നേരിടാന്‍ തയ്യാറാണ്.

എന്നാല്‍ ആര്‍എസ്എസിന്റെ ഭീഷണിയെ പുഞ്ചിരിയോടെയാണ് മുഖ്യമന്ത്രി നേരിട്ടത്. ആര്‍എസ്എസ് തലയെടുക്കുന്നവരാണെങ്കിലും തനിക്ക് യാത്ര മുടക്കാന്‍ കഴിയില്ലെന്നാണ് പിണറായി വിജയന്‍ പ്രതികരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News